പ്രൊപ്പോസ് ചെയ്തിട്ടില്ല; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിങ്ങനെ; രണ്ട് പേർക്കും ഉറപ്പായിരുന്നെന്ന് വിരാട്
ക്രിക്കറ്റ് താരം വിരാട് കോലിയുടെ 35ാം പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് ആരാധകർ. ഭാര്യ അനുഷ്ക ശർമ്മയും വിരാടിന് ആശംസകൾ അറിയിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. സിനിമാ കായിക ലോകത്തെ പ്രിയ താര ദമ്പതികളാണ് അനുഷ്ക ശർമ്മയും വിരാട് കോലിയും. 2017 ലാണ് ഇരുവരും വിവാഹിതരായത്. വാമിക എന്ന മകളും ദമ്പതികൾക്ക് പിറന്നു. സിനിമാ ലോകത്ത് നിന്നും കുറേ നാളുകളായി അകന്ന് നിൽക്കുകയാണ് അനുഷ്ക.
മകൾ ജനിച്ച ശേഷം കരിയറിന് അനുഷ്ക വലിയ പ്രാധാന്യം നൽകുന്നില്ല. വിവാഹം കഴിഞ്ഞ് മക്കളായാൽ ഒരുപക്ഷെ തുടർന്ന് അഭിനയിക്കാൻ സാധ്യതയില്ലെന്ന് അനുഷ്ക വർഷങ്ങൾക്ക് മുമ്പേ വ്യക്തമാക്കിയതാണ്. അതിനാൽ തന്നെ അനുഷ്ക ഇനി സിനിമാ രംഗത്ത് സജീവ സാന്നിധ്യമാകുമെന്ന പ്രതീക്ഷയും ആരാധകർക്കില്ല.

ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് അനുഷ്കയും വിരാടും ആദ്യമായി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ച് വെച്ചതുമില്ല. അനുഷ്കയുമായുള്ള പ്രണയ കാലത്തെക്കുറിച്ച് മുമ്പൊരിക്കൽ വിരാട് കോലി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പരസ്പരം അടുത്തപ്പോഴും താൻ അനുഷ്കയെ പ്രൊപ്പോസ് ചെയ്തിട്ടില്ലെന്നും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം സ്വാഭാവികമായി വന്ന് ചേർന്നതാണെന്നും വിരാട് കോലി അന്ന് വ്യക്തമാക്കി.
പ്രണയത്തിലായിരിക്കുമ്പോൾ എല്ലാ ദിവസവും വാലെെന്റെെൻസ് ഡേ പോലെയാണ് തോന്നുക. വിവാഹം നടക്കുമെന്ന് പൂർണമായും ഉറപ്പുള്ളതിനാൽ പ്രൊപ്പോസലിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല. ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് മനസിലായപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എല്ലാം സ്വാഭാവികമായാണ് സംഭവിച്ചത്.

ഇറ്റലിയിൽ വെച്ചാണ് അനുഷ്കയും വിരാടും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം രഹസ്യമായാണ് നടന്നത്. വിവാഹ ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറലായി. സ്വകാര്യതയ്ക്ക്
വലിയ പ്രാധാന്യം നൽകുന്നവരാണ് അനുഷ്കയും വിരാടും. ബോളിവുഡിലെ പാപ്പരാസി കൾച്ചറിനോട് അനുഷ്കയ്ക്ക് വിയോജിപ്പുണ്ട്. മകളുടെ മുഖം ഇതുവരെയും താര ദമ്പതികൾ ആരാധകരെ കാണിച്ചിട്ടില്ല.
മകളുടെ ഫോട്ടോകൾ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. മകൾ സാധാരണ കുട്ടികളെ പോലെ വളരട്ടെയെന്നും അനാവശ്യ ശ്രദ്ധ മകളിലേക്ക് വരേണ്ടതില്ലെന്നുമാണ് ഈ തീരുമാനത്തിന് കാരണം. 2018 ൽ പുറത്തിറങ്ങിയ സീറോ എന്ന സിനിമയിലാണ് അനുഷ്ക ശർമ്മ അവസാനമായി മുഴുനീള വേഷം ചെയ്തത്. ചക്ഡ എക്സ്പ്രസ് എന്ന സിനിമ റിലീസ് ചെയ്യാനുമുണ്ട്.
അനുഷ്ക രണ്ടാമതും ഗർഭിണിയാണെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങളുണ്ട്. എന്നാൽ താരം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഷാരൂഖ് ഖാൻ നായകനായ റബ് നേ ബനാ ദീ ജോഡി എന്ന സിനിമയിലൂടെയാണ് അനുഷ്ക ശർമ്മ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. സിനിമ വൻ ഹിറ്റായിരുന്നു. പിന്നീട് ഉയർച്ചകളും താഴ്ചകളും അനുഷ്കയുടെ കരിയറിലുണ്ടായി.
സുൽത്താൻ, പികെ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം അനുഷ്ക കാഴ്ച വെച്ചു. നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സീറോ എന്ന സിനിമ പരാജയമായിരുന്നു. സിനിമാ രംഗത്ത് സജീവമല്ലെങ്കിലും ഫാഷൻ ലോകത്ത് അനുഷ്ക സാന്നിധ്യം അറിയിക്കാറുണ്ട്. മറുവശത്ത് വിരാട് കോലിയും കരിയറിലെ തിരക്കുകളിലാണ്.


Click it and Unblock the Notifications











