അഭിഷേക് അന്ന് സ്വയം മറന്നു; ഇടയ്ക്ക് കാണാതെയായി; മകനെക്കുറിച്ച് ബച്ചൻ പറഞ്ഞ വാക്കുകൾ
ഇന്ത്യൻ സിനിമയിലെ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ജയ ബച്ചൻ. അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങി ബച്ചന്റെ കുടുംബാംഗങ്ങളെല്ലാം ജനശ്രദ്ധ ആകർഷിക്കുന്നവരാണ്. കുടുംബത്തിന് എന്നും പ്രാധാന്യം നൽകിയ വ്യക്തിയാണ് ബച്ചൻ. കരിയറിന്റെ തിരക്കുകളോ തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകളോ കുടുംബ ജീവിതത്തെ ബാധിക്കാതിരിക്കാൻ അമിതാഭ് ബച്ചൻ ശ്രദ്ധിക്കാറുണ്ട്. 'ആംഗ്രി യങ് മാൻ' എന്ന് ആരാധകർ വിശേഷിപ്പിച്ച ബച്ചൻ ഒരുകാലത്ത് ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായിരുന്നു.
ഇന്ത്യൻ സിനിമയുടെ അന്നും ഇന്നും കണ്ട നടൻ ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ്. പ്രാെജക്ട് കെയാണ് അമിതാഭ് ബച്ചൻ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ പ്രഭാസാണ് നായകൻ. വർഷങ്ങളായി സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കുന്ന ജയ ബച്ചനും ഇടവേള അവസാനിപ്പിച്ച് വീണ്ടും ബിഗ്സ്ക്രീനിലേക്ക് വരാനിരിക്കുന്നു.

റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെയാണ് ജയ ബച്ചൻ തിരിച്ചെത്തുന്നത്. അടുത്തിടെയാണ് ബച്ചന്റെയും ജയയുടെയും 50ാം വിവാഹ വാർഷികം താരകുടുംബം ആഘോഷിച്ചത്. മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും മാതാപിതാക്കൾക്ക് ആശംസകൾ അറിയിച്ച് കൊണ്ട് പങ്കുവെച്ച ഫോട്ടോകൾ ശ്രദ്ധ നേടി.
തന്റെ മകനെക്കുറിച്ച് അമിതാഭ് ബച്ചൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അഭിഷേകിന്റെ ചെറുപ്പകാലത്ത് കുടുംബസമേതം ഒരു വിദേശ യാത്ര നടത്തിയതിനെക്കുറിച്ചാണ് ബച്ചൻ സംസാരിച്ചത്. സിൽസില എന്ന സിനിമയിൽ അഭിനയിക്കാൻ നെതർലന്റിലെത്തിയതായിരുന്നു ബച്ചനും കുടുംബവും. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, രേഖ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.
നെതർലന്റിലെ പൂന്തോട്ടത്തിൽ കുടുംബത്തോടൊപ്പം ഉല്ലസിക്കാൻ സിനിമയ്ക്കിടെ അവസരം ലഭിച്ചെന്ന് ബച്ചൻ ഓർത്തു. അഭിഷേക് പൂന്തോട്ടത്തിൽ സ്വയം മറന്ന് ആഹ്ലാദിച്ചത് ഇപ്പോഴും ഓർക്കുന്നു. പൂന്തോട്ടത്തിലെ ചാടുന്ന അഭിഷേകിനെ ഇടയ്ക്ക് കാണാതാവുമായിരുന്നു. അതൊക്കെയായിരുന്നു നല്ല ദിനങ്ങളെന്നും അമിതാഭ് ബച്ചൻ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ട് ട്വിറ്ററിൽ കുറിച്ചു. മകനുമായി വളരെ അടുത്ത ആത്മബന്ധം ബച്ചനുണ്ട്. പല അഭിമുഖങ്ങളിലും രണ്ട് പേരും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

നടനെന്ന നിലയിൽ പിതാവിന്റെ ഏറ്റവും വലിയ ആരാധകനാണ് താനെന്ന് അഭിഷേക് ബച്ചൻ മുമ്പൊരിക്കൽ വ്യക്തമാക്കിയിരുന്നു. കരിയറിൽ പിതാവിനെ പോലെ സൂപ്പർസ്റ്റാറായി മാറാൻ അഭിഷേക് ബച്ചന് കഴിഞ്ഞില്ല. സഹനടനായി നിരവധി സിനിമകൾ അഭിഷേക് ബച്ചൻ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ പരിശോധിച്ചാൽ എടുത്ത് പറയത്തക്ക ഹിറ്റ് സിനിമയും നടനില്ല. അതേസമയം 'ബ്രീത്: ഇൻ ടു ദ ഷാഡോസ്' എന്ന സീരിസ് ശ്രദ്ധ നേടി.
മറുവശത്ത് ഭാര്യ ഐശ്വര്യ റായ് പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവ് നടത്തി. അടുത്തിടെയാണ് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. നന്ദിനി എന്ന കഥാപാത്രത്തെ ഐശ്വര്യ മികച്ച രീതിയിൽ അവതരിപ്പിച്ചെന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
അടുത്തിടെ ഐശ്വര്യയുടെയും അഭിഷേകിന്റെയും കരിയറിനെ താരതമ്യം ചെയ്ത് വന്ന ട്രോളിന് നടൻ തക്കതായ മറുപടി നൽകിയിരുന്നു. അഭിഷേക് വീട്ടിലിരുന്ന് മകളെ നോക്കുകയും ഐശ്വര്യയെ കൂടുതൽ സിനിമകൾ ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ഐശ്വര്യക്ക് ഇഷ്ടമുള്ളത് ചെയ്യാൻ താൻ അനുവദിക്കേണ്ടതില്ലെന്ന് അഭിഷേക് ഇതിന് മറുപടി നൽകി. ഭാര്യയുടെ വിജയത്തിൽ സന്തോഷിക്കുന്ന അഭിഷേകിനെ നിരവധി പേർ അഭിനന്ദിച്ചു.


Click it and Unblock the Notifications











