മുൻ പ്രണയത്തിലും ശ്രദ്ധ കപൂർ അങ്ങനെയായിരുന്നു; ഇപ്പോഴത്തെ കാമുകനും ശ്രദ്ധ പുലർത്തുന്നു; അടുത്ത വൃത്തങ്ങൾ
ബോളിവുഡിലെ മുൻനിര നായിക നടിമാരിൽ പലരും വിവാഹ ജീവിതത്തിലേക്ക് കടന്നു. കത്രീന കൈഫ്, ദീപിക പദുകോൺ, സോനം കപൂർ തുടങ്ങിയവർക്ക് ശേഷം വന്ന പരനീതി ചോപ്ര, കിയാര അദ്വാനി, ആലിയ ഭട്ട് എന്നിവരെല്ലാം ഇന്ന് വിവാഹിതരാണ്. കരിയറും കുടുംബജീവിതവും താര സുന്ദരികൾ ഒരുമിച്ച് കൊണ്ട് പോകുന്നു. ഇക്കൂട്ടത്തിൽ ഇതുവരെ വിവാഹത്തിന് തയ്യാറാകാത്ത നടിയാണ് ശ്രദ്ധ കപൂർ. 36 കാരിയായ ശ്രദ്ധ ഇതുവരെയും വിവാഹിതയായിട്ടില്ല. കരിയറിലെ തിരക്കുകളിലാണ് നടി.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളെയും ശ്രദ്ധ പ്രോത്സാഹിപ്പിക്കാറില്ല. വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത പുലർത്തുന്ന നടിയാണ് ശ്രദ്ധ കപൂർ. അതേസമയം ശ്രദ്ധയുടെ കാമുകനെക്കുറിച്ചുള്ള വിവരം അടുത്തിടെയാണ് പുറത്ത് വന്നത്. തിരക്കഥാകൃത്ത് രാഹുൽ മോഡിയാണ് ശ്രദ്ധയുടെ കാമുകൻ. നടി അഭിനയിച്ച തൂ ജൂത്തി മേ മക്കർ എന്ന സിനിമയുടെ തിരക്കഥ എഴുതിയത് രാഹുൽ മോഡിയാണ്. ഒരു ഡിന്നർ ഡേറ്റിന് ഒരുമിച്ചെത്തിയപ്പോൾ പാപ്പരാസികളുടെ ക്യാമറയിൽ പെട്ടതോടെയാണ് ശ്രദ്ധയുടെ കാമുകനെക്കുറിച്ച് ആരാധകർ അറിയുന്നത്.

പ്രണയത്തെക്കുറിച്ച് സംസാരിക്കാൻ ശ്രദ്ധ കപൂർ തയ്യാറായിട്ടില്ല. ഇപ്പോഴിതാ ഇരുവരെയും കുറിച്ച് താരത്തിന്റെ അടുത്ത വൃത്തങ്ങൾ പങ്കുവെച്ച വിവരമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തൂ ജൂത്തി മേം മക്കർ എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കെയാണ് ഇരുവരും അടുക്കുന്നതെന്ന് വൃത്തങ്ങൾ പറയുന്നു. ബന്ധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് പുറത്തറിയാൻ രണ്ട് പേരും ആഗ്രഹിക്കുന്നില്ല. ഡിന്നറിന് പോയപ്പോഴുള്ള ഫോട്ടോ പുറത്ത് വന്നത് അവരെ ഞെട്ടിച്ചു. അതിനാൽ ഇനി ഒരുമിച്ചുള്ള കറക്കത്തിൽ ജാഗ്രത പുലർത്താനാണ് തീരുമാനം.
അടുത്തിടെ ശ്രദ്ധ കപൂറിന് ആപ്പിളിന്റെ ഫോൺ വാങ്ങാൻ ഇരുവരും തെരഞ്ഞെടുത്തത് കൂടുതൽ സെക്യൂരിറ്റികളുള്ള കടയാണ്. പാപ്പരാസികളെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. അത്രയും രഹസ്യമായി ബന്ധം കൊണ്ട് പോകാനാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷെ അതിനർത്ഥം ഇരുവരും പ്രണയത്തിൽ സന്തുഷ്ടരല്ല എന്നല്ല. കുടുംബത്തിനും അവരൊരുമിക്കുന്നതിൽ സന്തോഷമേയുള്ളൂയെന്നും ശ്രദ്ധ കപൂറിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ശ്രദ്ധ ഇത്രയും സ്വകാര്യത പുലർത്തുന്നതിന് കാരണമെന്തെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. ലൈം ലൈറ്റിൽ നിന്നും തന്റെ സ്വകാര്യ ജീവിതം ശ്രദ്ധ എപ്പോഴും മാറ്റി നിർത്തിയിട്ടുണ്ട്. മുൻ കാമുകൻ രോഹൻ ശ്രെഷയുമായുള്ള ബന്ധത്തെക്കുറിച്ച് മുമ്പ് ശ്രദ്ധ സംസാരിച്ചിട്ടില്ല. അത് തന്നെയാണ് ഈ ബന്ധത്തിലും നടി പിന്തുടരുന്ന രീതിയെന്നും താരത്തിന്റെ വൃത്തങ്ങൾ വ്യക്തമാക്കി. ഫോട്ടോഗ്രാഫർ രോഹൻ ശ്രെഷ്തയുമായി ഏറെനാൾ പ്രണയത്തിലായിരുന്നു ശ്രദ്ധ കപൂർ. 2022 ലാണ് ഇരുവരും പിരിഞ്ഞത്. ബാല്യകാല്യ സുഹൃത്തുക്കളായിരുന്നു ഇരുവരും.
നടൻ ആദിത്യ റോയ് കപൂറുമായി ശ്രദ്ധ പ്രണയത്തിലായിരുന്നെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ രണ്ട് പേരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബോളിവുഡിലെ ഹിറ്റ് ജോഡിയായിരുന്നു ആദിത്യ റോയ് കപൂറും. ഇരുവരും ഒരുമിച്ച് അഭിനയിച്ച ആഷിഖി 2 എന്ന സിനിമ വൻ ജനശ്രദ്ധ നേടി.
യുവനടി അനന്യ പാണ്ഡെയുമായി പ്രണയത്തിലാണ് ആദിത്യ റോയ് കപൂർ. അടുത്തിടെയാണ് ഇരുവരും അടുത്തത്. തൂ ജൂത്തി മേ മക്കർ ആണ് ശ്രദ്ധ കപൂറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. രൺബീർ കപൂറാണ് ചിത്രത്തിൽ നായകനായത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.


Click it and Unblock the Notifications











