'കല്യാണം കഴിഞ്ഞ പിറ്റേ ദിവസം ഷൂട്ടിങിന് പോയി, ഇതുവരെ ഒന്നിച്ച് കുറച്ച് ദിവസം ചിലവഴിച്ചില്ല'; രൺബീർ കപൂർ!
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന താരജോഡിയാണ് രൺബീർ കപൂർ-ആലിയ ഭട്ട് ജോഡി. ഒരു മാസം മുമ്പാണ് ഇരുവരും അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത്.
സ്വപ്നതുല്യമായ വിവാഹത്തിലേക്ക് ഇന്ത്യൻ സിനിമ ഒന്നാകെ ഒഴുകിയെത്തിയിരുന്നു. സ്വപ്ന തുല്യമായ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലും വൈറലായിരുന്നു.
നിരവധി പ്രണയങ്ങൾക്കും പ്രണയ പരാജയങ്ങൾക്കും ശേഷമാണ് രൺബീറും ആലിയയും പരസ്പരം തിരിച്ചറിഞ്ഞ് പ്രണയിക്കാൻ തുടങ്ങിയത്.
ബാന്ദ്രയിലെ രൺബീറിൻറെ വസതിയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ ആഘോഷമായി നടന്നത്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം മുതൽ തന്നെ ഇരുവരും വീണ്ടും തങ്ങളുടെ പെന്റിങ്ങിലായ ജോലികൾ തീർക്കാനായി സെറ്റുകളിലേക്ക് മടങ്ങി.
ഇപ്പോൾ വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച് രൺബീർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കല്യാണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും തിരക്ക് ഒഴിഞ്ഞ് സ്വസ്ഥമായി ഒരുമിച്ച് കുറച്ച് നേരം ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് രൺബീർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

'വിവാഹ ശേഷം അത്ര വലിയ മാറ്റമൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഞങ്ങൾ അഞ്ച് വർഷമായി ഒരുമിച്ചാണ്. വിവാഹത്തിന്റെ അടുത്ത ദിവസം തന്നെ ഞങ്ങൾ രണ്ടുപേരും ജോലിക്ക് പോയി.'
'ആലിയ അവളുടെ ഷൂട്ടിങ്ങിന് പോയി. ഞാനും മണാലിയിൽ പോയിരുന്നു. അവൾ ലണ്ടനിൽ നിന്ന് മടങ്ങിയെത്തി. ഞാൻ എന്റെ ഷംഷേര എന്ന സിനിമ റിലീസായ ശേഷം ഞങ്ങൾ ഒരാഴ്ച അവധി എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.'
'ഇപ്പോഴും ഞങ്ങൾ വിവാഹിതരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല അല്ലെങ്കിൽ അക്കാര്യം ഉൾക്കൊണ്ടിട്ടില്ല എന്ന് വേണം പറയാൻ' രൺബീർ പറയുന്നു. രൺബീറിനെ ആലിയ ആദ്യമായി കാണുന്നത് 2005ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയ്ക്കായി ഓഡിഷൻ ചെയ്തപ്പോഴായിരുന്നു.
രൺബീർ ചിത്രത്തിന്റെ സംവിധാകൻ സഞ്ജയ് ലീല ബൻസാലിയുടെ അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു ആ സമയത്ത്.

വർഷങ്ങൾക്ക് ശേഷം ആലിയയും സിനിമയിൽ അരങ്ങേറി. രണ്ടുപേരും സൂപ്പർ താരങ്ങളായി മാറുകയും ചെയ്തു. 2017ൽ രൺബീറിനേയും ആലിയയേയും നായകനും നായികയുമാക്കി അയാൻ മുഖർജി സിനിമയൊരുക്കാൻ തീരുമാനിച്ചിരുന്നു. ബ്രഹ്‌മാസ്ത്രയെന്ന ഈ ചിത്രത്തിൻറെ ചിത്രീകരണത്തിനിടെയാണ് രൺബീറും ആലിയയും അടുക്കാൻ ആരംഭിക്കുന്നത്.
ബൾഗേറിയയിലെ ചിത്രീകരണ സമയത്തിനിടെയായിരുന്നു രൺബീറും ആലിയയും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. അധികം വൈകാതെ തന്നെ രൺബീറും ആലിയയും പ്രണയത്തിലാണെന്ന വാർത്ത സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറയുകയായിരുന്നു.
പിന്നീട് 2018ൽ രൺബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ ആ പ്രണയം അവർ പരസ്യമാക്കുകയും ചെയ്തു.

രൺബീറും ആലിയയും ഒരുമിച്ച ആദ്യത്തെ സിനിമ ബ്രഹ്‍മാസ്‍ത്ര പാർട്ട് വൺ: ശിവ സെപ്റ്റംബർ ഒമ്പതിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. ഇഷ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ആലിയ ഭട്ട് അഭിനയിച്ചിരിക്കുന്നത്.
പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ബ്രഹ്‍മാസ്‍ത്ര എത്തുക. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രഹ്‍മാസ്‍ത്ര.
അമിതാഭ് ബച്ചനും ബ്രഹ്‍മാസ്‍ത്രയെന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഹുസൈൻ ദലാലും അയൻ മുഖർജിയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷാരൂഖ് ഖാൻ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
ഗംഗുഭായ് കത്തിയവാഡിയാണ് അവസാനമായി പുറത്തിറങ്ങിയ ആലിയ ഭട്ട് സിനിമ. സഞ്ചുവാണ് അവസാനമായി റിലീസ് ചെയ്ത രൺബീർ കപൂർ സിനിമ.


Click it and Unblock the Notifications