അമ്മായിയമ്മയ്ക്ക് തന്നെ ഇഷ്ടമായില്ല; പിന്നീട് ഞങ്ങൾ സംസാരിച്ചു; തുറന്ന് പറഞ്ഞ് രൺവീർ സിംഗ്
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് രൺവീർ സിംഗും ദീപിക പദുകോണും. ബി ടൗണിൽ ആഘോഷിക്കപ്പെടുന്ന രൺവീറും ദീപികയും 2018 ലാണ് വിവാഹിതരാകുന്നത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് താരങ്ങൾ കടക്കുന്നത്. 2012 ൽ രാം ലീല എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് രൺവീറും ദീപികയും പ്രണയത്തിലായത്. ഓൺസ്ക്രീനിൽ പ്രണയിതാക്കളായി അഭിനയിച്ച ഇരുവരും ഓഫ് സ്ക്രീനിലും അടുത്തു.
ഇവരുടെ അടുപ്പത്തെക്കുറിച്ച് രാം ലീലയിൽ ഒപ്പം അഭിനയിച്ച നടൻ ഗുൽഷൺ ദേവയ്യ പറഞ്ഞ വാക്കുകൾ അടുത്തിടെ ശ്രദ്ധ നേടി. ശാന്തയായി സെറ്റിലെത്തി അഭിനയിച്ച് പോകുന്ന നടിയായിരുന്നു ദീപിക. എന്നാൽ സിനിമയുടെ രണ്ടാം ഷെഡ്യൂൾ തുടങ്ങിയപ്പോഴേക്കും രൺവീറിന്റെ മടിയിൽ ഇരിക്കുന്ന ദീപികയെയാണ് താൻ കണ്ടതെന്ന് ഗുൽഷൺ ദേവയ്യ പറഞ്ഞു.

ദീപികയെ നേടാൻ വേണ്ടി രൺവീർ ഒരുപാട് പരിശ്രമിച്ചിരിക്കാമെന്നും നടൻ അഭിപ്രായപ്പെട്ടു. കരിയറിൽ ദീപികയുടെ ജൂനിയറാണ് രൺവീർ സിംഗ്. താര ദമ്പതികളുടെ പെരുമാറ്റത്തിലെ വ്യത്യസ്തതയും ആരാധകർ എടുത്ത് പറയാറുണ്ട്. ശാന്തസ്വഭാവക്കാരിയാണ് ദീപിക പദുകോൺ. രൺവീർ ആകട്ടെ വാ തോരാതെ സംസാരിക്കുന്ന ഊർജസ്വലനായ നടനും. രണ്ട് പേരുടെയും കുടുംബത്തിന്റെ സമ്മതത്തോടെയാണ് 2018 ൽ ആഘോഷപൂർവം വിവാഹം നടന്നത്.
ഇപ്പോഴിതാ ദീപികയുടെ അമ്മ ഉജ്വല പദുകോണിനെക്കുറിച്ച് സംസാരിക്കുകയാണ് രൺവീർ. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ദീപികയുടെ അമ്മയ്ക്ക് ആദ്യം തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ലെന്ന് രൺവീർ തുറന്ന് പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് സമയം ചെലവഴിച്ച ശേഷം പരസ്പരം മനസ്സിലാക്കാനായി. ഞാനൊരു നല്ല വ്യക്തിയാണെന്ന് അവർക്ക് മനസ്സിലായി. ഇപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് അമ്മായിയമ്മ. അവർക്ക് തിരിച്ച് അങ്ങനെത്തന്നെയാണെന്നും രൺവീർ സിംഗ് വ്യക്തമാക്കി.

പുതിയ ചിത്രം റോക്കി ഓർ റാണി കി പ്രേം കഹാനിയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കവെയാണ് രൺവീർ ഇക്കാര്യം തുറന്ന് പറഞ്ഞത്. ദീപികയുടെ സഹോദരി അനിഷ പദുകോണും രൺവീർ സിംഗിന്റെ നല്ല സുഹൃത്താണ്. രാം ലീല, ബാജിരാവോ മസ്താനി, പത്മാവത്, 83 എന്നീ സിനിമകളിൽ ദീപികയും രൺവീറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതിൽ 83 എന്ന സിനിമ മാത്രമാണ് കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയത്.
റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് രൺവീർ സിംഗ്. സർക്കസ് എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം വന്ന സിനിമ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ 45 കോടി രൂപ റോക്കി ഓർ റാണി കി പ്രേം കഹാനി കലക്ട് ചെയ്തു. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ഗള്ളി ബോയ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആലിയയും രൺവീറും ഒരുമിച്ച് അഭിനയിച്ച സിനിമ കൂടിയാണ് റോക്കി ഓർ റാണി കീ പ്രേം കഹാനി.
കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ ഷബാന ആസ്മി, ധർമ്മേന്ദ്ര, ജയ ബച്ചൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. മറുവശത്ത് ദീപിക പദുകോൺ തന്റെ സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണ്. പഠാൻ ആണ് ദീപികയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കൽകി 2898 എഡി, ഫൈറ്റർ എന്നീ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഫെെറ്ററിൽ ഹൃതിക് റോഷനൊപ്പവും കൽകി 2898 എഡിയിൽ പ്രഭാസിനൊപ്പവുമാണ് ദീപിക അഭിനയിക്കുന്നത്.


Click it and Unblock the Notifications