എന്നെ വീണ്ടും ഞാനാക്കിയത് ആ ചോദ്യം; അനുഷ്‌ക വന്നതിനുശേഷം ജീവിതം മാറിയെന്ന് വിരാട് കോലി
ആരാധകര്‍ ഒരുപോലെ ഇഷ്ടപെടുന്ന താരദമ്പതികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. അതുകൊണ്ടുതന്നെ ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ആഘോഷിക്കാറുമുണ്ട്. ഇപ്പോഴിതാ അനുഷ്‌ക ശര്‍മ ജീവിതത്തിലേക്ക് വന്നതിനുശേഷം ശാന്തനായി ഇരിക്കാന്‍ പഠിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിരാട് കോലി. ഇന്‍സ്റ്റഗ്രാം ലൈവില്‍ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നതിനിടയിലായിരുന്നു അനുഷ്‌കയെക്കുറിച്ച് വിരാട് സംസാരിച്ചത്. ലോക്ക്ഡൗണിനെതുടര്‍ന്ന് മുംബൈയില്‍ അനുഷ്‌കയ്‌ക്കൊപ്പമാണ് വിരാട് ഇപ്പോഴുള്ളത്. ലോക്ക് ഡൗണ്‍ കാലത്ത് അനുഷ്‌ക വിരാടിന്റെ മുടി വെട്ടികൊടുക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

'' ഒരു കാര്യത്തിലും ക്ഷമയില്ലാത്ത ഒരാളായിരുന്നു ഞാന്‍. എന്നാല്‍ അനുഷ്‌ക ജീവിതത്തിലേക്കു വന്നതിനുശേഷം ക്ഷമിക്കാന്‍ പഠിച്ചു. ഇപ്പോള്‍ അധികം ദേഷ്യം പ്രകടിപ്പിക്കാറില്ല. ഞാന്‍ ശാന്തനാണ്. അനുഷ്‌കയുടെ വ്യക്തിത്വം, ശാന്തത ഇവയെല്ലാം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ആദ്യമൊക്കെ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ എന്റെ ദേഷ്യം എനിക്ക് തന്നെ നിയന്ത്രിക്കാന്‍ കഴിയാതെ വരുമായിരുന്നു. എന്നാല്‍ ഇതെല്ലാം നിയന്ത്രിക്കാന്‍ പഠിച്ചത് അനുഷ്‌ക ജീവിതത്തിലേക്ക് വന്നതിനുശേഷമാണെന്നും വിരാട് പറഞ്ഞു. ആദ്യമായി സംസ്ഥാന ടീമില്‍ നിന്നു എന്നെ തഴഞ്ഞപ്പോള്‍ ഏറെ നേരം ഞാന്‍ കരഞ്ഞിട്ടുണ്ട്. വിഷമം കാരണം പുലര്‍ച്ച മൂന്ന് മണി വരെ ഉറങ്ങാതെ ഇരുന്നിരുന്നു. എന്നാല്‍ പിറ്റേന്ന് പരിശീലകനോട് എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കിയത് എന്ന് ചോദിച്ചു. എന്റെ ചോദ്യത്തിന് പരിശീലകന്‍ നല്‍കിയ മറുപടിയാണ് എന്നെ വീണ്ടും ഞാനാക്കിയതെന്നും'' വിരാട് പറഞ്ഞു.
2013ല്‍ ഒരു ഷാംപുവിന്റെ പരസ്യത്തില്‍ വിരാട് കോലിയും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് നാലു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ 2017ലായിരുന്നു ഇരുവരും വിവാഹതിരായത്. മാധ്യമങ്ങള്‍ക്ക് ഒരു സൂചന പോലും നല്‍കാതെ ഇറ്റലിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ക്രിക്കറ്റ് രംഗത്ത് നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യുവരാജ് സിങ്ങിനും മാത്രമായിരുന്നു ക്ഷണം.


Click it and Unblock the Notifications











