എന്നും വഴക്കിടും; പരിഹരിക്കുന്നത് ഉറങ്ങാൻ വേണ്ടി; ഐശ്വര്യയും അഭിഷേകും വിവാഹ ജീവിതത്തെക്കുറിച്ച് പറഞ്ഞത്
ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. 2007 ൽ വിവാഹിതരായ ഇരുവരും നീണ്ട 16 വർഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. അന്നും ഇന്നും ആരാധകരുടെ മനസ്സിലെ സൗന്ദര്യ സങ്കൽപ്പമാണ് ഐശ്വര്യ റായ്. താരമൂല്യത്തിൽ പലപ്പോഴും ഭർത്താവിനേക്കാൾ മുൻപന്തിയിലാണ് ഐശ്വര്യ. എന്നാൽ ഇതൊന്നും ഇവർ തമ്മിലുള്ള സനേഹത്തെയും സൗഹൃദത്തെയും ബാധിച്ചിട്ടില്ല. അടുത്തിടെ പോലും ഇത്തരത്തിൽ വന്ന കമന്റുകൾക്ക് അഭിഷേക് മറുപടി നൽകിയിട്ടുണ്ട്.
ഐശ്വര്യ റായിയെ തുടരെ സിനിമകൾ ചെയ്യാൻ അനുവദിച്ച് നിങ്ങൾ മകളെ നോക്കൂ എന്നായിരുന്നു അഭിഷേകിന് നേരെ വന്ന ട്വീറ്റ്. ഇതിന് തക്കതായ മറുപടിയും അഭിഷേക് നൽകി. അവൾക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ എന്റെ അനുവാദം ആവശ്യമില്ലെന്നാണ് അഭിഷേക് പറഞ്ഞത്. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ സിനിമ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ഐശ്വര്യ മടങ്ങി വരവ് ഗംഭീരമാക്കി.

തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് ഐശ്വര്യയും അഭിഷേകും മുമ്പ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ദമ്പതികൾ. നിങ്ങൾ വഴക്കിടുന്നത് എപ്പോഴാണെന്നായിരുന്നു ഒരു ചോദ്യം. എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നാണ് ഐശ്വര്യ ചിരിച്ച് കൊണ്ട് പറഞ്ഞത്. ഇതിൽ അഭിഷേക് വ്യക്തത വരുത്തി. വഴക്കിനപ്പുറം അവ അഭിപ്രായ വ്യത്യാസങ്ങളാണ്. അവ ഗൗരവമുള്ളതല്ല, ആരോഗ്യകരമാണ്.
അല്ലെങ്കിൽ വളരെ ബോറിങ് ആയിരിക്കുമെന്നും അഭിഷേക് അന്ന് പറഞ്ഞു. ആരാണ് തർക്കം ആദ്യം പരിഹരിക്കാറെന്ന് ചോദിച്ചപ്പോൾ ഞാനാണെന്ന് അഭിഷേക് മറുപടി നൽകി. സ്ത്രീകൾ പൊതുവെ രമ്യതയിലെത്താൻ ശ്രമിക്കില്ല. ഞങ്ങൾക്കൊരു ചട്ടമുണ്ട്. ഞങ്ങൾ വഴക്ക് തീർക്കാതെ ഉറങ്ങാറില്ല. പൊതുവെ പുരുഷൻമാർ ആദ്യം വഴക്ക് തീർക്കുന്നതിന് കാരണം അവർക്ക് ഉറക്കം വരുന്നത് കൊണ്ടാണെന്നും അഭിഷേക് അന്ന് തമാശയോടെ പറഞ്ഞു.
അഭിഷേകിന്റെയും ഐശ്വര്യയുടെയും വിവാഹം ഏറെ ചർച്ചയായിരുന്നു. കരിഷ്മ കപൂറുമായി വിവാഹത്തിനടുത്തെത്തിയ അഭിഷേകിന്റെ ബന്ധം പിന്നീട് പിരിയുകയായിരുന്നു. കുടുംബങ്ങൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണത്രെ വേർപിരിയലിന് കാരണമായത്. മറുവശത്ത് സൽമാൻ ഖാനുമായുള്ള പ്രണയവും ബ്രേക്കപ്പും ഐശ്വര്യയെ വർഷങ്ങൾക്കിപ്പുറവും വിവാദത്തിലാക്കിയിരുന്നു.

ധൂം 2, ഗുരു, രാവണൻ തുടങ്ങിയ സിനിമകളിൽ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിഷേക് തന്റെ നല്ല സുഹൃത്ത് കൂടിയാണെന്ന് ഐശ്വര്യ മുമ്പ് പറഞ്ഞിട്ടുണ്ട്. ആരാധ്യ എന്നാണ് താര ദമ്പതികളുടെ മകളുടെ പേര്. ഐശ്വര്യക്കൊപ്പം മിക്കയിടങ്ങളിലും ആരാധ്യയെ കാണാം. സിനിമാ പ്രൊമോഷൻ ചടങ്ങുകളിലും ആഘോഷ പരിപാടികളിലുമെല്ലാം ആരാധ്യയെ ഐശ്വര്യ ഒപ്പം കൂട്ടാറുണ്ട്.
ബോളിവുഡിലെ പ്രമുഖരടങ്ങുന്നതാണ് അഭിഷേകിന്റെ കുടുംബം. ഇന്ത്യൻ സിനിമാ രംഗത്തെ വൻ താരങ്ങളിലൊരാളാണ് പിതാവ് അമിതാഭ് ബച്ചൻ. അമ്മ ജയ ആദ്യ കാല നായിക നടിയും ഇപ്പോഴത്തെ എംപിയും. ഭാര്യ ഐശ്വര്യ റായി ഇന്ത്യൻ സിനിമയൊന്നാകെ അറിയപ്പെടുന്ന താര റാണിയും. കുടുംബത്തോടൊപ്പമുള്ള സമയത്തിന് ഐശ്വര്യ എന്നും പ്രാധാന്യം കൊടുത്തിട്ടുണ്ട്. നാല് വർഷം സിനിമകളിൽ നിന്ന് മാറി നിന്നതും ഇക്കാരണങ്ങൾ കൊണ്ടാണ്.
ഇടവേള അവസാനിപ്പിച്ച് വീണ്ടും കരിയറിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് ഐശ്വര്യ. നടിയുടെ പുതിയ സിനിമകളുടെ ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് വിവരം. അജിത്തിന്റെ പുതിയ സിനിമയിൽ ഐശ്വര്യ നായികയായേക്കുമെന്ന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ പൊന്നിയിൻ സെൽവന്റെ വിജയത്തിളക്കത്തിലാണ് ഐശ്വര്യ റായ്.


Click it and Unblock the Notifications