'സ്ത്രീകളുമായി അത്തരം സംഭാഷണങ്ങൾക്ക് ഞാനില്ല'; സുസ്മിതയിൽ നിന്ന് പോലും അകന്ന് നിന്ന ഐശ്വര്യ
ഇന്ത്യൻ സിനിമയിൽ അഭിനയ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടവർ ഒരുപാടുണ്ടെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തിൽ ആദ്യം ഉയർന്ന് വരുന്ന പേര് ഐശ്വര്യ റായുടേതാണ്. 49 കാരിയായ ഐശ്വര്യ ഇന്നും ആരാധകരുടെ സ്വപ്ന നായികയാണ്. ഐശ്വര്യയുടെ ഭംഗി ഹോളിവുഡിൽ വരെ ഒരു കാലത്ത് ചർച്ചയായിരുന്നു. മോഡലിംഗിൽ നിന്നും സിനിമാ രംഗത്തക്ക് കടന്ന് വന്ന ഐശ്വര്യക്ക് മുൻനിര സ്ഥാനം ബോളിവുഡിൽ ലഭിച്ചു.
നായിക നടിമാർ എത്തിപ്പെടാൻ കൊതിക്കുന്ന ഹിന്ദി സിനിമാ രംഗത്തോട് പ്രത്യേക ഭ്രമം ഐശ്വര്യക്ക് അന്നും ഇന്നും ഇല്ല. മോഡലിംഗ് ചെയ്യുന്ന കാലത്ത് താരത്തിന് നിരവധി അവസരങ്ങൾ ബോളിവുഡിൽ നിന്ന് വന്നിരുന്നു. എന്നാൽ ആദ്യ ചിത്രമായി ഐശ്വര്യ തെരഞ്ഞെടുത്തത് മണിരത്നത്തിന്റെ ഇരുവർ എന്ന തമിഴ് സിനിമയാണ്. ഇതിന് ശേഷമാണ് താരം ബോളിവുഡിലേക്ക് കടക്കുന്നത്.

ബോളിവുഡിൽ മുൻനിര താരമായപ്പോഴും തമിഴ് സിനിമാ ലോകത്തെ ഐശ്വര്യ മറന്നില്ല. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി തിരിച്ച് വരുന്നത് പൊന്നിയിൻ സെൽവൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ്. ബോളിവുഡിലെ ഐശ്വര്യയുടെ കരിയർ ഗ്രാഫ് പലപ്പോഴും ചർച്ചയാകാറുണ്ട്. മുൻ നിര നായികയാണെങ്കിലും ബൗ ടൗണിൽ നടിയുടെ കരിയർ ഉയർന്നും താഴ്ന്നുമാണ് മുന്നോട്ട് പോയത്.
ചില ഹിന്ദി സിനിമകളിൽ ഐശ്വര്യയുടെ പ്രകടനത്തെ നിരൂപകർ രൂക്ഷമായി വിമർശിച്ചു. അതേസമയം സഞ്ജയ് ലീല ഭൻസാലി ഉൾപ്പെടെയുള്ള പ്രഗൽഭരായ സംവിധായകരുടെ സിനിമയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനും ഐശ്വര്യക്ക് കഴിഞ്ഞു. ഗുസാരിഷ്, ദേവദാസ് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.
ബി ടൗണിലെ മറ്റ് നടിമാരിൽ നിന്നും ഐശ്വര്യ റായ് വ്യത്യസ്തയാണ്. സിനിമാ രംഗത്ത് ഐശ്വര്യക്ക് സൗഹൃദങ്ങൾ വളരെ കുറവാണ്. സൗന്ദര്യ മത്സര വേദികളിൽ ഒരുമിച്ച് പങ്കെടുത്ത സുസ്മിത സെനുമായി പോലും അടുത്ത സൗഹൃദം ഐശ്വര്യക്കില്ല. നടിമാരുടെ ഒത്തുചേരലുകളിലോ പിറന്നാൾ ആഘോഷങ്ങളിലോ ഐശ്വര്യ ഇല്ല. ഇൻസ്റ്റഗ്രാമിൽ സഹപ്രവർത്തകരായ ഒരു നടിയെയും ഐശ്വര്യ ഫോളോ ചെയ്യുന്നുമില്ല.
ഐശ്വര്യ ബി ടൗൺ ഗ്യാങ്ങുകളിൽ നിന്ന് മാറി നിൽക്കുന്നതാണോ ഐശ്വര്യയെ മാറ്റി നിർത്തുന്നതാണോ എന്ന് ആരാധകർ ഇടയ്ക്ക് ചോദിക്കാറുണ്ട്. മുമ്പൊരിക്കൽ സ്ത്രീ സൗഹൃദങ്ങൾ അധികം ഇല്ലാത്തതിനെക്കുറിച്ച് ഐശ്വര്യ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഭർത്താവ് അഭിഷേക് ബച്ചനൊപ്പം കോഫി വിത്ത് കരൺ എന്ന ഷോയിൽ പങ്കെടുത്തപ്പോഴായിരുന്നു ഇത്.

തന്റെ അടുത്ത സുഹൃത്തുക്കൾ പുരുഷൻമാരാണ്. ഒരു പാർട്ടിയിലേക്ക് പോയാൽ ആദ്യം സംസാരിക്കുന്നത് നിങ്ങളോടൊക്കെയാണ്. എനിക്ക് സ്ത്രീകളുമായി പ്രശ്നങ്ങളൊന്നുമില്ല. എനിക്ക് സ്ത്രീ സഹജമായ ചില സംഭാഷണങ്ങളോട് താൽപര്യമില്ല. വസ്ത്രങ്ങൾ, ഷൂ, ഹെയർ സ്റ്റെെൽ തുടങ്ങിയവയെല്ലാം ഇൻഡസ്ട്രിയുടെ ഭാഗമാണ്. പക്ഷെ അതേക്കുറിച്ചുള്ള ടിപ്പിക്കൽ സംസാരങ്ങളോട് തനിക്ക് താൽപര്യമില്ലെന്ന് ഐശ്വര്യ ഷോയുടെ അവതാരകനായ കരൺ ജോഹറിനോട് വ്യക്തമാക്കി.
അതേസമയം താൻ സ്ത്രീ സൗഹൃദങ്ങൾക്ക് എതിരല്ല. നല്ല സംഭാഷണങ്ങൾ ചിലപ്പോൾ സാധ്യമാകുമെന്നും നടി അഭിപ്രായപ്പെട്ടു. പ്രീതി സിന്റ ഐശ്വര്യയുടെ അടുത്ത സുഹൃത്താണെന്ന് ഷോയിൽ ഒപ്പമുണ്ടായിരുന്ന അഭിഷേക് ബച്ചൻ ചൂണ്ടിക്കാട്ടി. ഐശ്വര്യ അത് സമ്മതിക്കുകയും ചെയ്തു.
ഐശ്വര്യയുടെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. ചിലർ നടിയുടെ അഭിപ്രായത്തെ അനുകൂലിച്ചു. അതേസമയം ചിലർ ഐശ്വര്യയുടേത് തെറ്റായ ചിന്താഗതിയാണെന്നും അഭിപ്രായപ്പെട്ടു. പെന്നിയിൻ സെൽവന്റെ വിജയത്തിളക്കത്തിലാണ് താരമിപ്പോൾ. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications