അക്കയെ മറക്കാനാകില്ല; അന്നവർ കരച്ചിലിന്റെ വക്കിലെത്തി; ശ്രീദേവിയുടെ സഹോദരിയുടെ മക്കൾ
സിനിമാ ലോകത്തിന് ഒരിക്കലും മറക്കാൻ പറ്റാത്ത നടിയാണ് ശ്രീദേവി. താരറാണിയായി സിനിമാ ലോകത്ത് അറിയപ്പെട്ട ശ്രീദേവി അക്കാലത്ത് ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിച്ചു. ശ്രീദേവിയുടെ കോൾ ഷീറ്റിന് ഫിലിം മേക്കർമാർ കാത്തിരിക്കുന്ന കാലം. ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാറെന്ന പദവിയും നടിക്ക് ലഭിച്ചു. മരിച്ചിട്ട് അഞ്ച് വർഷങ്ങൾക്ക് ഇപ്പുറവും ശ്രീദേവി സിനിമാ ലോകത്തും ആരാധകർക്കിടയിലും ചർച്ചയാകുന്നു.
സിനിമയിലെ താരത്തിളക്കത്തിനപ്പുറം ശ്രീദേവിയുടെ വ്യക്തിപരമായ കാര്യങ്ങളും ജനശ്രദ്ധ നേടാറുണ്ട്. ബോണി കപൂറുമായുള്ള വിവാഹം, ഇതിനിടെയുണ്ടായ വിവാദങ്ങൾ തുടങ്ങിയവയെല്ലാം ചർച്ചയായി. തെന്നിന്ത്യയിൽ ജനിച്ച് വളർന്ന ശ്രീദേവി ബാലതാരമായാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. തെലുങ്കാണ് നടിയുടെ മാതൃഭാഷ. അച്ഛൻ അയ്യപ്പനും അമ്മ രാജേശ്വരിയും. ശ്രീലത എന്ന സഹോദരിയും നടിക്കുണ്ട്. ഇതിന് പുറമെ സൂര്യകല എന്ന അർധ സഹോദരിയും ശ്രീദേവിക്കുണ്ട്. നടിയുടെ അമ്മ രാജേശ്വരിയുടെ ആദ്യ വിവാഹബന്ധത്തിലെ മകളാണ് സൂര്യകല.

സൂര്യകലയും ശ്രീദേവിയുമൊല്ലം ഒരുമിച്ച് കഴിഞ്ഞവരാണ്. ശ്രീദേവിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് സൂര്യകലയുടെ മക്കളായ മഹേശ്വരിയും അവിശേക് കാർത്തിക്കും. പെല്ലി, ഗുലാബി, കറുത്തമ്മ, ഉല്ലാസം തുടങ്ങിയ സിനിമകളിൽ മഹേശ്വരി അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം നടി അഭിനയ രംഗത്ത് സജീവമല്ലാതായി. അതേസമയം അവിശേക് കാർത്തിക് സിനിമാ രംഗത്ത് സജീവമാണ്.
ശ്രീദേവി വളരെ സ്നേഹത്തോടെയാണ് തങ്ങളോട് പെരുമാറിയതെന്ന് ഇരുവരും പറയുന്നു. ബിഹൈന്റ്വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. അക്ക മരിച്ചത് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. അവർ ഷൂട്ടിംഗിന് പോയതാണെന്നാണ് കരുതുന്നത്. അവർ ഞങ്ങൾക്കൊപ്പമുണ്ടെന്ന വിശ്വാസം ഉണ്ട്. ഞങ്ങളുടേത് കൂട്ടുകുടുംബമായിരുന്നു. വീട്ടിൽ ഞങ്ങൾ മാത്രമായിരുന്നു കുട്ടികൾ. അമ്മയും അക്കയും അമ്മയും അമ്മൂമ്മയും അപ്പൂപ്പനുമൊക്കെയുള്ള കുടുംബം.

അക്ക ഷൂട്ടിംഗ് കഴിഞ്ഞ് വന്നാൽ എന്നെയും ചേച്ചിയെയും കാറിൽ കൊണ്ട് പോയി ഐസ്ക്രീം വാങ്ങിത്തരുമായിരുന്നു. ഞങ്ങൾക്ക് മതിയാകുന്നത് വരെ ഐസ്ക്രീം കഴിപ്പിക്കും. ഷൂട്ടിംഗ് ഇല്ലാതെ അക്ക ചെന്നെെെയിലേക്ക് വന്നാൽ ഞങ്ങൾക്ക് സന്തോഷമാണ്. കാരണം അവർ വരുന്ന നാലഞ്ച് ദിവസം സ്കൂളിൽ പോകേണ്ട. സ്കൂളിൽ വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ട് പോകും. അവരുടെ വിനോദങ്ങൾ ഞങ്ങൾക്കൊപ്പമായിരുന്നെന്ന് അവിശേക് ഓർത്തു.
മറക്കാനാവാത്ത ഒരു സംഭവമുണ്ട്. അവർക്ക് യുഎസിൽ ഒരു ഷോയുണ്ട്. പതിനൊന്ന് സിറ്റികളിൽ പോകണം. ആദ്യമായി ഞങ്ങൾക്കും ഒപ്പം പോകാൻ പറ്റി. ഒരു ഹോട്ടലിൽ ഞങ്ങളെത്തി. അക്ക റിഹേഴ്സൽ ചെയ്യുകയാണ്. ഹോട്ടലിന്റെ മുകൾ നിലയിൽ സ്വിമ്മിംഗ് പൂളുണ്ട്. ഞങ്ങൾ പോയി കുളിച്ചു. തിരിച്ച് വരുമ്പോൾ ഞങ്ങളുടെ മുറി ഏതെന്ന് മനസ്സിലായില്ല. അക്ക ഞങ്ങളെ കാണാതെ ടെൻഷനായി. അവർ അന്ന് കരച്ചിലിന്റെ വക്കിലെത്തിയിരുന്നെന്നും ഇരുവരും ഓർത്തു.
അന്ന് ഞങ്ങൾ അക്കയ്ക്കൊപ്പം പോയി താമസിച്ച ഹോട്ടലുകളൊന്നും ഇപ്പോൾ ആഗ്രഹിക്കാൻ പോലും പറ്റില്ല. അക്കയെ രാജ്ഞിയെ പോലെയാണ് എല്ലാവരും കണ്ടിരുന്നത്. ബോളിവുഡിൽ അവർ ടോപ് ലെവലിൽ ആയിരുന്നെന്നും അവിശേക് ചൂണ്ടിക്കാട്ടി. കുടുംബത്തിൽ ഞങ്ങൾ സിനിമ ചർച്ച ചെയ്യാറില്ല. അക്കയുടെ മകൾ ജാൻവിയോട് വ്യക്തിപരമായ കാര്യങ്ങളൊക്കെയാണ് സംസാരിക്കാറെന്ന് മഹേശ്വരി വ്യക്തമാക്കി.
ശ്രീദേവിയുടെ പഴയ ഫോട്ടോകളിൽ മഹേശ്വരിയെയും അവിശേകിനെയും കാണാം. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. നടിയുടെ മൂത്ത മകൾ ജാൻവി കപൂർ ഇന്ന് അഭിനയ രംഗത്ത് സജീവമാണ്. ഇളയ മകൾ ഖുശി കപൂറും ബോളിവുഡിലേക്ക് കടന്ന് വരാനൊരുങ്ങുന്നു.


Click it and Unblock the Notifications