സെറ്റിൽ മറ്റാെരു നടിയുടെ മുഖത്തടിച്ച് ഇഷ ഡിയോൾ; പിന്തുണച്ച് അമ്മ ഹേമ മാലിനി; അന്ന് നടന്നത്
സൂപ്പർതാരമായിരുന്ന ധർമ്മേന്ദ്രയുടെയും ഡ്രീം ഗേൾ ഹേമ മാലിനിയുടെയും മകളായ ഇഷ ഡിയോൾ സിനിമാ രംഗത്തേക്ക് കടന്ന് വന്നപ്പോൾ സിനിമാ ലോകത്തിനും പ്രേക്ഷകർക്കും ഏറെ പ്രതീക്ഷയുണ്ടായിരുന്നു. താരപുത്രി മുൻനിര നായികയായി മാറുമെന്ന് ഏവരും കരുതി. 2002 ൽ കോയി ദിൽ സെ പൂഛെ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷയുടെ ബോളിവുഡ് അരങ്ങേറ്റം. അഫ്താബ് ശിവദസാനിക്കൊപ്പം അഭിനയിച്ച ഈ ചിത്രം പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
ബോളിവുഡിൽ നിന്നും പിന്നീട് അടുപ്പിച്ച് വന്ന സിനിമകളൊന്നും ഇഷയെ തുണച്ചില്ല. പലതിലെയും പെർഫോമൻസും മോശമായി. ഇതിനിടെയാണ് തമിഴിൽ ആയുധം എഴുത്ത് എന്ന മണിരത്നം ചിത്രത്തിൽ ഇഷ അഭിനയിക്കുന്നത്. 2004 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മികച്ച പ്രകടനം നടി കാഴ്ച വെച്ചു. കരിയറിൽ നടി ആകെ ചെയ്ത തമിഴ് ചിത്രമാണിത്. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്.

ബോളിവുഡിൽ ധൂം എന്ന ചിത്രമാണ് ഇഷയ്ക്ക് പ്രേക്ഷക ശ്രദ്ധ നൽകിയത്. ജോൺ എബ്രഹാം, അഭിഷേക് ബച്ചൻ ഉദയ് ചോപ്ര എന്നിവർ പ്രധാനവേഷം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായി. ധൂമിലെ ധൂം മചാലെ എന്ന ഗാനത്തിൽ ഇഷ തകർത്താടി. എന്നാൽ അതിന് ശേഷവും ഇഷയെ തേടി വലിയ ഹിറ്റുകൾ അധികം വന്നില്ല. ഇതിനിടെ നടി വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. 2012 ലാണ് ഇഷ ഡിയോൾ വിവാഹിതയായത്.
കരിയറിൽ തിരക്കുകളുള്ള സമയത്ത് ഇഷ ഡിയോളിനെ ചുറ്റിപ്പറ്റിയുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. 2006 ലാണ് ഈ സംഭവം നടന്നത്. പ്യാരെ എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു ഇഷ. ഒപ്പം അഭിനയിച്ച നടി അമൃത റാവുവിന്റെ മുഖത്ത് ഇഷ ഡിയോൾ അടിച്ചു. അന്ന് സെറ്റിലുണ്ടായിരുന്നവർക്ക് ഈ സംഭവം ഞെട്ടലായി.

മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ഇഷ ഡിയോൾ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. സംവിധായകൻ ഇന്ദ്ര കുമാറിന്റെയും ക്യാമറമാന്റെയും മുന്നിൽ വെച്ച് അമൃത തന്നെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചു. സ്വന്തം ആത്മാഭിമാനത്തിന് വേണ്ടി അപ്പോൾ തന്നെ അമൃതയുടെ മുഖത്ത് അടിക്കുകയായിരുന്നെന്നും ഇഷ ഡിയോൾ തുറന്ന് പറഞ്ഞു. നടിയെ അടിച്ചതിൽ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും ഇഷ വ്യക്തമാക്കി.
അന്ന് ഈ സംഭവം വലിയ തോതിൽ ചർച്ചയായി. ഇഷയുടെ മകൾ ഹേമ മാലിനി മകളെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. മോശമായി സംസാരിച്ചത് പറഞ്ഞിട്ടും മനസ്സിലാകുന്നില്ലെങ്കിൽ അതിനെ മറ്റൊരു രീതിയിൽ എതിർക്കേണ്ടി വരുമെന്നാണ് ഹേമ മാലിനി ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. നടിമാർ തമ്മിൽ അസ്വാരസ്യങ്ങൾ പതിവായ കാലഘട്ടത്തിലാണ് ഈ സംഭവവും നടന്നത്.
ഇഷ ഡിയോൾ അഭിനയ രംഗത്ത് ഇന്നും സാന്നിധ്യം അറിയിക്കാറുണ്ട്. ഇഷയുടെ പിതാവ് ധർമ്മേന്ദ്ര അടുത്തിടെ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെ വൻ പ്രേക്ഷക പ്രശംസ നേടി. മക്കളെ രണ്ട് പേരെയും പെട്ടെന്ന് വിവാഹം ചെയ്യിക്കണമെന്ന് ധർമ്മേന്ദ്ര ആഗ്രഹിച്ചിരുന്നെന്ന് ഹേമ മാലിനി മുമ്പ് പറഞ്ഞിട്ടുണ്ട്. ധർമ്മേന്ദ്രയുടെ രണ്ടാം വിവാഹത്തിൽ പിറന്ന മക്കളാണ് ഇഷ ഡിയോളും അഹാന ഡിയോളും. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ഇദ്ദേഹം ഹേമ മാലിനിയെ വിവാഹം ചെയ്തത്.


Click it and Unblock the Notifications











