അദ്ദേഹം അമ്മയുടെ അടുത്ത സുഹൃത്തായിരുന്നു; കഴിഞ്ഞയാഴ്ച വിളിച്ച് ആ രഹസ്യം എന്നോട് പറഞ്ഞു; ജാൻവി
നടി ശ്രീദേവിയുടെ മകളായതിനാൽ ജാൻവി കപൂറിന്റെ സിനിമാ രംഗത്തേക്കുള്ള കടന്ന് വരവ് ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കണ്ടത്. ശ്രീദേവിയെ പോലെ ഇന്ത്യയൊട്ടുക്കും ആഘോഷിക്കപ്പെട്ട നടിയായി മാറാൻ ജാൻവിക്ക് കഴിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. പ്രതീക്ഷിച്ച ഉയർച്ച ജാൻവിയുടെ കരിയർ ഗ്രാഫിന് ഉണ്ടായിട്ടുമില്ല. 2018 മുതൽ ഇങ്ങോട്ടുള്ള ഗ്രാഫ് പരിശോധിച്ചാൽ എടുത്ത് പറയത്തക്ക ഹിറ്റുകളൊന്നും ജാൻവിക്കില്ല.
നെപ്പോട്ടിസം കൊണ്ട് മാത്രം ബി ടൗണിൽ നിലനിൽക്കുന്ന താരമെന്ന വിമർശനവും ജാൻവിക്ക് കേൾക്കേണ്ടി വരാറുണ്ട്. എന്നാൽ വിമർശരെ പോലെ തന്നെ ആരാധകരും ജാൻവിക്കുണ്ട്. സോഷ്യൽ മീഡിയയിലെ താരമാണ് ജാൻവി. റെഡ് കാർപ്പറ്റ് ഇവന്റുകളിൽ നടി തിളങ്ങുന്നു. പിതാവ് ബോണി കപൂർ, കുടുംബ സുഹൃത്ത് കരൺ ജോഹർ എന്നിവരുടെ പിന്തുണ ജാൻവിയുടെ കരിയറിലുടനീളമുണ്ട്. ജാൻവിയുടെ സഹോദരി ഖുശി കപൂറും സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്.

ഗലാട്ട പ്ലസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജാൻവി കപൂർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തിടെ റിലീസ് ചെയ്ത ബവാൽ എന്ന സിനിമയെക്കുറിച്ചും അമ്മയെക്കുറിച്ചും ജാൻവി സംസാരിച്ചു.
ആത്മവിശ്വാസം ഉണ്ടാകുന്നതും ആത്മവിശ്വാസം പുറമേക്ക് കാണിക്കുന്നതും വ്യത്യസ്തമാണ്. ബവാൽ എന്ന സിനിമയിൽ എന്റെ കഥാപാത്രമായ നിഷയെ പോലെ ഒരു ബന്ധം എനിക്കുണ്ടായാൽ ഞാൻ ആ ബന്ധത്തിൽ പിൻമാറും.
പക്ഷെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തനിക്കും അതിനുള്ള ധൈര്യം ഇല്ലായിരുന്നെന്ന് ജാൻവി തുറന്ന് പറഞ്ഞു. ഭർത്താവിന്റെ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്ന സ്ത്രീയെയാണ് ബവാലിൽ ജാൻവി അവതരിപ്പിച്ചത്. അമ്മയെക്കുറിച്ചും ജാൻവി സംസാരിച്ചു. നടിയെന്ന നിലയിൽ അമ്മയുടെ റൊമാൻസ് ക്യാമറയുമായി ആയിരുന്നു. അമ്മ അഭിനയിച്ചതിൽ സദ്മയാണ് എനിക്കിഷ്ടപ്പെട്ട റൊമാന്റിക് സിനിമ. അമ്മയുടെ അഞ്ച് സിനിമകൾ മാത്രമേ താൻ കണ്ടിട്ടുള്ളൂയെന്നും ജാൻവി വ്യക്തമാക്കി.

എന്റെ ആദ്യ ഷോട്ടെടുക്കുമ്പോൾ അമ്മ ഒപ്പം ഉണ്ടായിരുന്നു. സെറ്റിൽ അമ്മ അടുത്തുണ്ടാകുന്നത് എനിക്ക് ടെൻഷനാണ്. എന്റെ ആദ്യ ഷോട്ട് ഒളിച്ചിരുന്നാണ് അമ്മ കണ്ടത്. സെറ്റിൽ താൻ ഇല്ലെന്നാണ് അമ്മ പറഞ്ഞത്. പിന്നീട് അമ്മ അവിടെ ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞു. അടുത്തിടെ അമ്മയുടെ സുഹൃത്ത് തന്നോട് പങ്കുവെച്ച രഹസ്യത്തെക്കുറിച്ചും ജാൻവി മനസ് തുറന്നു.
എന്നെക്കുറിച്ച് അമ്മ തന്റെ കടുത്ത ആരാധകനായ സുഹൃത്തിനോട് പറഞ്ഞിരുന്നു. അമ്മയെക്കുറിച്ച് പുസ്തകം എഴുതാനിരിക്കുകയായിരുന്നു അദ്ദേഹം. അവർ തമ്മിൽ അടുത്ത സൗഹൃദം ഉടലെടുത്തു. ധീരജ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ബവാൽ കണ്ട ശേഷം അദ്ദേഹം എന്നെ വിളിച്ചു. അമ്മ തന്നെക്കുറിച്ച് പറഞ്ഞ കാര്യം അദ്ദേഹം തുറന്ന് പറഞ്ഞു. എന്റെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ അമ്മ അദ്ദേഹത്തെ വിളിച്ചിരുന്നു.
അവൾക്ക് ഉള്ളിൽ കഴിവുണ്ട്, അഭിമാനം തോന്നുന്നു എന്നാണ് അമ്മ പറഞ്ഞത്. ഒരാഴ്ച മുമ്പാണ് ധീരജ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ജാൻവി കപൂർ വ്യക്തമാക്കി. 2018 ലാണ് ശ്രീദേവി മരിച്ചത്. ഇതേ വർഷം തന്നെയാണ് ജാൻവിയുടെ ആദ്യ സിനിമ ധടക് റിലീസ് ചെയ്തത്. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ വീണാണ് ശ്രീദേവി മരിച്ചത്. മരണം സിനിമാ ലോകത്തെ ഞെട്ടിച്ചു. മം ആണ് ശ്രീദേവി അവസാനമായി അഭിനയിച്ച സിനിമ.


Click it and Unblock the Notifications