അവൾ എന്റെ അമ്മയെ പോലെയാണ്; മകൾക്കിഷ്ടമുള്ളത് പോലെ ജീവിക്കാം, പക്ഷെ...; ശ്വേത ബച്ചൻ
രണ്ട് മക്കളുടെയും സ്വഭാവം വ്യത്യസ്തമാണെന്നും താൻ കണിശക്കാരിയായ അമ്മയാണെന്നും ശ്വേത വ്യക്തമാക്കി.
സിനിമാ ലോകത്തെ താര കുടുംബമാണ് ബച്ചൻ ഫാമിലി. ഇന്ത്യൻ സിനിമയുടെ മുഖമായ അമിതാഭ് ബച്ചൻ, സിനിമയിലും രാഷ്ട്രീയത്തിലും കൈ വെച്ച ജയ ബച്ചൻ, ലോക സുന്ദരി ഐശ്വര്യ റായ്, നടൻ അഭിഷേക് ബച്ചൻ തുടങ്ങിയവർ അടങ്ങുന്നതാണ് ബച്ചൻ കുടുംബം.
അമിതാഭിന്റെയും ജയയുടെയും മൂത്ത മകൾ ശ്വേത ബച്ചൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നയാളല്ല. എങ്കിലും ശ്വേതയും ലൈം ലൈറ്റിലുണ്ട്. ശ്വേതയുടെ മകൾ നവ്യ നവേലി ബോളിവുഡിലക്ക് കടന്ന് വരുമെന്ന് അഭ്യൂഹമുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനകം താരമാണ് നവ്യ.
വലിയ താരങ്ങളുള്ള കുടുംബമായതിനാൽ തന്നെ ഇവരെക്കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകളും വരാറുണ്ട്, ശ്വേതയും ഐശ്വര്യയും തമ്മിൽ വഴക്കാണെന്ന് വരെ ഒരു ഘട്ടത്തിൽ അഭ്യൂഹം വന്നിരുന്നു. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് തെളിയിച്ച് കൊണ്ട് താര കുടുംബം ഐക്യത്തോടെ ജീവിക്കുന്നു. മുൻകോപക്കാരിയാണ് ഐശ്വര്യയുടെ അമ്മായിയമ്മ ജയ ബച്ചൻ. എന്നാൽ ജയയുമായും ഐശ്വര്യക്ക് നല്ല ബന്ധമാണ്.

ഇപ്പോഴിതാ മകൾ നവ്യ നവേലിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്വേത ബച്ചൻ. മകൾ മുത്തശ്ശി ജയ ബച്ചനെ പോലെയാണെന്ന് ശ്വേത പറയുന്നു. 'നവ്യയിൽ എന്റെ അമ്മയുണ്ടെന്ന് കരുതുന്നു, അവൾക്ക് നല്ല ബോധ്യമുണ്ട്. അത് പിടിച്ച് കുലുക്കുക എളുപ്പമല്ല. ഒരുപാട് കാര്യങ്ങളിൽ അവൾക്ക് താൽപര്യമുണ്ട്'
'അവയെക്കുറിച്ച് സംസാരിക്കാനും ഇഷ്ടപ്പെടുന്നു. സ്റ്റേജിൽ വരുന്നതും താൻ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടമാണ്' പക്ഷെ തനിക്ക് അതിലൊക്കെ മടിയാണെന്നും ശ്വേത പറയുന്നു.
താൻ കണിശക്കാരിയായ അമ്മയാണെന്നും ശ്വേത വ്യക്തമാക്കി. നവ്യയുടെ കാര്യത്തിൽ കണിശതയുണ്ട്. കാരണം ഈ ലോകം പെൺകുട്ടികളെ സംബന്ധിച്ച് അത്ര എളുപ്പമല്ല. നിങ്ങൾ അത്രത്തോളം ശക്തരായിരിക്കേണ്ടതും ശ്രദ്ധയോടെയിരിക്കേണ്ടതുണ്ട്.

മക്കളുടെ സ്വഭാവം വ്യത്യസ്തമാണ്. മകൻ അഗസ്ത്യ ഒരു പഴമക്കാരനാണെന്ന് ഞാൻ കരുതുന്നു. നവ്യ അൽപ്പം നിഷ്കളങ്കയാണ്. ചില സുഹൃത്തുക്കളെയും ബന്ധങ്ങളെയും ഞാൻ വിശ്വസിക്കുന്നില്ല. അത്തരം കാര്യങ്ങളിൽ ഞാൻ ശ്രദ്ധാലുവായിരിക്കും.
പക്ഷെ തീർച്ചായായും അവൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ടെന്നും ശ്വേത ബച്ചൻ പറഞ്ഞു. വയറിൽ പിയർസിംഗ് ചെയ്തപ്പോഴാണ് തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായതെന്നും ശ്വേത തുറന്ന് പറഞ്ഞു. അഭിനയ രംഗത്തോട് നവ്യക്ക് താൽപര്യമില്ലെന്നാണ് വിവരം. നവ്യയുടെ സഹോദരൻ അഗസ്ത്യ ബോളിവുഡ് അരങ്ങേറ്റത്തിനാെരുങ്ങുകയാണ്.
സാമൂഹ്യ പ്രവർത്തനങ്ങളിലാണ് നവ്യക്ക് താൽപര്യം. സിനിമാ രംഗത്ത് നിന്ന് നിരവധി അവസരങ്ങൾ വന്നിട്ടും നവ്യ ഇതൊന്നും സ്വീകരിച്ചിട്ടില്ല. മറ്റ് താരപുത്രികളിൽ നിന്നും ഇക്കാര്യത്തിൽ വ്യത്യസ്തയാണ് നവ്യ നവേലി.

ശ്രീദേവിയുടെ മക്കൾ ജാൻവി കപൂർ, ഖുശി കപൂർ, സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാൻ, ചങ്കി പാണ്ഡെയുടെ മകൾ അനന്യ പാണ്ഡെ തുടങ്ങിയവരെല്ലാം സിനിമാ രംഗത്തേക്ക് കടന്ന് വന്നു. ബച്ചൻ കുടുംബത്തിൽ വളർന്ന് വരുന്ന മറ്റൊരു താരമാണ് ഐശ്വര്യയുടെയും അഭിഷേകിന്റെയും മകൾ ആരാധ്യ ബച്ചൻ.
പതിനൊന്നുകാരിയായ ആരാധ്യ ഇപ്പോൾ തന്നെ വാർത്താ പ്രാധാന്യം നേടുന്നയാളാണ്. ബോളിവുഡിലെ അടുത്ത തലമുറയിലെ താരമായി ആരാധ്യ മാറുമെന്ന് പലരും പറയുന്നു. ആരാധ്യയുടെ അമ്മ ഐശ്വര്യ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്ത് വീണ്ടും സജീവമാവുകയാണ്. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











