'ഓരോ വട്ടവും ഓരോ കഥകൾ, പിആർ വർക്ക് പൊളിഞ്ഞ് യാഥാർത്ഥ്യം പുറത്ത് വന്നു'; രൺവീറിനെതിരെ വ്യാപക വിമർശനം
സോഷ്യൽ മീഡിയയുടെ കാലത്ത് കരുതലോടെ സംസാരിച്ചില്ലെങ്കിൽ ഏത് സൂപ്പർ താരത്തിനും വിനയാകും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദീപിക പദുകോണും രൺവീർ സിംഗും. വൻ ആരാധക വൃന്ദമുള്ള ഇരുവരും കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെടുകയാണ്. കോഫി വിത്ത് കരൺ എന്ന ഷോയിൽ ദീപിക പദുകോൺ നടത്തിയ തുറന്ന് പറച്ചിലാണ് ഇതിന് കാരണമായത്.
പ്രണയത്തിന്റെ തുടക്കനാളുകളിൽ ഓപ്പൺ റിലേഷനിലായിരുന്നെന്നും മറ്റ് ചിലരെ ഡേറ്റ് ചെയ്തിരുന്നെന്നും ദീപിക തുറന്ന് പറഞ്ഞു. ഡേറ്റിംഗിന് പോയെങ്കിലും മനസിൽ താൻ രൺവീറുമായി കമ്മിറ്റായിരുന്നെന്നും താരം വ്യക്തമാക്കി. പരാമർശം വലിയ തോതിൽ ചർച്ചയായി. ദീപികയ്ക്ക് നേരെ കുറ്റപ്പെടുത്തലുകളും വന്നു. എന്നാൽ നടി ഇതൊന്നും കാര്യമാക്കിയില്ല. മറുവശത്ത് രൺവീർ സിംഗും പരിഹസിക്കപ്പെട്ടു.

ദീപികയെ ഇത്രമാത്രം സ്നേഹിച്ചിട്ടും നടിയുടെ പ്രഥമ പരിഗണന രൺവീർ അല്ലെന്നാണ് ഉയർന്ന് വന്ന വിമർശനം. ഇപ്പോഴിതാ മറ്റൊരു വിഷയത്തിലാണ് രൺവീറിനെതിരെ ട്രോളുകൾ വരുന്നത്. ദീപികയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് രൺവീർ സംസാരിക്കുന്ന ഒന്നിലേറെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇവയോരോന്നിലും ഓരോ കഥയാണ് രൺവീർ പറയുന്നത്. പിറന്നാളിന് മാതാപിതാക്കളോടൊപ്പം ഒരു റെസ്റ്റോറന്റിൽ പോയപ്പോഴാണ് ദീപികയെ ആദ്യമായി കാണുന്നതെന്നാണ് ഒരു വീഡിയോയിൽ പറയുന്നത്.
മറ്റൊരു വീഡിയോയിൽ പറയുന്നതാകട്ടെ ഒരു അവാർഡ് ഫങ്ഷനിൽ വെച്ചാണ് കാണുന്നതെന്നും. ഏറ്റവും ഒടുവിലായി കോഫി വിത്ത് കരണിൽ പറഞ്ഞത് മറ്റൊരു കഥയാണ്. രൺവീർ പറയുന്നതൊന്നും വിശ്വാസ്യയോഗ്യമല്ലെന്ന് സോഷ്യൽ മീഡിയ വാദിക്കുന്നു. താരത്തിന് നേരെ ട്രോളുകളും വന്നു. എന്ത് കഥ പറഞ്ഞാലും പ്രശ്നമില്ല, കാരണം മറ്റുള്ളവരുമായി ഡേറ്റിംഗിലായതിനാൽ ദീപികയ്ക്ക് ഓർമ്മയുണ്ടാകില്ലെന്നാണ് ഒരാളുടെ കമന്റ്. പിആർ വർക്കുകളിലൂടെ ദീപികയും രൺവീറും ഉണ്ടാക്കിയ ഇമേജ് തകർന്ന് തുടങ്ങിയെന്നും പലരും കമന്റ് ചെയ്തു.

ബോളിവുഡിൽ ഏറ്റവും കൂടുതൽ പിആർ വർക്കുള്ള നടിമാരിൽ ഒരാളാണ് ദീപിക. നടിയുടെ ഒട്ടനവധി ഫാൻ പേജുകൾ സജീവമാണ്. എന്നാൽ ഇപ്പോൾ വരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ ആരാധകർക്കും ഒരുപിരിധി വരെ കഴിയുന്നില്ല. കോഫി വിത്ത് കരണിന് ശേഷം താര ദമ്പതികൾക്ക് നേരെ സൈബറാക്രമണം രൂക്ഷമാണ്. 2018 ലാണ് ദീപികയും രൺവീറും വിവാഹിതരായത്.
2013 ൽ പുറത്തിറങ്ങിയ രാം ലീല എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പ്രണയത്തിലായത്. സിനിമ വൻ ഹിറ്റായി. ദീപികയും രൺവീറും തുടർന്ന് ബാജിരാവോ മസ്താനി, പദ്മാവത്, 83 എന്നീ സിനിമകളിലും ഒരുമിച്ച് അഭിനയിച്ചു.
വിവാദങ്ങൾക്കപ്പുറം കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ദീപികയും രൺവീറും ഇപ്പോഴുള്ളത്. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് ദീപിക പദുകോൺ. ജവാൻ എന്ന സിനിമയിലാണ് ഒടുവിലായി നടിയെ പ്രേക്ഷകർ കണ്ടത്. അതിഥി വേഷത്തിലാണ് ചിത്രത്തിൽ അഭിനയിച്ചതെങ്കിലും വൻ പ്രേക്ഷക പ്രശംസ ജവാനിലൂടെ താരത്തിന് ലഭിച്ചു.
പ്രതിഫലം വാങ്ങാതെയാണ് ഈ സിനിമയിൽ ദീപിക അഭിനയിച്ചത്. ഫൈറ്റർ, കൽകി എഡി 2898 എന്നിവയാണ് നടിയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ. ബൈജു ബാവ്രയാണ് രൺവീറിന്റെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ. സഞ്ജയ് ലീല ഭൻസാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications