പ്രായം അറുപതിനോട് അടുത്തു; നായികമാർ ചെറുപ്പക്കാരികൾ; നയൻതാരയുമായുള്ള പ്രായ വ്യത്യാസം
ഇന്ത്യൻ സിനിമാ രംഗത്ത് ഷാരൂഖ് ഖാനെ പോലെ ആഘോഷിക്കപ്പെട്ട നടൻമാർ വിരളമാണ്. താരമാകണമെന്ന് ഉറച്ച് കരിയർ തുടങ്ങിയ ഷാരൂഖിന് ഒരിക്കൽ പോലും ഈ ആഘോഷാരവങ്ങളിൽ മടുപ്പ് തോന്നിയിട്ടില്ല. തന്റെ താരപ്രഭയെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റ് സൂപ്പർ താരങ്ങളെ പോലെ വിനീതനാകാനും ഷാരൂഖ് തയ്യാറല്ല. ബോളിവുഡിലെ അവസാനത്തെ സൂപ്പർ താരമാണ് താനെന്നും ഇനി ഇത്തരമൊരു സ്റ്റാർ ഉണ്ടാകില്ലെന്നും ഷാരൂഖ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. സൂപ്പർസ്റ്റാറിന് വേണ്ട എല്ലാ കഴിവുകളും ഷാരൂഖിനുണ്ടെന്ന് ആരാധകർ പറയുന്നു.
റൊമാൻസ്, ഡാൻസ്, ആക്ഷൻ തുടങ്ങി എല്ലാം നടന് വഴങ്ങുന്നു. പൊതുവേദികളിലെ ഷാരൂഖിന്റെ വ്യക്തി പ്രഭാവവും ഏവരും എടുത്ത് പറയുന്നു. ഷാരൂഖിന് പ്രായമാകുന്നത് കാണാൻ ആരാധകർ താൽപര്യപെടുന്നില്ല. 57 കാരനായ ഷാരൂഖ് ഇന്നും കാമുകനായാണ് സിനിമകളിൽ അഭിനയിക്കുന്നത്. ഒരു കാലത്ത് നടനൊപ്പം അഭിനയിച്ച പല നായിക നടിമാരും ഇന്ന് അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി. എന്നാൽ ഷാരൂഖ് ഇന്നും ഓൺസ്ക്രീനിൽ ചെറുപ്പക്കാരനായ യുവാവാണ്.

കജോൾ, ജൂഹി ചൗള, റാണി മുഖർജി, പ്രീതി സിന്റ, മനീഷ കൊയ്രാള തുടങ്ങി 90 കളിൽ ഷാരൂഖിന്റെ നായികമാരായവർക്ക് ഇപ്പോൾ പഴയ താരമൂല്യം ഇല്ല. ഷാരൂഖിന് ഇപ്പോഴത്തെ നായികമാരുമായുള്ള പ്രായ വ്യത്യാസം അമ്പരപ്പിക്കുന്നതാണ്. ജവാൻ എന്ന സിനിമയാണ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. നയൻതാരയാണ് ചിത്രത്തിലെ നായിക. ഷാരൂഖിനേക്കാൾ 19 വയസ് കുറവാണ് നയൻതാരയ്ക്ക്. കഴിഞ്ഞ ദിവസമാണ് ഇവർ ഒരുമിച്ചുള്ള ജവാനിലെ ഗാനം റിലീസ് ചെയ്തത്.
ജവാന് ശേഷം റിലീസിന് ഒരുങ്ങുന്ന ഡങ്കി എന്ന ഷാരൂഖ് ചിത്രത്തിൽ തപ്സി പന്നുവാണ് നായിക. തപ്സിയേക്കാൾ 21 വയസ് കൂടുതലാണ് ഷാരൂഖിന്. രാജ്കുമാർ ഹിരാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വർഷം ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും.

ഷാരൂഖിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികയായി അറിയപ്പെടുന്നത് ദീപിക പദുകോണാണ്. ദീപികയുടെ ബോളിവുഡ് അരങ്ങേറ്റം ഷാരൂഖ് നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ചെന്നെെ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ, പഠാൻ എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. പുതിയ ചിത്രം ജവാനിൽ ദീപിക അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഷാരൂഖിനേക്കാൾ 20 വയസ് കുറവാണ് ദീപികയ്ക്ക്.
ഷാരൂഖിന്റെ മറ്റൊരു പ്രിയ നായികയാണ് അനുഷ്ക ശർമ. 2008 ൽ റബ് നേ ബനാ ദി ജോഡി എന്ന ഷാരൂഖ് ചിത്രത്തിലൂടെയാണ് അനുഷ്ക ശർമ അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. അന്ന് അനുഷ്കയുടെ പ്രായം 20 ആണ്. ഷാരൂഖ് 43 കാരനും. പിന്നീട് ജബ് ഹാരി മെറ്റ് സെജാൾ, സീറോ എന്നീ സിനിമകളിൽ ഷാരൂഖും അനുഷ്കയും ഒരുമിച്ച് അഭിനയിച്ചുണ്ട്.
ജബ് തക് ഹെ ജാൻ, സീറോ എന്നീ സിനിമകളിൽ ഷാരൂഖിനൊപ്പം അഭിനയിച്ച കത്രീനയ്ക്ക് നടനേക്കാൾ 17 വയസ് കുറവാണ്. അടുത്തിടെ ഷാരൂഖ് പ്ലാസ്റ്റിക് സർജറി ചെയ്തെന്ന അഭ്യൂഹം പരന്നിരുന്നു. പഠാനിൽ നടന്റെ മുഖത്തിന് വന്ന ചില മാറ്റങ്ങളാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രായം അറുപതിനോട് അടുത്തെങ്കിലും നടന്റെ ഫിറ്റ്നെസും സ്ക്രീൻ പ്രസൻസും എടുത്ത് പറയേണ്ടതാണ്.


Click it and Unblock the Notifications