'ഷാരൂഖിന് നൽകുന്ന പ്രതിഫലം തനിക്കും വേണമെന്ന് കരീന വാശിപിടിച്ചു'; നടിയുമായുള്ള പിണക്കത്തെ കുറിച്ച് കരൺ!
നടി കരീന കപൂറും സംവിധായകനും അവതാകനുമെല്ലാമായ കരൺ ജോഹറും കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചത് മുതൽ നല്ല സുഹൃത്തുക്കളാണ്. കഭി ഖുഷി കഭി ഗം സിനിമയ്ക്കായുള്ള കാസ്റ്റിംഗിങ് നടക്കുന്ന സമയത്താണ് ഒരു പാർട്ടിയിൽ വെച്ച് കരീനയെ കരൺ ജോഹർ ശ്രദ്ധിക്കുന്നത്.
ഒറ്റ നോട്ടത്തിൽ തന്നെ കരീനയുടെ സൗന്ദര്യവും പെരുമാറ്റവും തന്നെ വല്ലാതെ ആകർഷിച്ചുവെന്നും അന്ന് തന്നെ കരീനയാണ് കഭി ഖുഷി കഭി ഗമ്മിലെ തന്റെ ഒരു നായികയെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്ന് കരൺ ജോഹർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കഭി ഖുഷി കഭി ഗമ്മിന്റെ വിജയത്തിന് ശേഷം ഷാരൂഖ് ഖാൻ നായകനായ കൽ ഹോ നാ ഹോ എന്ന ചിത്രമാണ് കരൺ നിർമിച്ചത്.

ചിത്രത്തിന്റെ കാസ്റ്റിംഗ് നടത്തുന്നതിനിടെ കരണും കരീനയും തമ്മിൽ വലിയൊരു വഴക്കുണ്ടായി. ആ വഴക്കിനെ തുടർന്ന് ഒരു വർഷത്തോളം താൻ കരീനയോട് സംസാരിച്ചിട്ടില്ലെന്ന് കരൺ തന്റെ ജീവചരിത്രമായ ആൻ അൺസ്യൂട്ടബിൾ ബോയിൽ വെളിപ്പെടുത്തിയിരുന്നു.
കൽ ഹോ നാ ഹോയിലെ നൈനയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി അദ്ദേഹം കരീനയെയാണ് സമീപിച്ചിരുന്നത് ആദ്യം. കരീന സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞതോടെ ആ അവസരം നടി പ്രീതി സിന്റയ്ക്ക് ലഭിക്കുകയായിരുന്നു.
നായകൻ ഷാരൂഖ് ഖാന് ലഭിക്കുന്ന അതേ പ്രതിഫലം തന്നെ കരീനയും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കരീനയെ അഭിനയിപ്പിക്കേണ്ടെന്ന് കരൺ തീരുമാനിച്ചത്.
'കൽ ഹോ നാ ഹോയിൽ അഭിനയിക്കാൻ കരീന വളരെയധികം പണം ചോദിച്ചു. ആ സമയത്ത് സാമ്പത്തീകമായി ഞെരുക്കത്തിലായിരുന്നു. കുനാൽ കോഹ്‌ലിയുടെ സംവിധാനത്തിൽ മുജ്‌സെ ദോസ്തി കരോഗെ എന്ന കരീനയുടെ ചിത്രം ആ സമയത്ത് റിലീസ് ചെയ്‌തതെയുണ്ടായിരുന്നുള്ളു. ആദിത്യ ചോപ്രയുടെ അസിസ്റ്റന്റായിരുന്ന കുനാൽ കോഹ്‌ലി ചെയ്ത കരീനയുടെ ഈ സിനിമ പക്ഷെ പരാജയപ്പെട്ടിരുന്നു.'

'എന്റെ സഹായികൾക്ക് കരീന അഭിനയിക്കുന്നതിനോട് താൽപര്യമില്ലാതിരുന്നിട്ടും കൽ ഹോ നാ ഹോയിലേക്ക് കരീനയെ കാസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് സംസാരിക്കാൻ ഞാൻ പോയി.'
'പക്ഷെ നായകൻ ഷാരൂഖ് ഖാന് ലഭിക്കുന്ന അതെ പ്രതിഫലം തനിക്കും തന്നാൽ മാത്രമെ അഭിനയിക്കുകയുള്ളൂവെന്ന് കരീന പറഞ്ഞു. അതോടെ ഞാൻ അവരെ അഭിനയിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.'
'ഒരുപാട് തർക്കിച്ചിട്ടും വിട്ടുവീഴ്ചയ്ക്ക് കരീന തയ്യാറാവാതിരുന്നത് എന്നെ വേദനിപ്പിച്ചിരുന്നു. ശേഷം പലപ്പോഴായി കരീനയെ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല. ശേഷം കരീനയ്ക്ക് വേണ്ടി കാത്ത് നിൽക്കാതെ പ്രീതി സിന്റയെ കാസ്റ്റ് ചെയ്തു.'
'കരീനയും ഞാനും ഒരു വർഷത്തോളം പരസ്പരം സംസാരിച്ചിരുന്നില്ല. ഒരു വർഷത്തോളം ഞങ്ങൾ പാർട്ടികളിൽ പരസ്പരം കണ്ടാൽപോലും നോക്കുമായിരുന്നില്ല.'
'ശേഷം പിന്നീട് സംസാരിച്ചപ്പോൾ തന്നെ അന്ന് നടന്നതെല്ലാം വിവരമില്ലായ്മയുടെ ഭാഗമാണെന്ന് തോന്നി. അവൾ എന്നെക്കാൾ ഒരുപാട് വയസിന് ഇളയതായിട്ടും ഞാൻ അത് പരിഗണിച്ചില്ല എന്നതും എന്നെ പിന്നീട് വിഷമിപ്പിച്ചിരുന്നു. ശേഷം കരീനയാണ് എന്നെ ഇങ്ങോട്ട് വിളിച്ച് പ്രശ്നങ്ങൾക്ക് ക്ഷമ ചോദിച്ചത്' കരൺ പറയുന്നു.


Click it and Unblock the Notifications