ഞാൻ പറയുന്നത്രയും പണം തരുമായിരുന്നു; നമ്മുടെ ഉള്ളിൽ തന്നെയാണ് ചെകുത്താൻ; സന ഖാൻ
മത വിശ്വാസത്തിലൂന്നിയ ജീവിതം തെരഞ്ഞെടുത്തതിനുള്ള കാരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സന ഖാൻ. മുമ്പ് സിനിമകളിൽ ഗ്ലാമറസ് നടിയായി തിളങ്ങിയ താരമായിരുന്നു സന.
ലൈം ലൈറ്റിൽ തിളങ്ങി നിൽക്കവെ എല്ലാം ഉപേക്ഷിച്ച് മത ജീവിതം തെരഞ്ഞെടുത്ത നടിയാണ് സന ഖാൻ. ബിഗ് ബോസ് ഷോ, അതീവ ഗ്ലാമറസായ ഡാൻസ് നമ്പറുകൾ, സിനിമകൾ തുടങ്ങിയവയിലൂടെ സന ഖാൻ ഒരു കാലത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു.
എന്നാൽ പൊടുന്നനെ താൻ ഇസ്ലാം മതാനുഷ്ഠാനങ്ങൾ പ്രകാരം ജീവിക്കുകയാണെന്ന് പ്രഖ്യാപിച്ച സന സിനിമാ ലോകത്ത് നിന്നും വിട വാങ്ങി. സിനിമകളോടും ഷോകളോടും നടി നോ പറഞ്ഞു.
മോഡേൺ വസ്ത്രങ്ങൾ ധരിച്ചിരുന്ന സന പിന്നീട് ഹിജാബ് തന്റെ വസ്ത്രമാക്കി. സോഷ്യൽ മീഡിയയിൽ ഹിജാബ് ധരിച്ച് കൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും സന പങ്കുവെക്കാറുണ്ട്. ഇസ്ലാമിക പണ്ഡിതനും ബിസിനസുകാരനുമായ അനസ് സയിദിനെ സന വിവാഹവും കഴിച്ചു. സിനിമയിൽ അഭിനയിക്കുന്ന കാലത്തുണ്ടായ ദുരനുഭവങ്ങളാണ് സനയെ മാനസികമായി തകർത്തത്.

മതവിശ്വാസത്തിനാണ് തന്നെ തിരിച്ച് കൊണ്ടുവരാനായതെന്നാണ് സന പറയുന്നത്. കാമുകനാൽ വഞ്ചിക്കപ്പെട്ടത് സനയെ കാര്യമായി ബാധിച്ചിരുന്നു. ഇപ്പോഴിതാ താൻ മതജീവിതം തെരഞ്ഞെടുത്തതിനുള്ള കാരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സന ഖാൻ. ഭർത്താവിനൊപ്പം പങ്കെടുത്ത ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.
റമദാൻ മാസത്തിൽ താൻ കണ്ട ചില സൂചനകളാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് സന ഖാൻ പറയുന്നു. കത്തുന്ന കബറിടം സ്വപ്നത്തിൽ കണ്ടു. അതിൽ തന്നെത്തന്നെ കാണാൻ കഴിഞ്ഞു. ശവക്കല്ലറയിൽ നിന്നും സഹായത്തിന് വേണ്ടി നിലവിളിക്കുകയായിരുന്നു ഞാൻ.

എന്നാൽ ഇതേപറ്റി ആരോടും സംസാരിക്കാൻ പറ്റിയില്ല. എല്ലാവരും തന്നെ തെറ്റായി വിലയിരുത്തുമെന്ന ചിന്തയായിരുന്നു. മതജീവിതം തെരഞ്ഞെടുക്കാനിരിക്കുന്ന ഘട്ടത്തിലാണ് ഖത്രോൺ കെ ഖിലാഡി എന്ന ഷോയിൽ നിന്നും തനിക്ക് ഓഫർ വരുന്നത്.
അത് ചെയ്താൽ ശവക്കല്ലറയിലേക്ക് പോവുമെന്ന് തനിക്കറിയാമായിരുന്നു. കാരണം ചെകുത്താൻ നമ്മുടെ ഉള്ളിൽ തന്നെയാണ്. അത് വളരെ ശക്തനാണ്. പ്രത്യേകിച്ചും ഒരുപാട് പണം കാണുമ്പോൾ. ഞാൻ പറയുന്ന പണം എനിക്ക് ലഭിക്കുമായിരുന്നു പക്ഷെ എനിക്കത് വേണ്ട. എനിക്കെന്നെ രക്ഷിക്കണമായിരുന്നെന്നും
സന ഖാൻ പറഞ്ഞു.
2017 ൽ മക്കയിൽ വെച്ചാണ് ഭർത്താവ് അനസ് സയിദിനെ സന ഖാൻ പരിചയപ്പെടുന്നത്. മതപരമായ ചില സംശയങ്ങൾക്ക് വേണ്ടി 2018 ലാണ് അദ്ദേഹവുമായി സംസാരിക്കുന്നത്. പിന്നീട് രണ്ട് വർഷത്തിനിടെ ഇരുവരും അടുക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.
ഇസ്ലാമിക പണ്ഡിതനെന്നതിനൊപ്പം വജ്ര വ്യാപാരിയുമാണ് സനയുടെ ഭർത്താവ്. 2020 ലായിരുന്നു സന-അനസ് വിവാഹം. വിവാഹ ശേഷം ഭർത്താവിനൊപ്പം തീർത്ഥാടന കേന്ദ്രങ്ങളിൽ സന ഖാൻ യാത്ര പോവാറുണ്ട്. പ്രണയത്തിലുണ്ടായ ചില ദുരനുഭവങ്ങൾക്ക് ശേഷമാണ് സന അടിമുടി മാറുന്നത്.
കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായി പ്രണയത്തിലായിരുന്നു സന. എന്നാൽ സനയെ ഇയാൾ വഞ്ചിച്ചു. സനയുടെ സുഹൃത്തുക്കൾ കൂടി അറിഞ്ഞ് കൊണ്ടായിരുന്നത്രെ ചതി.

ഇതോടെ സനയെ ഇത് വലിയ തോതിൽ ബാധിച്ചിരുന്നു. മെൽവിൻ തന്നെ വഞ്ചിക്കുകയായിരുന്നെന്ന് സന പരസ്യമായി ആരോപിക്കുകയും ചെയ്തു. മെൽവിന്റെ കുടുംബവും സനയെ കൈയൊഴിഞ്ഞു. ഇസ്ലാമിക വിശ്വാസമാണത്രെ സനയ്ക്ക് പിന്നീട് ആശ്വാസമായത്.
വിശ്വാസപരമായ കാരണങ്ങളാൽ ലൈം ലൈറ്റ് വിട്ട മറ്റൊരു നടിയാണ് സൈറ വസിം. ദംഗൽ, സീക്രട്ട് സീക്രട്ട് സൂപ്പർ സ്റ്റാർ എന്നീ ഹിറ്റ് സിനിമകളിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട സൈറ എല്ലാം ഉപേക്ഷിച്ച് മത വിശ്വാസത്തിലൂന്നിയ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.


Click it and Unblock the Notifications











