ഐശ്വര്യ നമ്മുടെ നിധിയാണ്; വിട്ടു കൊടുക്കരുതെന്ന് രേഖ; ജയ ബച്ചനെതിരെ ആയുധമാക്കി ആരാധകരും
ഭർത്താവിന്റെ വീട്ടുകാർ നടി ഐശ്വര്യ റായോട് അകൽച്ച കാണിക്കുന്നെന്ന ചർച്ച സോഷ്യൽ മീഡിയയിൽ തുടരുകയാണ്. ഇന്ത്യൻ സിനിമ ആഘോഷിച്ച താരസുന്ദരിയുടെ കഴിവിനെയും താരപ്രഭയെയും അംഗീകരിക്കാൻ ബച്ചൻ കുടുംബം മടിക്കുന്നെന്ന് ആരാധകർ ആരോപിക്കുന്നു. അമിതാഭ് ബച്ചന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റാണ് ഇതിന് കാരണമായത്. കൊച്ചുമകൻ അഗസ്ത്യയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ആശംസ അറിയിച്ചതായിരുന്നു ബച്ചൻ.
എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ അമിതാഭ് ബച്ചൻ മരുമകൾ അഭിനയിച്ച പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തെക്കുറിച്ച് ഇതുവരെയും പരാമർശിച്ചിട്ടില്ല. ഇതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. മകനേക്കാൾ പ്രശസ്തയായ മരുമകളുടെ വിജയം അംഗീകരിക്കാൻ അമിതാഭ് ബച്ചനും ജയ ബച്ചനും മടിക്കുന്നെന്ന് ആരോപണം വന്നു.
ബച്ചന്റെ മകൾ ശ്വേത ബച്ചനും കൊച്ചുമകൾ നവ്യ നവേലിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ ഐശ്വര്യയെക്കുറിച്ച് ഇവർ പൊതുവേദികളിൽ സംസാരിക്കാറോ ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കാറോ ഇല്ല. മറുവശത്ത് ഐശ്വര്യയും ഇവർക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെക്കാറില്ല.

എന്താണ് ഇവർക്കിടയിലെ പ്രശ്നമെന്ന് ആരാധകർ ചർച്ച ചെയ്യവെയാണ് നടി രേഖയുടെ പഴയൊരു വീഡിയോ വൈറലാകുന്നത്. ഐശ്വര്യ റായിയെ പുകഴ്ത്തി സംസാരിക്കുകയാണ് രേഖ. ഐശ്വര്യയെ താൻ ആരാധിക്കുന്നെന്ന് രേഖ തുറന്ന് പറഞ്ഞു.
ഐശ്വര്യ 'പ്ലാസ്റ്റിക്' ആണെന്ന മാധ്യമങ്ങളുടെ അഭിപ്രായത്തെ ഞാൻ അംഗീകരിക്കുന്നില്ല. അവൾ വളരെ നന്നായി ഭാവങ്ങൾ പ്രകടിപ്പിക്കുന്നു. ഒരു കടുവയെ പോലെ അവൾക്ക് വേണ്ടി പൊരുതുമെന്ന് പറഞ്ഞ രേഖ ഐശ്വര്യക്ക് വേണ്ടത്ര അംഗീകാരങ്ങൾ ലഭിച്ചില്ലെന്നും അന്ന് അഭിപ്രായപ്പെട്ടു. ഉംറോ ജാൻ എന്ന സിനിമ ചെയ്യുന്നത് വരെ എനിക്കും ഇതേ സാഹചര്യമായിരുന്നു. എന്നെപ്പോലെ ഈ തെന്നിന്ത്യൻ പെൺകുട്ടിയും അവളുടെ കഴിവുകൾ തിരിച്ചറിയണം.
ഐശ്വര്യ ഹോളിവുഡിൽ പോയി സ്വയം തെളിയിക്കേണ്ടതില്ല. അവൾ നമ്മുടെ നിധിയാണ്. എന്തിനാണ് ബ്രൈഡ് ആന്റ് പ്രെജുഡൈസ് പോലൊരു സിനിമ. ഐശ്വര്യയുടെ കഴിവ് പുറത്തെടുക്കാൻ മാത്രം ആരാണിവർ എന്നും അന്ന് രേഖ ചോദിച്ചു. ഐശ്വര്യ അഭിനയിച്ച ഹോളിവുഡ് സിനിമയാണ് ബ്രൈഡ് ആന്റ് പ്രൊജുഡൈസ്.

രേഖയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഐശ്വര്യക്ക് വേണ്ടി എന്നും സംസാരിക്കാറുള്ള രേഖയ്ക്ക് നടിയുമായി നല്ല സൗഹൃദവുമുണ്ട്. ഐശ്വര്യയുടെ അമ്മായിയമ്മയായ ജയ ബച്ചൻ രേഖയെ കണ്ട് പഠിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. രേഖ ഐശ്വര്യയുടെ അമ്മായിയമ്മ ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോയെന്നും ആരാധകർ കമന്റ് ചെയ്തു.
മുൻകോപക്കാരിയായ ജയ ബച്ചനോട് ഐശ്വര്യ റായുടെ ആരാധകർക്ക് വലിയ മതിപ്പില്ല. എപ്പോഴും പാപ്പരാസികളുമായി വഴക്ക്, പൊതുവിടങ്ങളിൽ രോഷാകുലയാവുക തുടങ്ങിയ കാരണങ്ങളാൽ ജയ ബച്ചന് നിരവധി ഹേറ്റേഴ്സും ഉണ്ട്. ഐശ്വര്യയുടെ കരിയറിന് ഭർത്താവിന്റെ വീട്ടുകാർ പിന്തുണ നൽകുന്നില്ലെന്ന ആരോപണം നേരത്തെയും വന്നിട്ടുണ്ട്. 2016 ൽ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമ റിലീസ് ചെയ്തപ്പോഴായിരുന്നു ഇത്.
സിനിമയിലെ ഐശ്വര്യയുടെ ഇന്റിമേറ്റ് രംഗങ്ങൾ അന്ന് ചർച്ചയായി. മരുമകൾ ഇത്തരം സീനുകളിൽ അഭിനയിച്ചതിൽ അമിതാഭ് ബച്ചനും ജയ ബച്ചനും അതൃപ്തി തോന്നിയെന്നാണ് അന്ന് ബോളിവുഡ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ഇതേക്കുറിച്ച് താരങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൊന്നിയിൽ സെൽവന്റെ വിജയത്തിളക്കത്തിലാണ് ഐശ്വര്യ റായ് ഇപ്പോൾ. മണിരത്നം സംവിധാനം ചെയ്ത സിനിമയിൽ പ്രധാന വേഷത്തിലാണ് ഐശ്വര്യ അഭിനയിച്ചത്. നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications