മകൾ പിറന്നപ്പോൾ ഭാര്യാ പിതാവിനെ വിളിച്ച് ക്ഷമ ചോദിച്ചു; കാരണം എന്റെ മകളും നാളെ വിവാഹിതയാകും; ഷാഹിദ്
സൂപ്പർസ്റ്റാറുകൾ വാഴുന്ന ബോളിവുഡിൽ കരിയറിലെ തുടക്ക കാലം തൊട്ട് ഇന്ന് വരെയും ഷാഹിദ് കപൂറിന് തന്റേതായ സ്ഥാനമുണ്ട്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ സെൻസേഷനായിരുന്നു ഷാഹിദ്. പേരിനും പ്രശസ്തിക്കുമൊപ്പം ഗോസിപ്പുകളും ഷാഹിദിനെ തേടി വന്നു. കരീന കപൂർ, പ്രിയങ്ക ചോപ്ര, വിദ്യ ബാലൻ തുടങ്ങിയ നടിമാർക്കൊപ്പം ഷാഹിദിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ വന്നു. കരീനയുമായുള്ള പ്രണയത്തെക്കുറിച്ച് നടൻ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.
2007 ൽ തുടങ്ങിയ പ്രണയം 2011 ഓടെ അവസാനിച്ചു. പിന്നീടാണ് പ്രിയങ്കയും ഷാഹിദും അടുത്തത്. എന്നാൽ നടിമാരുമായുള്ള ഷാഹിദിന്റെ പ്രണയമൊന്നും മുന്നോട്ട് പോയില്ല. ഒരു സിനിമാ താരമല്ലാത്ത മിര രാജ്പുതിനെയാണ് ഷാഹിദ് വിവാഹ ചെയ്തത്. 20ാം വയസിലാണ് മിര രാജ്പുത് വിവാഹിതയാകുന്നത്. അന്ന് ഷാഹിദിന്റെ പ്രായം 34 ഉം. ഈ പ്രായ വ്യത്യാസം അന്ന് വലിയ തോതിൽ ചർച്ചയായി. എന്നാൽ പ്രായ വ്യത്യാസമൊന്നും ഇവരുടെ ബന്ധത്തെ ബാധിച്ചില്ല.

2015 ൽ വിവാഹിതരായ ഇരുവരും സന്തോഷകരമായ വിവാഹ ജീവിതം നയിക്കുന്നു. മിഷ, സെയ്ൻ കപൂർ എന്നിവരാണ് ഷാഹിദിനും മിര രാജ്പുതിനും പിറന്ന മക്കൾ. മകൾ മിഷ പിറന്ന സമയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷാഹിദ് ഇപ്പോൾ. മിഷ പിറന്ന ശേഷം തന്റെ ഭാര്യാ പിതാവിനെ വിളിച്ച് സംസാരിച്ചെന്ന് ഷാഹിദ് പറയുന്നു.
'ഞാൻ വളരെ സന്തോഷത്തിലായിരുന്നു. പിന്നീട് പേടി തോന്നി. കാരണം ജനിച്ചത് പെൺകുഞ്ഞാണ്. മകൾ പിറക്കുമ്പോൾ ദൈവത്തെ വിളിച്ച് പോകും. കാരണം ഞാൻ വിവാഹിതനായതേയുള്ളൂ. ആദ്യം ഞാൻ ചെയ്തത് മിരയുടെ പിതാവിനെ വിളിക്കുകയാണ്. അച്ഛാ, വിവാഹ സമയത്ത് നിങ്ങൾക്ക് ഞാനെന്തെങ്കിലും പ്രശ്നമുണ്ടാക്കിയെങ്കിൽ ക്ഷമിക്കണം എന്ന് പറഞ്ഞു. കാരണം എനിക്കൊരു മകളാണ്, ഒരു ദിവസം അവൾ വിവാഹിതയാകും. ഒരു പയ്യൻ അവൾക്കൊപ്പം ഉണ്ടാകും. ആ നിമിഷം വരാനിരിക്കുന്ന 30 വർഷം തന്റെ മുന്നിൽ മിന്നി മാഞ്ഞു,' ഷാഹിദ് കപൂർ പറഞ്ഞതിങ്ങനെ.

മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ മകളുടെ ജനന ശേഷം പുകവലി ഉപേക്ഷിച്ചതിനെക്കുറിച്ച് ഷാഹിദ് സംസാരിക്കുകയുണ്ടായി. മകൾ കാണാതെ ഒളിച്ച് നിന്നാണ് പുകവലിച്ചിരുന്നത്. അതാണ് പുകവലി നിർത്താനുള്ള കാരണം. ഒരു ദിവസം ഒളിച്ച് പുകവലിക്കവെ ഇനി ഇങ്ങനെ ചെയ്യില്ലെന്ന് സ്വയം പറഞ്ഞു. ആ ദിവസം മുതൽ താൻ പുകവലി നിർത്തിയെന്നും ഷാഹിദ് കപൂർ വ്യക്തമാക്കി.
തേരി ബാത്തോം മേൻ ഐസ ഉൽജ ജിയ ആണ് ഷാഹിദിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ദേവയാണ് നടന്റെ വരാനിരിക്കുന്ന സിനിമ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഷാഹിദിന് പുറമെ പൂജ ഹെഗ്ഡെയും കുബ്ര സെയ്തും പ്രധാന വേഷത്തിലെത്തുന്നു. കഴിഞ്ഞ ദിവസം ഷാഹിദിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയുണ്ടായി. മുൻ കാമുകി കരീന കപൂർ ഷാഹിദിനെ ഒരു ഇവന്റിൽ വെച്ച് അവഗണിച്ച് നടന്ന് പോകുന്ന വീഡിയോയാണിത്.


Click it and Unblock the Notifications











