കുഞ്ഞ് വന്ന ശേഷം ഭർത്താവ് ഒരുപാട് മാറി; പലപ്പോഴും കരയുന്നു; തുറന്ന് പറഞ്ഞ് സന ഖാൻ
കരിയറിലെ പേരും പ്രശസ്തിയും വേണ്ടെന്ന് വെച്ച് മതവിശ്വാസത്തിലൂന്നിയ ജീവിതം തെരഞ്ഞെടുത്ത വ്യക്തിയാണ് മുൻ നടി സന ഖാൻ. ഒരു കാലത്ത് ഗ്ലാമർ ഐക്കണായി അറിയപ്പെട്ട സന പല വിവാദങ്ങളിലും അകപ്പെട്ടു. ഗോസിപ്പുകളും പ്രശ്നങ്ങളും നിറഞ്ഞ കരിയറിനിടെ പ്രണയ ബന്ധം തകർന്നതും സനയെ സാരമായി ബാധിച്ചു. മാനസികമായി തളർന്ന സനയ്ക്ക് ആശ്വാസമായത് ദൈവ വിശ്വാസമാണ്. ഇസ്ലാം മതം നിഷ്കർഷിക്കുന്ന രീതിയിലാണ് ഇനി ജീവിതമെന്ന് പ്രഖ്യാപിച്ച സന ഗ്ലാമറസ് വസ്ത്രങ്ങൾ ഉപേക്ഷിച്ച് ഹിജാബ് സ്ഥിരം വസ്ത്രമാക്കി.
ഇസ്ലാം മത വിശ്വാസത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ സന സംസാരിക്കാറുമുണ്ട്. കഴിഞ്ഞ ദിവസമാണ് ജീവിതത്തിലെ മറ്റൊരു സന്തോഷവാർത്ത സന ആരാധകരുമായ പങ്കുവെച്ചത്. സനയ്ക്കും ഭർത്താവ് അനസ് സയിദിനും ആൺകുഞ്ഞ് പിറന്നിരിക്കുകയാണ്. സയിദ് താരിഖ് ജമീൽ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അമ്മയായ ശേഷമുള്ള നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് സന ഖാനിപ്പോൾ. കുഞ്ഞിന്റെ ആരോഗ്യമാണ് തന്നെ സംബന്ധിച്ച് ഇപ്പോൾ പ്രധാനമെന്ന് സന വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയോടാണ് പ്രതികരണം.
പ്രസവശേഷം ശരീരഭാരം കുറയ്ക്കേണ്ടതിനെ പറ്റി വരുന്ന സംസാരങ്ങൾ തന്നെ പരിഭ്രാന്തയാക്കുന്നെന്നും സന പറയുന്നു. ഇത് നല്ല പ്രവണതയല്ലെന്നും സന അഭിപ്രായപ്പെട്ടു. എല്ലാവർക്കും ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ട്. എനിക്കുമുണ്ട്. പക്ഷെ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്തോ കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണങ്ങൾ കഴിക്കാതെയോ അല്ല വണ്ണം കുറയ്ക്കേണ്ടത്.

ആദ്യമായി അമ്മയായ സ്ത്രീ മാതൃത്വം ആസ്വദിക്കുന്നതിനേക്കാൾ ശരീരഭാരം കുറയ്ക്കുന്നതാണ് പ്രധാനമെന്ന് കരുതരുത്. തന്നെ സംബന്ധിച്ച് കുഞ്ഞിനാണ് പ്രഥമ പരിഗണന. വണ്ണം എപ്പോൾ വേണമെങ്കിലും കുറയ്ക്കാമെന്നും സന ഖാൻ ചൂണ്ടിക്കാട്ടി. മാതൃത്വം എന്നത് ലോകത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നാണ്. വാക്കുകൾക്കതീതമാണ് ആ അനുഭൂതിയെന്നും സന വ്യക്തമാക്കി.
ഇതെന്റെ കുഞ്ഞാണെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. അമ്മയാകുന്നത് ജീവിതകാലം മുഴുവനുമുള്ള ഉത്തരവാദിത്വമാണ്. കുഞ്ഞിനോടൊപ്പമുള്ള ഈ സമയം ഒരു സ്ത്രീ പല ഘട്ടങ്ങളിലൂടെ കടന്ന് പോകും. കുഞ്ഞ് കരയുമ്പോൾ നമ്മൾ നിസ്സഹായരാകും. അമ്മായിയമ്മയാണ് കുഞ്ഞിന്റെ ഡയപ്പറുകൾ മാറ്റുന്നതെന്നും സഖ ഖാൻ പറഞ്ഞു.

കുഞ്ഞ് വന്ന ശേഷം ഭർത്താവിൽ വലിയ മാറ്റങ്ങൾ വന്നെന്നും സന ഖാൻ പറയുന്നു. അദ്ദേഹത്തെ ഇപ്പോൾ എനിക്ക് മനസ്സിലാകുന്നില്ല. കുഞ്ഞിനെ കാണുമ്പോൾ അദ്ദേഹം വികാരഭരിതനാകുന്നു. ചില സമയത്ത് കണ്ണീരണിയുന്നു. പലപ്പോഴും കരയുന്നത് കാണാം. പൊതുവെ താനായിരുന്നു പെട്ടെന്ന് കരയുന്ന വ്യക്തിയെന്നും സന വ്യക്തമാക്കി. 2020 ലാണ് അനസും സനയും വിവാഹിതരായത്. ഇസ്ലാമിക പണ്ഡിതൻ കൂടിയായ അനസ് ഗുജറാത്തിലെ വജ്ര വ്യാപാരിയാണ്.
ദംഗൽ, സീക്രട്ട് സൂപ്പർ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ സൈറ വസിം താൻ മതവിശ്വാസം മുറുകെപ്പിടിക്കാൻ ആഗ്രഹിക്കുന്നെന്ന് വ്യക്തമാക്കി സിനിമാ രംഗം വിട്ടു. സോഷ്യൽ മീഡിയയിൽ നിന്നും ഫോട്ടോകളും നീക്കി. പഴയ ഫോട്ടോകൾ പ്രചരിപ്പിക്കരുതെന്നും സൈറ ആവശ്യപ്പെട്ടു. ഇന്ന് സൈറയെ ലൈം ലൈറ്റിൽ കാണാനേയില്ല.


Click it and Unblock the Notifications











