മകൾക്ക് സുഖമില്ലാതിരിക്കുമ്പോഴും ഷൂട്ടിംഗ്; ദേഷ്യം വന്നു; എന്റെ മേക്കപ്പ് വരെ ഉരുകി; ശ്രിയ ശരൺ
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ശ്രിയ ശരൺ. തമിഴ്, തെലുങ്ക് സിനിമകളിൽ തരംഗം സൃഷ്ടിച്ച ശ്രിയ രജിനീകാന്ത്, വിജയ് തുടങ്ങിയ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും അഭിനയിച്ചു. കരിയറിൽ ചെറിയൊരു കാലഘട്ടത്തിൽ തിളങ്ങി പിന്നീട് നടി സിനിമകളിൽ നിന്നകലുമെന്നാണ് ആദ്യം പ്രേക്ഷകർ കരുതിയെങ്കിലും അങ്ങനെയല്ല സംഭവിച്ചത്.
കരിയർ ഗ്രാഫിൽ ഇടിവ് വന്നെങ്കിലും നടി സിനിമാ അഭിനയം നിർത്തിയില്ല. ചെറുതും വലുതുമായ സിനിമകളുടെ ഭാഗമായി. ദൃശ്യം എന്ന ഹിന്ദി സിനിമയുടെ ഭാഗമായ ശേഷം ശ്രിയ വീണ്ടും ശ്രദ്ധയാകർഷിച്ചു. രണ്ട് കുട്ടികളുടെ അമ്മയായാണ് നടി ഈ സിനിമയിൽ അഭിനയിച്ചത്.
ജീവിതത്തിലും ശ്രിയ ഇന്ന് അമ്മയാണ്. രാധ എന്ന മൂന്ന് വയസ്സുകാരിയുടെ അമ്മയാണ് ശ്രിയ. റഷ്യക്കാരനായ ആൻഡ്ര്യൂ കൊസ്ചീവാണ് ശ്രിയയുടെ ഭർത്താവ്. ഇപ്പോഴിതാ മകൾക്ക് സുഖമില്ലാതിരിക്കുമ്പോൾ ഷൂട്ടിന് പോയതിന്റെ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് ശ്രിയ ശരൺ. ശർമൻ ജോഷിക്കൊപ്പം ചെയ്ത മ്യൂസിക് വീഡിയോ റിലീസിനൊരുങ്ങുകയാണ്. ഈ ഘട്ടത്തിലാണ് തന്റെ അനുഭവം ശ്രിയ പങ്കുവെച്ചത്.

മകൾക്ക് എട്ട് മാസമായിരുന്നു പ്രായം, സുഖമില്ലാതിരുന്നു. ഗോവയിൽ വെച്ചായിരുന്നു ഈ ഗാനം ഷൂട്ട് ചെയ്തത്. എന്റെ മേക്കപ്പ് ഉരുകുന്നുണ്ടായിരുന്നു, മുടിയും അലങ്കോലമായി. കനത്ത ചൂടായിരുന്നു. ഒപ്പം എനിക്ക് പീരിയഡ്സും. ഷർമ്മൻ ജോഷിയും ഞാനും നന്നായി പെർഫോം ചെയ്തു. എനിക്ക് ദേഷ്യം വരുന്ന ഘട്ടത്തിലും സമാധാനപരമായി നിന്നതിന് ഷർമൻ ജോഷിക്ക് നന്ദിയെന്നും ശ്രിയ ശരൺ വ്യക്തമാക്കി.
ശ്രിയ ശരൺ ഗർഭിണിയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നില്ല. നടി ഈ സമയത്ത് ഇന്ത്യയിലില്ലായിരുന്നു. കുഞ്ഞ് പിറന്ന് മാസങ്ങൾക്ക് ശേഷമാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇതിന് കാരണമെന്തെന്നും നടി വ്യക്തമാക്കിയിരുന്നു. ഗർഭിണിയാണെന്ന വാർത്ത പരന്നാൽ പിന്നീട് സിനിമകൾ ലഭിക്കാൻ സമയമെടുക്കും. തന്റെ വർക്കിനെ ബാധിക്കാതിരിക്കാനാണ് ഇക്കാര്യം മറച്ച് വെച്ചത്. അമ്മയായെന്ന് പുറം ലോകത്തെ അറിയിക്കുമ്പോഴേക്കും താൻ സിനിമയിലേക്ക് തിരിച്ച് വരാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നെന്നും നടി വ്യക്തമാക്കി.
കുഞ്ഞ് ജനിച്ച് ഒമ്പത് മാസം പിന്നിട്ട ശേഷമാണ് ശ്രിയ താൻ അമ്മയായെന്ന കാര്യം തുറന്ന് പറയുന്നത്. കുഞ്ഞ് പിറന്ന ആദ്യ നാളുകളിൽ മാധ്യമങ്ങൾ താൻ തടിവെച്ചതിനെക്കുറിച്ചും മറ്റും എഴുതുന്നതിൽ ആശങ്കപ്പെടാതെ കുഞ്ഞിൽ മാത്രം ശ്രദ്ധ നൽകാൻ തോന്നി. അതും ഇക്കാര്യം മറച്ച് വെച്ചതിന് കാരണമായെന്ന് നടി വ്യക്തമാക്കി. വർക്കുകളിലേക്ക് തിരിച്ച് വന്നപ്പോൾ തന്നെ മൂന്ന് സിനിമകൾ ഒപ്പു വെച്ചു. രാധയ്ക്ക് ഒമ്പത് മാസമാവുമ്പോഴേക്കും താൻ ശരീര ഭാരം കുറയ്ക്കുകയും ചെയ്തെന്നും നടി അന്ന് വ്യക്തമാക്കി.

അടുത്തിടെ റിലീസ് ചെയ്ത ദൃശ്യം 2 ഉം വൻ വിജയമായിരിക്കുകയാണ്. നടിയുടെ വരാനിരിക്കുന്ന സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ . കബ്സയാണ് ശ്രിയയുടെ ഏറ്റവും പുതിയ കന്നഡ സിനിമ. ശ്രിയയും ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാവാറാറുണ്ട്. ശ്രിയയെ പൊതുവേദികളിൽ ഭർത്താവ് ചുംബിക്കുന്നത് ട്രോളുകളുമാവാറുണ്ട്.
എന്നാൽ പശ്ചാത്യ സംസ്കാരത്തിൽ ജീവിക്കുന്ന ഭർത്താവിന് ഭാര്യയെ ചുംബിക്കുന്നതിൽ ആളുകൾ പരിഹസിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നാണ് ശ്രിയ ശരൺ മുമ്പൊരിക്കൽ പറഞ്ഞത്. 2018 ലായിരുന്നു ശ്രിയ ശരണിന്റെ വിവാഹം. ഇന്ത്യയിൽ പയ്യൻമാരില്ലാഞ്ഞിട്ടാണോ വിദേശിയെ വിവാഹം കഴിച്ചതെന്ന ആക്ഷേപം സോഷ്യൽ മീഡിയയിലൂടെ അന്ന് കേൾക്കേണ്ടി വന്നിരുന്നെന്ന് ശ്രിയ ശരൺ തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











