അന്ന് കരഞ്ഞ് പോയ അമിതാഭ് ബച്ചൻ; ഗർഭകാലത്തും മരുമകൾക്ക് വേണ്ടി സംസാരിച്ചു; ഐശ്വര്യയും ബച്ചൻ കുടുംബവും
അമിതാഭ് ബച്ചന്റെ 81ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ ലോകം. ആരാധകരും സഹപ്രവർത്തകരുമെല്ലാം നടന് ആശംസകളുമായെത്തുന്നുണ്ട്. വാർധക്യത്തിലും ഊർജസ്വലതയോടെ കർമ നിരതനായിരിക്കുന്ന അമിതാഭ് ബച്ചൻ ഏവർക്കും പ്രചോദനമാണ്. സിനിമാ ലോകത്തിന്റെ ഇന്നലകൾ കണ്ട ബച്ചൻ സീനിയർ താരമെന്ന് പറഞ്ഞ് മാറി നിൽക്കാതെ പുതിയ കാലത്തെ സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്നു. പിറന്നാൾ ദിനത്തിൽ ബച്ചന്റെ കുടുംബവും ആഘോഷത്തിലാണ്. കുടുംബസമേതമുള്ള ഫോട്ടോ പുറത്ത് വന്നിട്ടുണ്ട്.
മരുമകൾ ഐശ്വര്യ റായ്, മകൾ ശ്വേത ബച്ചൻ. ഭാര്യ ജയ ബച്ചൻ, കൊച്ചുമക്കളായ ആരാധ്യ, നവ്യ, അഗസ്ത്യ എന്നിവർ പിറന്നാൾ ദിനം ആഘോഷമാക്കി. വീഡിയോ കോളിലൂടെയാണ് മകൻ അഭിഷേക് ബച്ചൻ ആഘോഷത്തിൽ പങ്കുചേർന്നത്. ബോളിവുഡിൽ ഏറ്റവും ജനശ്രദ്ധ ലഭിക്കുന്ന കുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഐശ്വര്യ റായുടെ സാന്നിധ്യവും ഇതിൽ വലിയൊരു ഘടകമാണ്. ആഗോളതലത്തിൽ അറിയപ്പെടുന്ന ഐശ്വര്യ റായ് ബച്ചൻ കുടുംബത്തിലേത്ത് കടന്ന് വന്നപ്പോൾ ഏവരും സന്തോഷിച്ചു.

ബച്ചൻ കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെ പാരമ്പര്യ മൂല്യങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്നയാളാണ് ഐശ്വര്യ റായ്. കരിയറിലെ താരത്തിളക്കത്തിനപ്പുറം കുടുംബ ജീവിതം നടി എന്നും ആഗ്രഹിച്ചിരുന്നു. മരുമകളെന്നതിനപ്പുറം മകളെ പോലെയാണ് അമിതാഭ് ബച്ചൻ ഐശ്വര്യ റായിയെ കണ്ടത്. ഇക്കാര്യം അമിതാഭ് ബച്ചൻ മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. മകൾ ശ്വേതയെ പോലെ തന്നെയാണ് ഐശ്വര്യയെ കാണുന്നത്.
ശ്വേത വിവാഹം ചെയ്ത് പോയപ്പോൾ മറ്റൊരു മകളായി ഐശ്വര്യ കടന്ന് വന്നു. തങ്ങൾക്ക് ഒരു വ്യത്യാസവും തോന്നിയിട്ടില്ലെന്നും അമിതാഭ് ബച്ചൻ അന്ന് വ്യക്തമാക്കി. 2020 ൽ ഐശ്വര്യക്കും മകൾ ആരാധ്യക്കും കൊവിഡ് ബാധിച്ചിരുന്നു ഐസൊലേഷൻ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വികാരാധീനനായ അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് അന്ന് ശ്രദ്ധ നേടി.

പേരക്കുട്ടിയും മരുമകളും വീട്ടിൽ തിരിച്ചെത്തിയപ്പോൾ എനിക്ക് കണ്ണുനീർ അടക്കാനായില്ല. ദൈവത്തിന്റെ കാരുണ്യം അതിരുകളില്ലാത്തതും അനശ്വരവുമാണെന്ന് അന്ന് അമിതാഭ് ബച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കരിയറിലെ വിവാദങ്ങളിലും ഐശ്വര്യക്ക് അമിതാഭ് ബച്ചൻ തുണയായി രംഗത്ത് വന്നിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ സിനിമയാണ് ഹീറോയിൻ.
കരീന കപൂർ നായികയായ ഈ ചിത്രത്തിൽ കരീനയ്ക്ക് പകരം ആദ്യം പരിഗണിച്ചിരുന്നത് ഐശ്വര്യ റായിയെയാണ്. എന്നാൽ ഈ സമയത്ത് ഐശ്വര്യ റായ് ഗർഭിണിയാണ്. എന്നാൽ സംവിധായകനായ തന്നിൽ നിന്നും ഈ വിവരം ഐശ്വര്യ മറച്ച് വെച്ചെന്ന് മധുർ ഭണ്ഡാർക്കർ ആരോപിച്ചു. സിനിമയിൽ പുകവലിക്കുന്ന രംഗങ്ങളുണ്ട്. ഗർഭിണിയായ നടിയുടെ ആരോഗ്യത്തെ അത് ബാധിച്ചേനെ, സെറ്റിൽ വെച്ച് എന്തെങ്കിലും പരിക്ക് പറ്റിയിരുന്നെങ്കിൽ തനിക്കത് വലിയ കുറ്റബോധമായേനെ എന്നും സംവിധായകൻ തുറന്ന് പറഞ്ഞു.
പരാമർശത്തിൽ അമിതാഭ് ബച്ചൻ എതിർപ്പ് പ്രകടിപ്പിച്ചു. സിനിമയിൽ ഒപ്പുവെക്കുന്ന സമയത്ത് ഐശ്വര്യ വിവാഹിതയാണെന്ന് എല്ലാവർക്കും അറിയാം. നടിമാർ വിവാഹിതരാകരുതെന്നും ഗർഭിണിയാകരുതെന്നുമാണോ പറയുന്നത്. ഒരു പ്രൊജക്ടിൽ വർക്ക് ചെയ്യുമ്പോൾ വിവാഹിതയാകരുതെന്നും ഗർഭിണിയാകരുതെന്നും കരാറിന്റെ വ്യവസ്ഥയിൽ പറയുന്നത് ശരിയല്ലെന്നും അന്ന് അമിതാഭ് ബച്ചൻ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications