പൃഥ്വിരാജിനോടൊപ്പം അഭിനയിച്ചത് ഒരു ചിത്രം, നടനെ കുറിച്ച് വാചാലയായി ഐശ്വര്യ റായ് ബച്ചൻ...
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് പൃഥ്വിരാജ്. നടൻ, സംവിധായകൻ നിർമ്മാതാവ് എന്നിങ്ങനെ ചെറിയ സമയം കൊണ്ട് സിനിമയുടെ എല്ലാ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പൃഥ്വിരാജിന് കഴിഞ്ഞു. സൂപ്പർ താരങ്ങളുടെ ജനറേഷൻ കഴിഞ്ഞാൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പൃഥ്വി. വിമർശകരെ പോലും ഫാനാക്കി മാറ്റുകയായിരുന്നു താരം. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും പൃഥ്വിരാജ് സജീവമാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മികച്ച ചിത്രങ്ങൾ നടൻ ചെയ്തിട്ടുണ്ട്.
2002 ൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടൻ 2005ലാണ് തമിഴിൽ ചുവട് വയ്ക്കുന്നത്. വില്ലൻ വേഷത്തിലൂടെയായിരുന്നു തുടക്കമെങ്കിലും നടൻ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രകാശ് രാജ്, ജ്യോതിക എന്നിവർ പ്രധാന വേഷത്തിലെത്തിയ മൊഴിയിലൂടെയാണ് കൂടുതൽ കോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലും ഈ ചിത്രം മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. പിന്നീട് ടോളിവുഡിലും ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു.

സഹപ്രവർത്തകരോട് വളരെ അടുത്ത ബന്ധമാണ് പൃഥ്വിരാജിനുള്ളത്. മോഹൻലാൽ മമ്മൂട്ടി മുതൽ യുവതാരങ്ങൾവരെ പൃഥ്വിയുടെ സൗഹൃദവലയത്തിലുണ്ട്. എല്ലാ ജനറേഷനിലുള്ള താരങ്ങളോടൊപ്പവും അഭിനയിക്കാൻ നടന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെ പോലെ സഹപ്രവർത്തകർക്കും പൃഥ്വിയെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൃഥ്വിരാജിനെ കുറിച്ച് ലോക സുന്ദരി ഐശ്വര്യ റായിയും റാണി മുഖർജിയും പറഞ്ഞ വാക്കുകളാണ്. ഇരുവർക്കുമൊപ്പം പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.

മണിരത്നം ചിത്രമായ രാവണനിലായിരുന്നു ഐശ്വര്യക്കൊപ്പം പൃഥ്വി അഭിനയിച്ചത്. ഐശ്വര്യയുടെ ജോഡിയായിട്ടായിരുന്നു പൃഥ്വി എത്തിയത്. 2010 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നടൻ ചിയാൻ വിക്രവും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് നടി പറയുന്നത്.മികച്ചതും മാന്യമായ വ്യക്തിത്വത്തിന് ഉടമയാണ് പൃഥ്വി എന്നാണ് ഐശ്വര്യ റായി പറയുന്നത്. ചിത്രത്തിലെ ദേവ് എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് പൃഥ്വി അവതരിപ്പിച്ചത്. വളര സമര്‍ത്ഥനായ താരമാണ് പൃഥ്വി എന്നും ഐശ്വര്യ പറയുന്നു. പൃഥ്വിക്കൊപ്പം അഭിനയിച്ചത് മികച്ച അനുഭവമായിരുന്നെന്നും ആഷ് കൂട്ടിച്ചേർത്തു.

അത് പോലെ തന്നെ ബോളിവുഡ് താരം റാണി മുഖർജിയും പൃഥ്വിരാജിനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. പൃഥ്വിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം റാണി മുഖർജിയ്ക്കൊപ്പമായിരുന്നു. പൃഥ്വിരാജ് മികച്ച കോ- സ്റ്റാറാണെന്നാണ് റാണി അന്ന് പറഞ്ഞത്. ഇത് കൂടാതെ മഴവിൽ മനോരമ സംഘടിപ്പിച്ച ഒരു ഷോയിലും പൃഥ്വിയെ കുറിച്ച് നടി വാചാലയായിരുന്നു. പൃഥ്വയുടെ അഭാവത്തിൽ നടന്നപരിപടിയിൽ സഹോദരൻ ഇന്ദ്രജിത്ത് സുകുമാരൻ പങ്കെടുത്തിരുന്നു.

2017 ൽ പുറത്ത് ഇറങ്ങിയ നാം ശബാനയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം. കോൾഡ് കോസ് ആണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ മലയാള സിനിമ. ആമസോൺ പ്രൈമിലായിരുന്നു സിനിമ റിലീസ് ചെയ്തത്. നടന്റെ ആദ്യത്തെ ഓടിടി റിലീസാണിത്. അയ്യപ്പനും കോശിയുമാണ് ഏറ്റവും ഒടുവിൽ തിയേറ്ററിൽ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം.2021 ൽ നിരവധി ചിത്രങ്ങൾ നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











