ആ നടി സണ്ണി ഡിയോളിന്റെ മുഖത്ത് ശക്തമായി അടിച്ചു, അവസ്ഥ മനസിലാക്കി സണ്ണി വേദനയും ദേഷ്യവും സഹിച്ചു!
ബോളിവുഡിൽ ഏറ്റവും കടുപ്പമേറിയതും ശക്തനുമായ നടന്മാരിൽ ഒരാളായാണ് സണ്ണി ഡിയോൾ അറിയപ്പെടുന്നത്. ബിഗ് സ്‌ക്രീനിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പലപ്പോഴും ഇന്ത്യൻ സിനിമയിലെ ഹൾക്കെന്ന് സണ്ണിയെ വിളിക്കാറുണ്ട്.
സണ്ണിയുടെ ഉച്ചത്തിലുള്ള ഗർജ്ജനം പോലും ആരാധകർക്ക് ആവേശം പകരുന്നതാണ്. സണ്ണിയുടെ പരുക്കൻ കഥാപാത്രങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കുമാണ് ആരാധകർ ഏറെയും. നടനെ അടുത്തറിയാത്തവർ അദ്ദേഹം ഒരു മുരടനാണെന്നാണ് ചിന്തിച്ച് വെച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഷൂട്ടിങ് സെറ്റിൽ പോലും സണ്ണിക്ക് ദേഷ്യം വരുന്ന തരത്തിൽ ഒന്നും സംഭവിക്കാതിരിക്കാൻ എല്ലാവരും അതീവ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ സണ്ണി മൂലം വലിയൊരു ഭൂകമ്പം ഉടൻ സംഭവിക്കുമെന്ന് പ്രതീക്ഷിച്ച് ഭയത്തോടെ നിന്ന കുറച്ച് നിമിഷങ്ങളുണ്ടായിരുന്നു. സണ്ണിയെ നുള്ളി നോവിക്കാൻ പോലും ആളുകൾ ഭയപ്പെടുമ്പോൾ നടി സോഹ അലി ഖാൻ നടന്റെ മുഖത്ത് അപ്രതീക്ഷിതമായി ആഞ്ഞടിച്ചു. ആ സമയം സെറ്റ് അക്ഷരാർഥത്തിൽ സ്തംഭിച്ചു.

2016ൽ റിലീസ് ചെയ്ത ഖയാൽ വൺസ് എഗെയ്‌ന്റെ ഷൂട്ടിങിനിടെയാണ് സംഭവം നടന്നത്. താരത്തിന്റെ 1990ലെ ബ്ലോക്ക്ബസ്റ്റർ സിനിമ ഖയാലിന്റെ രണ്ടാം ഭാഗമായിരുന്നു ഖയാൽ വൺസ് എഗെയ്‌ൻ. ചിത്രത്തിൽ ഒരു സൈക്കാട്രിസ്റ്റായിട്ടാണ് നടി സോഹ അലി ഖാൻ അഭിനയിച്ചത്.
നിയന്ത്രണവും സ്വബോധവും നഷ്ടപ്പെട്ട് പെരുമാറുന്ന സണ്ണിയുടെ കഥാപാത്രത്തെ ബോധത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ഒരു രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. സോഹ സൈക്കാട്രിസ്റ്റായി അഭിനയിക്കുന്നതിനിടയിൽ ക്യാരക്ടറിലേക്ക് വല്ലാതെ മുഴുകി. അതിനാൽ സണ്ണിയുടെ കഥാപാത്രത്തെ അടിക്കുന്ന സീൻ ഷൂട്ട് ചെയ്തപ്പോൾ അഭിനയിക്കുന്നതിന് പകരം നടന്റെ കവിളിൽ ആഞ്ഞ് അടിച്ചു സോഹ.
സോഹയുടെ അടി കണ്ടപ്പോൾ തന്നെ സെറ്റ് സ്തംഭിച്ചു. എല്ലാം തീർന്നുവെന്നുള്ള തരത്തിലൊരു നിൽപ്പായിരുന്നു യൂണിറ്റ് അംഗങ്ങൾ. കാരണം അടി കണ്ട എല്ലാവർക്കും മനസിലാകും അതിശക്തമായിട്ടാണ് സോഹ അടിച്ചതെന്നും സണ്ണിക്ക് നന്നായി വേദനിച്ചിട്ടുണ്ടാകുമെന്നും. സംഭവം കഴിഞ്ഞ് കുറച്ച് സെക്കന്റുകളിലേക്ക് സണ്ണിയും സോഹയും അടക്കം എല്ലാവരും എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയാൻ പറ്റാതെ നിന്നു.
സണ്ണി സോഹയോട് ക്രൂരമായി പ്രതികരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ശരീരം വേദനിച്ചാൽ ഒട്ടും ക്ഷമിക്കാത്ത നടൻ ഇത്ര ശക്തമായൊരു അടി കിട്ടുമ്പോൾ എന്തായാലും പ്രതികരിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു.

എന്നാൽ എല്ലാവരുടേയും പ്രതീക്ഷ തെറ്റിച്ചൊരു പെരുമാറ്റമായിരുന്നു സണ്ണിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സോഹ മനപൂർവം അടിച്ചതല്ലെന്നും കഥാപാത്രമായി മാറിയപ്പോൾ സംഭവിച്ച തെറ്റാണെന്നും മനസിലാക്കിയ നടൻ സോഹയോട് പ്രതികരിക്കാതെ ക്ഷമിച്ചു.
'സണ്ണിയുടെ ശാന്തത നഷ്ടപ്പെടുന്ന ഒരു ഘട്ടത്തിൽ. അദ്ദേഹത്തിന്റെ കഥാപാത്രത്തെ ബോധത്തിലേക്ക് തിരികെ കൊണ്ടുവരാൻ സോഹ അലി ഖാൻ സണ്ണിയെ അടിക്കുന്ന സീനുണ്ട്. വളരെ തീവ്രമായ ഈ സീനിന്റെ ചിത്രീകരണത്തിനിടയിൽ സോഹ തന്റെ കഥാപാത്രത്തിൽ മുഴുകിയിരിക്കുകയായിരുന്നതിനാൽ നടനെ നന്നായി ആഞ്ഞ് അടിച്ചു.'
'വളരെ ശക്തമായാണ് താൻ അടിച്ചതെന്ന് സോഹയും തിരിച്ചറിഞ്ഞത് പിന്നീടാണ്. മറ്റുള്ളവരെപ്പോലെ സോഹയും ഞെട്ടിപ്പോയി. എന്നിരുന്നാലും സണ്ണി സോഹയുടെ അവസ്ഥ മനസിലാക്കി അമിതമായി പ്രതികരിച്ചില്ല. സണ്ണി വളരെ കൂളായ വ്യക്തിത്വത്തിന് ഉടമയാണെന്ന് പലരും തിരിച്ചറിഞ്ഞത് അപ്പോഴാണെന്നാണ്', ഡെക്കാൻ ക്രോണിക്കിളിൽ സംഭവത്തെ കുറിച്ച് വന്ന റിപ്പോർട്ട്.
അറുപത്തിയഞ്ചുകാരനായ സണ്ണി സിനിമയിൽ അത്ര സജീവമല്ല. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ ചുപ്പിൽ ഒരു വേഷം സണ്ണി ഡിയോളും ചെയ്തിരുന്നു. ബാപ്പ്, സൂര്യ തുടങ്ങി ചില സിനിമകൾ സണ്ണിയുടേതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ സിനിമകളുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications