നിങ്ങളാരാണെന്നാണ് വിചാരം? അമിതാഭ് ബച്ചനോട് ചൂടായ ഫറാ ഖാൻ; അന്നത്തെ സംഭവത്തെക്കുറിച്ച് ബച്ചൻ പറഞ്ഞത്
ബോളിവുഡിലെ പ്രമുഖ ഫിലിം മേക്കർമാരിലൊരാളാണ് ഫറാ ഖാൻ. സംവിധായിക, പ്രൊഡ്യൂസർ, കൊറിയോഗ്രഫർ, റിയാലിറ്റി ഷോ ജഡ്ജ് തുടങ്ങി പല മേഖലകളിൽ ഫറ പ്രവർത്തിച്ചു. ഒരു വനിതാ ഫിലിം മേക്കറിന് ഇത്രയും നേട്ടങ്ങൾ ബോളിവുഡ് സിനിമാ രംഗത്ത് സ്വന്തമാക്കാനായത് തന്നെ അപൂർവതയാണ്. ഷാരൂഖ് ഖാനെ നായകനാക്കി ചെയ്ത ഓം ശാന്തി ഓം എന്ന സിനിമയാണ് ഫറയുടെ കരിയറിൽ എടുത്ത് പറയുന്നത്. ദീപിക പദുകോണിനെ ആദ്യമായി നായികയായി ബോളിവുഡിലേക്ക് എത്തിക്കുന്നതും ഫറാ ഖാനാണ്.
ബോളിവുഡിലെ മിക്ക താരങ്ങളുമായും അടുത്ത സൗഹൃദം ഫറാ ഖാനുണ്ട്. പൊതുവെ എല്ലാം തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ഫറാ ഖാൻ. സൂപ്പർ സ്റ്റാറുകളായാലും തനിക്ക് പറയാനുള്ള കാര്യം ഫറ തുറന്നടിക്കും. പൊതുവെ വൈകി സെറ്റിലെത്തുന്നവരാണ് ബി ടൗണിലെ സൂപ്പർ സ്റ്റാറുകൾ. എന്നാൽ ഇതൊന്നും ഫറ അംഗീകരിക്കാറില്ല. ഷാരൂഖ് ഖാനോനുൾപ്പെടെ ഇക്കാര്യം തുറന്ന് പറയാൻ ഫറ മടിച്ചിട്ടില്ല. ഇപ്പോഴിതാ ഫറാ ഖാൻ തന്നെ ചീത്ത പറഞ്ഞതിനെക്കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ദീപിക പദുകോണിനും ഫറാ ഖാനുമൊപ്പം ഒരു ടോക് ഷോയിൽ പങ്കെടുത്തതായിരുന്നു അമിതാഭ് ബച്ചൻ. ഫറ നിന്ന എപ്പോഴെങ്കിലും വഴക്ക് പറഞ്ഞിട്ടുണ്ടോയെന്ന് ബച്ചൻ ദീപികയോട് ചോദിച്ചു. എപ്പോഴാണ് ഫറ വഴക്ക് പറയാത്തതെന്നായിരുന്നു ദീപികയുടെ തമാശയോടെയുള്ള മറുപടി. തന്നെ വഴക്ക് പറഞ്ഞ സംഭവം ബച്ചൻ പങ്കുവെച്ചു.

കൊറിയോഗ്രാഫ് ചെയ്യേണ്ട ഗാനമുണ്ടായിരുന്നു. ഞാനും അഭിഷേകുമായിരുന്നു ഗാനത്തിൽ. ഞങ്ങളുടെ കൈയിലുള്ള തൊപ്പി തലയിലേക്ക് എറിഞ്ഞ് വെക്കണം. എത്ര ശ്രമിച്ചിട്ടും തൊപ്പി എന്റെ തലയിൽ വീഴുന്നില്ല. ഇവളെന്നെ വഴക്ക് പറഞ്ഞു. തൊപ്പി ശരിക്ക് വെക്കൂ. നിങ്ങളാരാണെന്നാണ് വിചാരമെന്ന്, അമിതാഭ് ബച്ചൻ പറഞ്ഞു.
ഇതിനിടെ ഇടപെട്ട ഫറാ ഖാൻ അങ്ങനെ പറഞ്ഞത് അഭിഷേക് ബച്ചനോടാണെന്ന് വ്യക്തമാക്കി. പൊതുവെ വിമർശനങ്ങളെ ഭയന്ന് അഭിപ്രായം തുറന്ന് പറയാതിരിക്കാൻ ഫറാ ഖാൻ ശ്രമിക്കാറില്ല. ലോക്ഡൗൺ സമയത്ത് ബോളിവുഡിലെ പ്രമുഖ താരങ്ങൾക്കെതിരെ ഫറ ഉന്നയിച്ച വിമർശനം ചർച്ചയായിരുന്നു.

ഇതരസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പാലായനം ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ ചർച്ചയായിരിക്കെ ബോളിവുഡിലെ താരങ്ങൾ തങ്ങളടെ ഫിറ്റ്നെസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലായിരുന്നു. ഇതിനെതിരെയാണ് ഫറാ ഖാൻ സംസാരിച്ചത്.
ഫറാ ഖാന്റെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കരിയറിന്റെ തിരക്കുകളിൽ പെട്ട ഫറ ഖാൻ 2004 ലാണ് വിവാഹം കഴിക്കുന്നത്. ശിരിഷ് കുന്ദറെന്നാണ് ഫറയുടെ ഭർത്താവിന്റെ പേര്. ഐവിഎഫ് വഴിയാണ് ഫറയും ഭർത്താവും കുഞ്ഞുങ്ങളെ സ്വീകരിച്ചത്. തന്റെ 43ാം വയസ്സിലാണ് ഫറാ ഖാൻ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവുന്നത്. ഫറാ ഫാനെക്കാൾ എട്ട് വയസ്സ് കുറവാണ് ഭർത്താവ് സിരിഷിന്.
വൈകി കുടുംബ ജീവിതം തുടങ്ങിയതിനെ പറ്റി ഫറാ ഖാൻ മുമ്പ് സംസാരിച്ചിരുന്നു. 43ാം വയസ്സിലാണ് കുഞ്ഞുങ്ങൾ ജനിച്ചത്. കാരണം ചില സമയത്ത് നമ്മൾ കരിയറുണ്ടാക്കുന്നതിന്റെ തിരക്കുകളിലായിരിക്കും. പിന്നീടാണ് ജീവിതത്തെ പറ്റി കുറേക്കൂടി മനസ്സിലാക്കുകയെന്നും ഫറാ ഖാൻ പറഞ്ഞു.
ഫറാ ഖാൻ സഹോദരൻ സാജിദ് ഖാൻ മീടൂ ആരോപണത്തിൽ പെട്ടത് നേരത്തെ വലിയ വിവാദമായിരുന്നു. സാജിത് ഖാനെതിരെ ഒന്നിലേറെ സ്ത്രീകൾ രംഗത്ത് വന്നു. തന്റെ സഹോദരൻ തെറ്റ് ചെയ്തുട്ടുണ്ടെങ്കിൽ പിന്തുണയ്ക്കില്ലെന്നും ആരോപണമുന്നയിച്ച സ്ത്രീകൾക്കൊപ്പം നിൽക്കുന്നെന്നും ഫറാ ഖാൻ അന്ന് ട്വീറ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications











