ഒരാളുടെ കണ്ണീർ വീഴ്ത്തി നിനക്ക് കുടുംബ ജീവിതം വേണോ?; അന്ന് ശ്രീദേവി നൽകിയ മറുപടി; സുഹൃത്തിന്റെ വാക്കുകൾ
നടി ശ്രീദേവിയുടെ വ്യക്തിജീവിതം സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായതാണ്. ബോണി കപൂറുമായുള്ള പ്രണയവും വിവാഹവും ബോളിവുഡിൽ ചർച്ചാ വിഷയമായി. പകരം വെക്കാനില്ലാത്ത താര റാണിയാണ് അന്ന് ശ്രീദേവി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ബോണി കപൂറുമായി അടുത്ത ശ്രീദേവി ഇദ്ദേഹത്തെ വിവാഹവും ചെയ്തു. ശ്രീദേവിക്കൊപ്പം ജീവിക്കാൻ വേണ്ടി ബോണി കപൂർ ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചു. അന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് ശ്രീദേവിയുടെ പഴയ സുഹൃത്തായിരുന്ന നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ശ്രീദേവിയുടെ അച്ഛൻ മരിച്ച ശേഷം കുടുംബത്തിലെ കാര്യങ്ങൾ മുന്നിൽ നിന്ന് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. മുംബൈയിലേക്ക് പോയ ശേഷം ശ്രീദേവിയുടെ പല കാര്യങ്ങളും നോക്കിയത് ബോണി കപൂറാണ്. സിനിമകളുടെ കാര്യത്തിൽ തീരുമാനം എടുത്തു. ചില കമ്പനികളിൽ നിന്നും പണം കൃത്യമായി ലഭിച്ചില്ലെങ്കിൽ ശ്രീദേവിയുടെ അമ്മ ബോണി കപൂറിനോട് പറയും. കുടുംബവുമായി ബോണി പെട്ടെന്ന് അടുത്തു.

ശ്രീദേവിയുടെ അമ്മയ്ക്ക് ട്യൂമറിന് സർജറി വേണ്ടി വന്ന സമയത്ത് ബോണി കപൂറും സഹായത്തിന് അമേരിക്കയിലേക്ക് പോയി. ഇടത് വശത്ത് ചെയ്യേണ്ട സർജറി വലത് വശത്താണ് ചെയ്തത്. തെറ്റായി ഓപ്പറേഷൻ ചെയ്തത് കാരണം അമ്മ മരിച്ചു. അത് ശ്രീദേവിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ശ്രീദേവിയുടെ ലോകം അമ്മയായിരുന്നു. തിരിച്ച് വന്നപ്പോൾ അവൾക്കൊരു തുണ വേണ്ടി വന്നു. ആ തുണയായിരുന്നു ബോണി കപൂർ.
ബോണി കപൂറിനെ വിവാഹം ചെയ്യാൻ ശ്രീദേവി തീരുമാനിച്ചു. കുടുംബത്തിലെ എല്ലാവരും ഈ ബന്ധം വേണ്ടെന്ന് പറഞ്ഞു. പക്ഷെ ശ്രീദേവി ആര് പറഞ്ഞിട്ടും കേട്ടില്ല. ശ്രീദേവിയുടെ ആവശ്യ പ്രകാരം ബോണി കപൂർ തന്റെ ആദ്യ ഭാര്യയുമായി പിരിഞ്ഞു. അത് വലിയ ചർച്ചാ വിഷയമായി. ആ സമയത്താണ് ഞാൻ ഡൽഹിയിൽ നിന്നും അവൾ കശ്മീരിൽ നിന്നും ബോംബെയിലേക്ക് പോകുന്നത്.

ഒരേ ഫ്ലെെറ്റിലാണ് ഞങ്ങൾ പോയത്. ശ്രീ വന്ന് എന്റെ അടുത്തിരുന്നു. ഏറെക്കാലത്തിന് ശേഷം കണ്ടതിൽ വളരെ സന്തോഷം തോന്നി. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അവസാനം ഞാൻ ചോദിച്ചു. കല്യാണം കഴിഞ്ഞയാളെ കല്യാണം കഴിക്കുന്നു എന്ന് കേൾക്കുന്നു, ഇതൊക്കെ ആവശ്യമാണോ ശ്രീ, നീ വിചാരിച്ചാൽ ലോകം തന്നെ നിന്റെ കാൽക്കീഴിൽ ആയിരിക്കും, എത്ര പേർ നിന്നെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നെന്ന് ഞാൻ ചോദിച്ചു.
നിനക്കറിയില്ല, എന്റെ സ്ഥാനത്താണെങ്കിലേ മനസിലാവൂ എന്ന് ശ്രീദേവി. ആര് ആരുടെ സ്ഥാനത്തിൽ ആണെങ്കിലെന്താ ശ്രീ, ഇത് തെറ്റല്ലേ, ഒരാളുടെ കണ്ണീർ വീഴ്ത്തി നിനക്ക് നിന്റെ വീട്ടിലെ വിളക്ക് കത്തിക്കാനാകുമോ എന്ന് ഞാൻ ചോദിച്ചു. ശ്രീദേവിക്ക് ദേഷ്യം വന്നു. എനിക്കതേക്കുറിച്ച് സംസാരിക്കേണ്ട എന്ന് പറഞ്ഞു. ഫ്ലെെറ്റ് ലാന്റായി ഇറങ്ങി പോകുമ്പോൾ ഒരു ബൈ പറഞ്ഞു. അതിന് ശേഷം പലയിടങ്ങളും കണ്ടെങ്കിൽ ഒരു ചിരി മാത്രം. എന്നാൽ ഏറെക്കാലത്തിന് ശേഷം ഒരിക്കൽ കണ്ടപ്പോൾ ചിരിച്ച് സംസാരിച്ചെന്നും കുട്ടി പത്മിനി ഓർത്തു.


Click it and Unblock the Notifications