ഭക്ഷണം കൊടുക്കുന്നയാളെ പോലും കടിക്കുന്ന കടുവ; ലാൽ സാറിനുണ്ടായ സ്ട്രെയ്ൻ; പുലിമുരുകന്റെ ഷൂട്ടിംഗ്
മലയാളത്തിലിറങ്ങി പണം വാരി ചിത്രങ്ങളിൽ മുൻ പന്തിയിലാണ് പുലിമുരുകൻ. മോഹൻലാൽ ആരാധകർ ആഘോഷമാക്കിയ ചിത്രം സംവിധാനം ചെയ്ത് വൈശാഖാണ്. കുറച്ച് നാളുകൾക്ക് ശേഷം ആക്ഷനും കോമഡിയുമെല്ലാം ചേർന്ന കഥാപാത്രമായി മോഹൻലാലിനെ ആരാധകർക്ക് തിരിച്ച് കിട്ടിയ സിനിമയായിരുന്നു പുലിമുരുകൻ. 2016 ലാണ് സിനിമ റിലീസ് ചെയ്തത്.
ലാൽ, കമാലിനി മുഖർജി, ബാല, ജഗപതി ബാബു, ഖുശ്ബു തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്ത പുലുമുരുകനിലെ ആക്ഷൻ രംഗങ്ങൾ ഇന്നും ജനപ്രിയമാണ്. സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് സിനിമാട്ടോഗ്രാഫർ ഷാജി കുമാർ. മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളെക്കുറിച്ചും കടുവയെ ക്യാമറയിൽ പകർത്തിയ അനുഭവവും ഇദ്ദേഹം പങ്കുവെച്ചു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഷാജി കുമാർ.

സിനിമയെക്കുറിച്ച് സംസാരിക്കാൻ ഹിന്ദിയിലെ ഉൾപ്പെടെ ഫെെറ്റ് മാസ്റ്ററുടെ അടുത്ത് പോയപ്പോൾ കടുവയെ ഉപയോഗിച്ച് സിനിമ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. എന്നാൽ പീറ്റർ ഹെയ്ൻ എന്ന സ്റ്റണ്ട് മാസ്റ്റർ തയ്യാറായെന്ന് ഷാജി കുമാർ ചൂണ്ടിക്കാട്ടി. ഷൂട്ട് ചെയ്തപ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് തോട്ടത്തിലെ പാമ്പ് ശല്യമായിരുന്നു.
രക്ത അണലികളുണ്ട്. പുലിമുരുകനിൽ പരമാവധി കാടിനുള്ളിലേക്ക് പോയി ഷൂട്ട് ചെയ്തിട്ടുണ്ട്. പെർമിഷൻ വാങ്ങി ഷൂട്ട് ചെയ്യുന്നത് ശ്രമകരമായിരുന്നെന്നും ഇദ്ദേഹം വ്യക്തമാക്കി. കടുവയുടെ സീനുകൾ എടുത്തതിനെക്കുറിച്ചും ഷാജി കുമാർ സംസാരിച്ചു.

കടുവയെ ഷൂട്ട് ചെയ്യുന്നത് തായ്ലന്റിലാണ്. വേറൊരു കൂട്ടിൽ ക്യാമറ വെച്ച് ഷൂട്ട് ചെയ്യുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. രാവിലെ ചെന്നപ്പോഴാണ് ക്രെയ്നും കൂടുമില്ലെന്ന് മനസിലാകുന്നത്. അപ്പോഴാണ് അതിന്റെ അപകടം മനസിലായത്. ഷൂട്ട് ചെയ്ത് തിരികെ കേരളത്തിൽ വരില്ലെന്നാണ് ഞാൻ വിചാരിച്ചത്.
കടുവ വന്ന് ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് നമുക്ക് അറിയാം. പതിനഞ്ച് ദിവസത്തോളം കടുവയുടെ ഓട്ടവും ചാട്ടവും ഷൂട്ട് ചെയ്തു. ആ കടുവയ്ക്ക് ഐക്യു വളരെ കുറവാണ്. ഇന്ന് ഭക്ഷണം കൊടുക്കുന്നവനെ വേണമെങ്കിലും കടിച്ച് കൊല്ലും. എത്ര ട്രെയ്ൻ ചെയ്താലും അതിന് ഭക്ഷണം കഴിക്കുന്ന ആളാണെന്നൊന്നും മനസിലാവില്ല. കടിക്കാൻ തോന്നിയാൽ കടിക്കും. ഭക്ഷണം മുഴുവൻ കൊടുത്താണ് കൊണ്ട് വരുന്നത്. അതുകൊണ്ട് ആ സമയത്ത് കടിക്കില്ല. വിശന്നാൽ നമ്മളെ അറ്റാക്ക് ചെയ്യുമെന്നും ഷാജി കുമാർ ചൂണ്ടിക്കാട്ടി.
കടുവയുടെ സീനുകൾ പ്രത്യേകമെടുത്ത് സിനിമയിലെ ഫൈറ്റ് സീനുകൾക്കൊപ്പം കൂട്ടിച്ചേർക്കുകയായിരുന്നു. മോഹൻലാലിനൊപ്പമുള്ള അനുഭവങ്ങളും ഷാജി കുമാർ പങ്കുവെച്ചു. സിനിമയിൽ വിനു മോഹനെ തോളിലേറ്റ് ലാൽ സർ ഫൈറ്റ് ചെയ്യുന്ന സീനുണ്ട്. അദ്ദേഹത്തിന് ആ സമയത്ത് നടുവേദനയുണ്ട്. സപ്പോർട്ടുണ്ടെങ്കിലും ഫൈറ്റ് ചെയ്യുന്ന സമയത്ത് ഭാരം ശരീരത്തിൽ വരും. അതിന്റെ സ്ട്രെയ്ൻ പുള്ളിയുടെ മുഖത്ത് കാണാമായിരുന്നു. അങ്ങനെയുള്ള വേദനയുണ്ടെങ്കിലും നമ്മളെ അറിയിക്കാതിരിക്കാനാണ് ലാൽ സർ നോക്കാറെന്നും ഷാജി കുമാർ വ്യക്തമാക്കി.
പുലി മുരുകനിലെ നായികയായ കമാലിനി മുഖർജിയെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. വെള്ളത്തിലേക്ക് ചാടുന്ന സീനുണ്ട്. ചാടാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ പറ്റുമെന്ന് പറഞ്ഞു. ആ ധൈര്യം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. 25 കോടി ബഡ്ജറ്റിലാണ് പുലിമുരുകൻ നിർമിച്ചത്. സിനിമ തിയറ്ററിൽ നിന്നും 100 കോടി കലക്ഷൻ നേടി. ആദ്യമായി നൂറ് കോടി കലക്ഷൻ നേടുന്ന മലയാള ചിത്രവുമാണ് പുലിമുരുകൻ. ഗോപി സുന്ദറാണ് സിനിമയുടെ സംഗീത സംവിധായകൻ.


Click it and Unblock the Notifications











