അർധ സഹോദരങ്ങളുടെ വലിയൊരു നിര; രേഖയ്ക്ക് സ്വന്തമെന്ന് പറയാൻ ഒരേയൊരു അനിയത്തി
ഇന്ത്യൻ സിനിമയിൽ രേഖയെപ്പോലെ ചർച്ചയായ നായികനടിമാർ വിരളമാണ്. സിനിമയേക്കാൾ നാടകീയമായി നീങ്ങിയ രേഖയുടെ ജീവിതം ഇന്നും ആരാധകർക്ക് കൗതുകമാണ്. പഴയകാല സൂപ്പർതാരം ജെമിനി ഗണേശന്റെ മകളാണ് രേഖ. പക്ഷേ രേഖയെ മകളായി അംഗീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. അമ്മ പുഷ്പവല്ലിയാണ് രേഖയെ വളർത്തിയത്. സിനിമാ രംഗത്തേക്ക് കടന്ന് വന്ന ആദ്യ നാളുകളിൽ തന്റെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് രേഖ എവിടെയും തുറന്ന് പറഞ്ഞിരുന്നില്ല.
എഴുപതുകളുടെ പകുതിയോടെയാണ് ഈ വിവരങ്ങളെല്ലാം പുറത്ത് വരുന്നത്. രാധ, രേഖ എന്നീ രണ്ട് മക്കളാണ് പുഷ്പവല്ലിക്കും ജെമിനി ഗണേശനും പിറന്നത്. പുഷ്പവല്ലിയുമായി അകന്ന ജെമിനി ഗണേശൻ മക്കളെ ചെറുപ്പകാലത്ത് പൂർണമായും അവഗണിച്ചു. പിൽക്കാലത്ത് രേഖ മുൻനിര നായികയായി വളർന്നതും അച്ഛനുമായുള്ള അകൽച്ച കുറഞ്ഞതുമെല്ലാം ചരിത്രം. രേഖയെപ്പോലെ ലൈം ലൈറ്റിൽ അറിയപ്പെടുന്ന താരമായിരുന്നു സഹോദരി രാധയും. അക്കാലത്തെ പ്രമുഖ മോഡലായിരുന്നു രാധ. ചില തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

സിനിമകളേക്കാളും രാധയ്ക്ക് ഇഷ്ടം മോഡലിംഗ് ആയിരുന്നു. ഹിന്ദി സിനിമാ രംഗത്തേക്ക് കടക്കാൻ രാധയ്ക്ക് അവസരം ലഭിച്ചെങ്കിലും രാധ ഇതിന് തയ്യാറായില്ല. രാജ് കുമാർ നായകനായ ബോബി എന്ന സിനിമയിലേക്ക് ആദ്യം പരിഗണിച്ചത് രാധയെയാണ്. എന്നാൽ ഈ ഓഫർ സ്വീകരിക്കാൻ രാധ തയ്യാറായില്ല. ഒടുവിൽ ഡിംപിൾ കപാഡിയ ബോബിയിലെ നായികയായി. സിനിമ സൂപ്പർഹിറ്റായി. ഒരുപക്ഷെ ഈ സിനിമ ചെയ്തിരുന്നെങ്കിൽ ബോളിവുഡിലെ മുൻനിര നായികയായി രാധ മാറിയേനെ.
1981 ൽ കരിയർ വിട്ട രാധ വിവാഹിതയായി യുഎസിലേക്ക് പോയി. ബാല്യകാല സുഹൃത്തായ ഉസ്മാൻ സയീദിനെയാണ് രാധ വിവാഹം ചെയ്തത്. പ്രമുഖ സംവിധായകൻ എസ്എം അബ്ബാസിന്റെ മകനാണ് ഉസ്മാൻ സയീദ്. രാധയ്ക്കും ഉസ്മാൻ സയീദിന് രണ്ട് ആൺമക്കൾ പിറന്നു. ഇവരും ഇന്ന് വിവാഹം ചെയ്ത് കുടുംബമായി ജീവിക്കുന്നു.

രാധയെക്കൂടാതെ നിരവധി അർധസഹോദരങ്ങൾ രേഖയ്ക്കുണ്ട്. ഒന്നിലേറെ പങ്കാളികൾ രേഖയുടെ പിതാവ് ജെമിനി ഗണേശനുണ്ടായിരുന്നു. ആദ്യ ഭാര്യയിൽ നാല് പെൺമക്കൾ ജെമിനി ഗണേശന് ജനിച്ചു. ജെമിനി ഗണേശന്റെ കാമുകിയായിരുന്നു രേഖയുടെ അമ്മ നടി പുഷ്പവല്ലി. പുഷ്പവല്ലിയെ വിവാഹം ചെയ്യാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. പിന്നീടാണ് നടി സാവിത്രി താരത്തിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ഇവർ വിവാഹിതരായി. ഈ ബന്ധത്തിൽ ഒരു മകനും മകളും ജനിച്ചു.
മറുവശത്ത് ജെമിനി ഗണേശനുമായി അകന്ന ശേഷം രേഖയുടെ അമ്മ പുഷ്പവല്ലി സിനിമാട്ടോഗ്രാഫർ കെ പ്രകാശിനെ വിവാഹം ചെയ്തു. ഇവർക്ക് ധനലക്ഷ്മി, സെഷു എന്നീ മക്കളും പിറന്നു. 1991 ലാണ് പുഷ്പവല്ലി മരിക്കുന്നത്. പുഷ്പവല്ലി മരിച്ച് അഞ്ച് വർഷത്തിനുള്ളിൽ രേഖയും പിതാവ് ജെമിനി ഗണേശനും തമ്മിലുള്ള അകൽച്ച കുറഞ്ഞു.
രേഖ സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള കാരണവും അമ്മ പുഷ്പവല്ലിയാണ്. കുടുംബത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ വന്നതോടെ അഭിനയരംഗത്തേക്ക് കടന്ന് വരാൻ അമ്മ നിർദ്ദേശിക്കുകയായിരുന്നു. ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമ കരിയറാക്കാൻ രേഖ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അമ്മയുടെ ആഗ്രഹപ്രകാരം പതിമൂന്നാം വയസ്സിൽ പഠനം ഉപേക്ഷിച്ച് അഭിനയം കരിയറാക്കാൻ രേഖ തീരുമാനിച്ചു.
ഹിറ്റുകളുടെ വലിയൊരു നിര തന്നെ രേഖ സൃഷ്ടിച്ചു. രേഖയുടെ നിരവധി കഥാപാത്രങ്ങൾ ഇന്നും ഐക്കോണിക്കായി നിലനിൽക്കുന്നു. സിനിമാരംഗത്ത് നിന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാറി നിൽക്കുകയാണ് താരം.


Click it and Unblock the Notifications