ഹേമയ്ക്കും ജിതേന്ദ്രയ്ക്കും രഹസ്യ വിവാഹം; മദ്യപിച്ച് ബഹളം വെച്ച് ധർമ്മേന്ദ്ര; അന്ന് നടന്നത്
ഇന്ത്യൻ സിനിമയിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച താര ജോഡിയാണ് ധർമ്മേന്ദ്രയും ഹേമ മാലിനിയും. ഓൺസ്ക്രീനിലെ നായകനും നായികയും ജീവിതത്തിൽ ഒരുമിച്ചപ്പോൾ സിനിമാരംഗത്ത് അത് വലിയ ചർച്ചയായി. ധർമ്മേന്ദ്രയുടെ രണ്ടാം ഭാര്യയായാണ് ഹേമ മാലിനി നടന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ആദ്യ ഭാര്യയുമായി നടൻ പിരിഞ്ഞതുമില്ല. പ്രകാശ് കൗർ എന്നാണ് ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. പ്രകാശ് കൗറിന്റെ കുടുംബം തകർത്തെന്ന ആക്ഷേപം അന്ന് ഹേമ മാലിനിക്ക് കേൾക്കേണ്ടി വന്നു.
എന്നാൽ ധർമ്മേന്ദ്രയുടെ ആദ്യ വിവാഹബന്ധത്തിൽ ഹേമ മാലിനി പ്രശ്നങ്ങൾ സൃഷ്ടിച്ചില്ല. പ്രകാശ് കൗർ താമസിക്കുന്ന ധർമ്മേന്ദ്രയുടെ തറവാട്ടിലേക്ക് ഹേമ മാലിനി പോയതുമില്ല. ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയെ താൻ ബഹുമാനിക്കുന്നെന്നാണ് മുമ്പൊരിക്കൽ ഹേമ മാലിനി പറഞ്ഞത്. അടുത്തിടെയാണ് പ്രകാശ് കൗറിന്റെയും ധർമ്മേന്ദ്രയുടെയും കൊച്ചു മകൻ കരൺ ഡിയോളിന്റെ വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ ഹേമ മാലിനി പങ്കെടുത്തില്ല.

നാടകീയമായ സംഭവങ്ങൾക്കൊടുവിലാണ് ധർമ്മേന്ദ്രയും ഹേമ മാലിനിയും 1980 ൽ വിവാഹം ചെയ്തത്. ധർമ്മേന്ദ്രയ്ക്ക് മറ്റൊരു ഭാര്യയുള്ളതിനാൽ മകളെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഹേമ മാലിനിയുടെ മാതാപിതാക്കൾ പരമാവധി ശ്രമിച്ചു. ഹേമയുടെ അമ്മ ജയ ചക്രവർത്തി മകളെ മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തു.
അന്നത്തെ സൂപ്പർ താരം ജിതേന്ദ്രയെയാണ് മകൾക്ക് വരനായി മാതാപിതാക്കൾ കണ്ടെത്തിയത്. ജീതേന്ദ്രയുടെ കുടുംബവും വിവാഹത്തിന് സമ്മതിച്ചു. ചെന്നെെയിൽ വെച്ച് രഹസ്യ വിവാഹം നടത്താൻ കുടുംബം തീരുമാനിക്കുകയും എല്ലാവരും ചെന്നെെയിലേക്ക് പോവുകയും ചെയ്തു.

എന്നാൽ ഇതിനിടെ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടായി. ജീതേന്ദ്രയുടെ കാമുകി ശോഭ കപൂർ ഈ രഹസ്യനീക്കങ്ങൾ ധർമ്മേന്ദ്രയോട് പറഞ്ഞു. ഇരുവരും ഒരുമിച്ച് ചെന്നെെയിലെത്തി. ഹേമ മാലിനിയെ കാണാൻ കുടുംബം ധർമ്മേന്ദ്രയെ അനുവദിച്ചില്ല. മദ്യപിച്ചിരുന്ന ധർമ്മേന്ദ്ര തിരിച്ച് പോകാൻ തയ്യാറായില്ല. ഒടുവിൽ ഹേമയെ കാണാൻ സാധിച്ചു. മുറിയിലിരുന്ന് ഇരുവരും ഏറെ നേരം സംസാരിച്ചു. മാനസികമായി തകർന്ന ധർമ്മേന്ദ്ര ഈ വിവാഹത്തിന് തയ്യാറാവരുതെന്ന് ഹേമ മാലിനിയോട് അപേക്ഷിച്ചു.
ഇതേസമയം മറുവശത്ത് ജീതേന്ദ്രയും കാമുകി ശോഭ കപൂറും തമ്മിൽ തർക്കമുണ്ടായി. ശോഭ കപൂർ തന്റെ ദേഷ്യം പ്രകടിപ്പിച്ചെങ്കിലും നിസംഗനായ ജീതേന്ദ്ര ഹേമ മാലിനിയെ വിവാഹം കഴിക്കാനാണ് തന്റെ തീരുമാനമെന്ന് തുറന്ന് പറഞ്ഞു. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഹേമ ഈ വിവാഹത്തിന് തയ്യാറായില്ല. അപമാനിക്കപ്പെട്ട ജീതേന്ദ്ര കുടുംബത്തോടൊപ്പം തിരിച്ച് പോയി. 1974 ൽ ശോഭ കപൂറിനെ വിവാഹവും ചെയ്തു. ഹേമ മാലിനി: ബിയോണ്ട് ദ ഡ്രീം ഗേൾ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വിവരിക്കുന്നത്.
വിവാദങ്ങളെല്ലാം അകന്ന് ഇന്നും സന്തോഷകരമായി ഒരുമിച്ച് ജീവിക്കുകയാണ് ധർമ്മേന്ദ്രയും ഹേമ മാലിനിയും. ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ് താരദമ്പതികളുടെ മക്കൾ. സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ എന്നീ നാല് മക്കളാണ് ധർമ്മേന്ദ്രയ്ക്ക് ആദ്യ വിവാഹബന്ധത്തിൽ പിറന്നത്. രണ്ട് വിവാഹബന്ധങ്ങളിലെ ആറ് മക്കൾക്കും ധർമ്മേന്ദ്ര ഒരുപോലെ ശ്രദ്ധ നൽകി.
വിവാഹത്തിന് ശേഷവും ഹേമ മാലിനി കരിയറിൽ സജീവമായിരുന്നു. പിന്നീട് രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചു. മറുവശത്ത് 87 കാരനായ ധർമ്മേന്ദ്ര ഏറെ നാളുകൾക്ക് ശേഷം അടുത്തിടെ റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയിൽ അഭിനയിച്ചു. സിനിമ റിലീസിനൊരുങ്ങുകയാണ്.


Click it and Unblock the Notifications