വിരാടിനും അനുഷ്‌കയ്ക്കും മൂന്നാം വിവാഹ വാര്‍ഷികം, താരദമ്പതികള്‍ പ്രണയത്തിലായ കഥ ഇങ്ങനെ
സിനിമാപ്രേമികളുടെയും ക്രിക്കറ്റ് ആരാധകരുടെയുമെല്ലാം ഇഷ്ട താരദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2017ല്‍ ഇറ്റലിയില്‍ വെച്ചായിരുന്നു വിരുഷ്‌ക ദമ്പതികളുടെ വിവാഹം. അന്ന് വിവാഹ ചടങ്ങുകളില്‍ നിന്നുളള മനോഹര ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. തുടര്‍ന്ന് അനുഷ്‌ക വീണ്ടും സിനിമയില്‍ സജീവമായി. കോലി ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍സ്റ്റാറായും തിളങ്ങി.
അതേസമയം ലോക്ഡൗണ്‍ കാലത്താണ് അനുഷ്‌ക ഗര്‍ഭിണിയായ വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. ആദ്യത്തെ കണ്‍മണി അടുത്ത വര്‍ഷം ജനുവരിയില്‍ എത്തുമെന്ന് വിരുഷ്‌ക ദമ്പതികള്‍ പറഞ്ഞു. കുഞ്ഞിനായുളള കാത്തിരിപ്പിനിടെ താരദമ്പതികളുടെ മൂന്നാം വിവാഹവാര്‍ഷികമാണ് ഇന്ന്.

നിരവധി പേരാണ് ഇന്ന് കോലിക്കും അനുഷ്‌കയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് എത്തിയത്. കോലിയും അനുഷ്‌കയും ആദ്യമായി നേരില്‍ കാണുന്നത് ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ്. 2013ല്‍ ഒരു ഷാംപുവിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ താരദമ്പതികള്‍ എത്തിയിരുന്നു. അന്ന് മുതലാണ് ഇരുവരും അടുപ്പത്തിലായത്.

അന്ന് അനുഷ്‌കയെ പോലൊരു പ്രൊഫഷണലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് അല്‍പം മടിയുണ്ടായിരുന്നു എന്ന് കോലി മുന്‍പ് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ അന്ന് നല്ല പിന്തുണയാണ് കോലിക്ക് നടി നല്‍കിയത്. ആ പിന്തുണ ഇരുവരെയും അടുപ്പിച്ചു. ആരാണ് ആദ്യം പ്രണയം തുറന്നുപറഞ്ഞതെന്ന് മുന്‍പ് ഒരഭിമുഖ സംഭാഷണത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയും കോഹ്ലിയോട് ചോദിച്ചിരുന്നു.

എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നാണ് കോലി മറുപടി നല്‍കിയത്. ആരും അന്യോന്യം പ്രൊപ്രൊസ് ചെയ്തിട്ടില്ല. കൂടുതല്‍ അടുത്തപ്പോള്‍ തങ്ങള്‍ വിവാഹിതരാവാന്‍ പോവുന്നവരാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് കോലി പറഞ്ഞു. മുന്‍പ് ആദ്യമായാണ് തങ്ങള്‍ ഇത്രയും മാസങ്ങള്‍ ഒരുമിച്ച് ചെലവഴിച്ചതെന്നും വിരാട് കോഹ്ലി വെളിപ്പെടുത്തി. ലോക്ഡൗണില്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി, അച്ഛനാവാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞിരുന്നു.

അതേസമയം പ്രസവ സമയത്ത് അനുഷ്‌കയ്ക്കൊപ്പം നില്‍ക്കുന്നതിനായി ഓസ്ട്രേലിയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി ഇന്ത്യയിലെത്തും. അടുത്തിടെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്. ഏകദിന, ട്വന്റി 20 മല്‍സരങ്ങളിലെല്ലാം കളിച്ച താരം ഓസ്ട്രേലിയ്ക്കെതിരായ ആദ്യ ടെസ്റ്റ് കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങും.

കോഹ്ലിക്കൊപ്പം ഐപിഎല്‍ സമയത്ത് അനുഷ്‌കയും ഒപ്പമുണ്ടായിരുന്നു. മല്‍സരങ്ങള്‍ നടന്ന വേദികളിലെല്ലാം പ്രിയതമന് പിന്തുണയുമായി നടിയും എത്തി. അന്ന് സ്റ്റേഡിയത്തില്‍ നിന്നുളള ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൂട്ടത്തില്‍ അനുഷ്‌കയോട് ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്ന കോലിയുടെ വീഡിയോയും ട്രെന്‍ഡിംഗായി. ഐപിഎല്‍ കഴിഞ്ഞതിന് പിന്നാലെ അനുഷ്‌ക നാട്ടിലേക്ക് മടങ്ങുകയായിരുന്നു.


Click it and Unblock the Notifications











