ഒരു പുരുഷനുമായി ബന്ധത്തിലെന്ന പോലെ പെരുമാറുക; കരീനയുമായി പ്രണയത്തിലായപ്പോൾ സെയ്ഫിന് ലഭിച്ച ഉപദേശം
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താര ദമ്പതികൾ. 2012 ലാണ് കരീന സെയ്ഫിനെ വിവാഹം ചെയ്യുന്നത്. താര വിവാഹം അന്ന് വലിയ തോതിൽ ചർച്ചയായി. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് അന്ന് കരീനയുള്ളത്. പൊതുവെ തിരക്കേറിയ സമയത്ത് ബോളിവുഡിലെ നായിക നടിമാർ വിവാഹത്തിന് തയ്യാറാവാറില്ല.
സെയ്ഫ് അലി ഖാനാണെങ്കിൽ ആദ്യ വിവാഹബന്ധം പിരിഞ്ഞയാളും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. വിവാഹം അനുചിതമാകുമെന്ന ഉപദേശങ്ങളെയെല്ലാം മറകടന്ന് സെയ്ഫിനെ കരീന കപൂർ തന്റെ ഭർത്താവാക്കി. വിവാഹശേഷവും ബോളിവുഡിലെ വിലപിടിപ്പുള്ള നായിക നടിയായി തുടരാൻ കരീനയ്ക്ക് കഴിഞ്ഞു. ഇളയ മകൻ പിറന്ന ശേഷമാണ് കരീന സിനിമകളുടെ തിരക്ക് കുറച്ചത്. പഴയത് പോലെ തുടരെ സിനിമകൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് കരീന വ്യക്തമാക്കിയിട്ടുമുണ്ട്.

കരീനയുമായി ഡേറ്റിംഗിലായിരുന്ന സമയത്ത് റാണി മുഖർജി തനിക്ക് തന്ന ഉപദേശത്തെക്കുറിച്ച് മുമ്പൊരിക്കൽ സെയ്ഫ് അലി ഖാൻ സംസാരിച്ചിരുന്നു. നടന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. അതിന് മുമ്പൊരിക്കലും താൻ തിരക്കേറിയ ഒരു നടിയെ പ്രണയിച്ചിരുന്നില്ല. റാണി എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ഒരു പുരുഷനുമായി ബന്ധത്തിലാണെന്ന പോലെ കരീനയോട് പെരുമാറാനാണ് റാണി പറഞ്ഞത്.
തുല്യ പങ്കാളിയായി കരീനയെ കാണണമെന്നാണ് റാണി ഉദ്ദേശിച്ചത്. വീട്ടിൽ രണ്ട് ഹീറോകൾ ഉള്ളത് പോലെ കരുതുക. ജോലി ചെയ്യുന്ന രണ്ട് പേർ. അപ്പോൾ ഒരു പ്രശ്നവും നിങ്ങൾ തമ്മിൽ ഉണ്ടാകില്ലെന്ന് റാണി ചൂണ്ടിക്കാണിച്ചു. തനിക്ക് ലഭിച്ച മികച്ച ഉപദേശമാണതെന്നും സെയ്ഫ് അലി ഖാൻ തുറന്ന് പറഞ്ഞു. കരീനയുടെ ടോക് ഷോയിൽ തന്നെയാണ് സെയ്ഫ് ഇക്കാര്യങ്ങൾ സംസാരിച്ചത്.

2007 ൽ ടഷാൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് കരീനയും സെയ്ഫ് അലി ഖാനും പ്രണയത്തിലായത്. ഷാഹിദ് കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് കരീന സെയ്ഫുമായി അടുക്കുന്നത്. അന്ന് ഇത് വലിയ തോതിൽ ചർച്ചയായിരുന്നു. നടി അമൃത സിംഗാണ് സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ മക്കളുമുണ്ട്. സാറ അലി ഖാൻ ബോളിവുഡിൽ ഇതിനകം ശ്രദ്ധേയ സാന്നിധ്യമായി മാറിയിട്ടുണ്ട്. 1991 ൽ വിവാഹിതരായ സെയ്ഫും അമൃതയും 2004 ലാണ് നിയമപരമായി വേർപിരിയുന്നത്.
മക്കളുടെ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് നോക്കുന്നത്. സെയ്ഫിന്റെ രണ്ട് വിവാഹബന്ധങ്ങളിലെ മക്കളും തമ്മിൽ വലിയ അടുപ്പമുണ്ട്. നാല് പേരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ആദിപുരുഷ് ആണ് അടുത്തിടെ റിലീസ് ചെയ്ത സെയ്ഫ് അലി ഖാൻ അഭിനയിച്ച ചിത്രം. വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ സെയ്ഫ് എത്തിയത്. മറുവശത്ത് കരീനയും കരിയറിന്റെ തിരക്കുകളിലാണ്. ജാനേ ജാൻ ആണ് കരീനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications