എന്റെ മരുമകളെങ്ങാനും വിധവയായാൽ!; ജയ ബച്ചനെക്കുറിച്ച് അമിതാഭിന്റെ അമ്മ പറഞ്ഞത്; നിർമാതാവിന് മുന്നറിയിപ്പ്
ബോളിവുഡിലെ സീനിയർ താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. സിനിമാ ലോകത്തിന്റെ അന്നും ഇന്നും കണ്ട ഇരുവർക്കും സിനിമകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മാറിയ സിനിമാ ലോകത്തിനൊപ്പം ചേരുന്ന നടനാണ് അമിതാഭ് ബച്ചൻ. അതേസമയം ജയ ബച്ചൻ സിനിമാ ലോകത്തിനും സിനിമകൾക്കും വന്ന മാറ്റങ്ങളെ നിശിതമായി വിമർശിക്കാൻ മടിക്കാറില്ല. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും മാറി നിന്നതിലും ജയ ബച്ചന് വ്യക്തമായ കാഴ്ടപ്പാടുണ്ടായിരുന്നു.
എല്ലാവരും പറഞ്ഞത് കുടുംബത്തിന് വേണ്ടി കരിയർ ത്യജിച്ചു എന്നാണ്. എന്നാൽ ആവർത്തന വിരസത തോന്നുന്ന കഥാപാത്രങ്ങൾക്കപ്പുറം തനിക്ക് കുടുംബ ജീവിതത്തിലേക്ക് കടക്കാനായിരുന്നു ഇഷ്ടമെന്ന് ജയ ബച്ചൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അമിതാഭ് ബച്ചനാെപ്പമുള്ള ജയയുടെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. ഗോസിപ്പുകൾ ഇരുവരെയും വിടാതെ പിന്തുടർന്നു. ചില നടിമാരുമായി അമിതാഭ് ബച്ചന് വിവാഹേതര ബന്ധമുണ്ടെന്ന് വരെ സംസാരമുണ്ടായി.

നടി രേഖയുമായുള്ള ബന്ധമാണ് ഇക്കൂട്ടത്തിൽ ഏറെ ചർച്ചയായത്. രേഖയുമായി ബന്ധമുണ്ടായിരുന്നെന്ന് നടൻ ഒരിക്കൽ പോലും തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ രേഖ പലപ്പോഴും ഇതിന്റെ സൂചനകൾ നൽകിയിട്ടുണ്ട്. സഹപ്രവർത്തകരും ചില വെളിപ്പെടുത്തലുകൾ നടത്തി. തന്റേ ഇമേജ് മോശമാകാതിരിക്കാൻ അമിതാഭ് ബച്ചൻ എന്നും ശ്രദ്ധിച്ചിരുന്നു. ജയ ബച്ചനെയും അമിതാഭ് ബച്ചനെയും കുറിച്ചുള്ള മറ്റൊരു സംഭവ കഥയാണ് ബോളിവുഡിൽ ഇപ്പോൾ ചർച്ചയാകുന്നത്. 1992 ൽ പുറത്തിറങ്ങിയ ഗുദ ഗവ എന്ന സിനിമയ്ക്കിടെയാണ് ഈ സംഭവം നടന്നത്.
മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത സിനിമയിൽ ശ്രീവിദ്യയും അമിതാഭ് ബച്ചനുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. സിനിമയിലെ പ്രധാന ഭാഗം ചിത്രീകരിച്ചത് അഫ്ഗാനിസ്താനിലാണ്. അന്ന് അഫ്ഗാനിസ്താനിൽ സംഘർഷ സാഹചര്യമാണ്. ബോബാക്രമണ ഭീതിയുള്ള അഫ്ഗാനിസ്താനിൽ അമിതാഭ് ഷൂട്ടിന് പോകുന്നതിൽ നടന്റെ അമ്മ തേജി ബച്ചന് കടുത്ത എതിർപ്പുണ്ടായിരുന്നു. നിർമാതാവ് മനോജ് എസ് ദേശായിയോട് ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു.

അമിതാഭിന് അഫ്ഗാനിസ്താനിൽ വെച്ച് എന്തെങ്കിലും സംഭവിക്കുകയും മരുമകൾ ജയക്ക് വെള്ള സാരി ധരിക്കേണ്ടിയും വന്നാൽ നിങ്ങളുടെ ഭാര്യ കൽപനയും വെള്ള സാരി ധരിക്കും. അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ച് വരേണ്ടതില്ലെന്നാണ് തേജി ബച്ചൻ നിർമാതാവിനോട് പറഞ്ഞത്. എന്നാൽ അപകടങ്ങളൊന്നുമില്ലാതെ അഫ്ഗാനിസ്താനിലെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു.
സാമൂഹിക പ്രവർത്തകയായിരുന്നു അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചൻ. അച്ഛൻ പ്രശസ്തനായ കവി ഹരിവൻശ് റായ് ബച്ചനും. അമ്മയെക്കുറിച്ച് മുമ്പൊരിക്കൽ അമിതാഭ് തന്റെ ബ്ലോഗിൽ കുറിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് അമ്മയെ അമിതാഭ് അന്ന് വിശേഷിപ്പിച്ചത്. 2007 ലാണ് തേജി ബച്ചൻ മരിച്ചത്. 93ാം വയസിലായിരുന്നു അന്ത്യം.
അമിതാഭ് ബച്ചൻ സിനിമാ രംഗത്ത് ഇന്നും സജീവ സാന്നിധ്യമാണ്. കോൻ ബനേഗ ക്രോർപതി എന്ന ഷോയിലും നടൻ അവതാരകനായെത്താറുണ്ട്. അടുത്തിടെയാണ് ഷോയുടെ പുതിയ സീസൺ അവസാനിച്ചത്. ഏറെക്കാലത്തിന് ശേഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലൂടെ ജയ ബച്ചനും സിനിമാ രംഗത്തേക്ക് തിരിച്ചെത്തി.


Click it and Unblock the Notifications