സഹോദരന്റെ മുൻ ഭാര്യക്ക് സമ്മാനങ്ങളുമായി സൽമാൻ; താര കുടുംബത്തിൽ അടുത്ത വിവാഹമെന്നും വിവരം
തെന്നിന്ത്യൻ സിനിമാ താരങ്ങളേക്കാൾ തുറന്ന ജീവിതമാണ് ബോളിവുഡ് താരങ്ങളുടേത്. വിവാഹമോചനവും പ്രണയബന്ധങ്ങളും മറ്റും ബോളിവുഡ് താരങ്ങളെ സംബന്ധിച്ച് പുതിയ കാര്യങ്ങളല്ല. ബോളിവുഡിലെ നിറപ്പകിട്ടിൽ ജീവിതം ആസ്വദിക്കുന്നവരാണ് ഹിന്ദിയിലെ താരങ്ങൾ. ഇതിന് ഉദാഹരണമാണ് നടിയും മോഡലുമായ മലൈക അറോറ. അമ്പതുകാരിയായ മലൈകയ്ക്ക് ഇന്നും ഇരുപതുകാരിയുടെ അഴകും ചുറുചുറുക്കുമാണ്. കാമുകൻ അർജുൻ കപൂറിന് മലൈകയേക്കാൾ 12 വയസ് കുറവാണ്.
കൗമാരക്കാരനായ മകനും മലെെകയ്ക്കുണ്ട്. പ്രായമോ വിവാഹമോചനമോ തന്റെ ഇഷ്‌ടങ്ങൾക്കനുസരിച്ച് ജീവിക്കുന്നതിന് തടസമല്ലെന്ന് മലൈക തെളിയിച്ചു. നടനും നിർമാതാവുമായ അർബാസ് ഖാനാണ് മലൈകയുടെ മുൻ ഭർത്താവ്. . 1998 ലാണ് മലൈകയും അർബാസ് ഖാനും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം മലൈകയും അർബാസും വേർപിരിഞ്ഞു. അർഹാൻ ഖാൻ എന്നാണ് മകന്റെ പേര്.

മകന്റെ കാര്യങ്ങൾക്ക് രണ്ട് പേരും ഒരുമിച്ചെത്താറുണ്ട്. ബോളിവുഡിൽ വലിയ ചർച്ചയായതാണ് മലൈകയും അർബാസ് ഖാനും തമ്മിലുള്ള വിവാഹമോചനം. നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. അതിനാൽ തന്നെ അർബാസ്-മലൈക വിവാഹമോചനത്തിന് വാർത്താ പ്രാധാന്യം കൂടി. അന്ന് പല ഗോസിപ്പുകളും ഇതേക്കുറിച്ച് വന്നിരുന്നു. സഹോദരനുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിൽ മലൈകയോട് സൽമാന് നീരസം ഉണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഈ ഗോസിപ്പുകളൊന്നും താരങ്ങൾ കാര്യമാക്കിയില്ല. ഇപ്പോഴിതാ മലൈകയ്ക്ക് ക്രിസ്തുമസ് ദിന സമ്മാനങ്ങൾ നൽകിയിരിക്കുകയാണ് സൽമാൻ ഖാൻ. സമ്മാനങ്ങളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് നടന് മലൈക നന്ദിയും അറിയിച്ചിട്ടുണ്ട്. അർബാസ് മറ്റൊരു വിവാഹത്തിലേക്ക് കടക്കാനിരിക്കെയാണ് മലൈക അറോറയ്ക്ക് സൽമാൻ ഖാൻ സമ്മാനങ്ങൾ അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അർബാസ് വിവാഹിതനാകാൻ പോകുന്നെന്ന വാർത്ത പുറത്ത് വന്നത്.

മേക്കപ്പ് ആർട്ടിസ്റ്റായ കാമുകി ശൂര ഖാനെയാണ് അർബാസ് വിവാഹം ചെയ്യുന്നത്. പുറത്തിറങ്ങാനിരിക്കുന്ന പത്ന ശുക്ല എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലായത്. മറുവശത്ത് നടൻ അർജുൻ കപൂറുമായി ഏറെനാളായി പ്രണയത്തിലാണ് മലൈക.
അർജുനുമായുള്ള പ്രായ വ്യത്യാസത്തിന്റെ പേരിൽ വരുന്ന ട്രോളുകൾക്ക് മലൈക നേരത്തെ മറുപടി നൽകിയിട്ടുണ്ട്. കാലത്തിനനുസരിച്ച് മാറാൻ വിസമ്മതിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. പ്രായമായ പുരുഷൻ ചെറുപ്പക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചാൽ അത് വാഴ്ത്തപ്പെടും. പക്ഷെ സ്ത്രീക്കാണ് പ്രായക്കൂടുതൽ എങ്കിൽ അവളെ കിളവിയെന്ന് വിളിച്ച് അധിക്ഷേപിക്കുമെന്നും മലൈക അറോറ ചൂണ്ടിക്കാട്ടി.
മലൈകയുമായുള്ള വിവാഹമോചനത്തിന് ശേഷം അർബാസിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ വരുന്നതിന്റെ സന്തോഷത്തിലാണ് സൽമാന്റെ കുടുംബം. സഹോദരി അർപിത ഖാന്റെ വീട്ടിൽ വെച്ചായിരിക്കും വിവാഹമെന്നാണ് സൂചന. സൽമാന്റെ മൂത്ത സഹോദരൻ സൊഹൈൽ ഖാൻ കഴിഞ്ഞ വർഷമാണ് വിവാഹമോചിതനായത്. അതേസമയം 57 കാരനായ സൽമാൻ ഇപ്പോഴും വിവാഹിതനല്ല.
വിവാഹപ്രായം കഴിഞ്ഞ് പോയെന്നാണ് ഒരിക്കൽ സൽമാൻ ഇതേക്കുറിച്ച് പറഞ്ഞത്. സൽമാന്റെ പിതാവ് സലിം ഖാന്റെ ജീവിതത്തിൽ രണ്ട് വിവാഹങ്ങളാണ് ഉണ്ടായത്. സൽമാന്റെ അമ്മ സുശീലയാണ് ആദ്യ ഭാര്യ. രണ്ടാം ഭാര്യ നടി ഹെലനും. ആദ്യ വിവാഹം നിലനിൽക്കെയാണ് കുടുംബത്തിന്റെ അറിവോടെ സലിം ഖാൻ രണ്ടാമതും വിവാഹിതനായത്.


Click it and Unblock the Notifications