കത്രീനയാണ് ബുദ്ധിമതി, അപകടം അന്നേ മനസിലാക്കി; രൺബീറിനെ ആശിച്ച് നേടിയ ആലിയ; വിമർശനം
ഋഷി കപൂറിന്റെ മകൻ, മികച്ച അഭിനേതാവ് തുടങ്ങി ബോളിവുഡ് നടൻ രൺബീർ കപൂറിന് വിശേഷണങ്ങൾ ഏറെയുണ്ട്. എന്നാൽ ഇക്കാരണങ്ങളാലല്ല രൺബീർ പലപ്പോഴും വാർത്തകളിൽ നിറയുന്നത്. രൺബീറിനെ പോലെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച യുവ നടൻമാർ കുറവാണ്. നടന്റെ പ്രണയങ്ങളും പ്രണയത്തകർച്ചകളും വിവാഹവുമെല്ലാം വലിയ തോതിൽ ചർച്ചയായതാണ്. നടി ആലിയ ഭട്ടിനെയാണ് രൺബീർ വിവാഹം ചെയ്തത്.
ഏറെ നാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. രൺബീറിനെ തന്റെ പങ്കാളിയായി ലഭിക്കണമെന്ന് ആലിയ വളരെക്കാലമായി ആഗ്രഹിച്ചതാണ്. സിനിമയിലേക്ക് വന്ന കാലം മുതൽ രൺബീറിനോടുള്ള ഇഷ്ടം ആലിയ തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ അന്ന് നടൻ കത്രീന കൈഫുമായി പ്രണയത്തിലാണ്. കത്രീനയുമായി അകന്ന ശേഷം ആലിയയുമായി രൺബീർ പ്രണയത്തിലായി.

ബന്ധത്തിൽ രൺബീർ ആത്മാർത്ഥ കാണിക്കാത്തതാണ് കത്രീന അകലാൻ കാരണമായതെന്നാണ് ബി ടൗണിലെ സംസാരം. ബ്രേക്കപ്പിന് ശേഷം വിക്കി കൗശലുമായി അടുത്ത കത്രീന നടനെ വിവാഹവും ചെയ്തു. രൺബീറാകട്ടെ ആലിയക്കൊപ്പം സന്തോഷകരമായി ജീവിച്ചു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി രൺബീറിനെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.
ടോക്സിക്കായ വ്യക്തിയാണ് രൺബീറെന്നും ഭാര്യയ്ക്ക് ബഹുമാനം നൽകുന്നില്ലെന്നുമാണ് വിമർശനം. അടുത്തിടെ ആലിയ പറഞ്ഞ വാക്കുകളാണ് ഈ വിമർശനം ഉയരാൻ കാരണമായത്. താൻ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് രൺബീറിന് ഇഷ്ടമല്ലെന്നും മായ്ച്ച് കളയാൻ ആവശ്യപ്പെടുമെന്നും ആലിയ പറഞ്ഞു. പരാമർശം വലിയ തോതിൽ ചർച്ചയായി. ഇതിന് മുമ്പ് താൻ ശബ്ദമുയർത്തി സംസാരിക്കുന്നത് രൺബീറിന് ഇഷ്ടമല്ലെന്നും ആലിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വാക്കുകളും വിവാദത്തോടൊപ്പം കൂട്ടി വായിക്കപ്പെട്ടു.

കടുത്ത പ്രണയത്തിലായ ആലിയയ്ക്ക് രൺബീറിന്റെ ടോക്സിക് സ്വഭാവം മനസിലാകുന്നില്ലെന്നും ആലിയക്കൊപ്പം നിരാശയുള്ള മുഖത്തോടെയാണ് രൺബീറിനെ എപ്പോഴും കാണാറെന്നും പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. ഇതിനിടെ മുൻ കാമുകി കത്രീന കൈഫിനോടുള്ള രൺബീറിന്റെ പെരുമാറ്റവും ചർച്ചയായി. 2017 ൽ ജഗ ജസൂസ് എന്ന സിനിമയ്ക്കിടെയാണ് കത്രീനയും രൺബീറും പിരിയുന്നത്.
ബ്രേക്കപ്പ് ആയെങ്കിലും സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് ഇരുവരും ഒരുമിച്ചെത്തി. എന്നാൽ ഇവർ തമ്മിലുള്ള അകൽച്ച അഭിമുഖങ്ങളിൽ പ്രകടമായിരുന്നു. ഒരു അഭിമുഖത്തിൽ കത്രീനയെ സംസാരിക്കാൻ അനുവദിക്കാതെ രൺബീർ ഇടയിൽ കയറി സംസാരിച്ചു. കത്രീന ഇത് ചൂണ്ടിക്കാണിച്ചെങ്കിലും രൺബീർ കാര്യമാക്കിയില്ല. വർഷങ്ങൾക്ക് മുമ്പുള്ള മറ്റൊരു അഭിമുഖത്തിൽ കത്രീനയോട് ദ്വയാർത്ഥത്തിൽ രൺബീർ സംസാരിക്കുന്നതും കാണാം.
ഇപ്പോഴത്തെ ചർച്ചകൾക്കിടെ ഈ വീഡിയോകൾ വീണ്ടും വൈറലാകുന്നുണ്ട്. അക്കാലത്ത് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം കത്രീനയോട് രൺബീറിന്റെ കുടുംബത്തിനും വലിയ മതിപ്പ് ഇല്ലായിരുന്നു. പ്രണയ ബന്ധം മുന്നോട്ട് പോകാത്തതിൽ ഇതും ഒരു പ്രധാന കാരണമാണ്. ആറ് വർഷം രൺബീറിനൊപ്പം ജീവിച്ച കത്രീന ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസ്സിലാക്കി അകന്നെന്നാണ് അന്ന് വന്ന റിപ്പോർട്ട്.
കത്രീന ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനം ആണിതെന്ന് ആരാധകർ പറയുന്നു. കത്രീനയെക്കുറിച്ച് പൊതുവിടങ്ങളിൽ അഭിമാനത്തോടെയാണ് ഭർത്താവ് വിക്കി കൗശൽ സംസാരിക്കാറ്. ഇന്ന് ബി ടൗണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളിൽ ഇവരുമുണ്ട്. 2021 ഡിസംബർ മാസത്തിലാണ് കത്രീനയും വിക്കി കൗശലും വിവാഹിതരായത്. 2022 ഏപ്രിൽ മാസത്തിൽ ആലിയ ഭട്ടും രൺബീറും വിവാഹിതരായി. ഇരുവർക്കും രാഹ എന്ന മകളും പിറന്നു.


Click it and Unblock the Notifications