ജോണ്‍ വിവാഹിതനാകുമ്പോള്‍ ബിപാഷ എവിടെയായിരുന്നു?
ജോണ്‍ എബ്രഹാം സ്വകാര്യമായ ചടങ്ങില്‍ വിവാഹിതനായി എന്ന് കേള്‍ക്കുമ്പോള്‍ പൂര്‍വ്വകാമുകിയായ ബിപാഷ ബസു ഇതിനോട് എങ്ങനെയാകും പ്രതികരിച്ചിരിക്കുകയെന്നൊരു ചിന്ത ഇവരുടെ രണ്ടുപേരുടെയും ബന്ധത്തെക്കുറിച്ച് കേട്ടിട്ടുള്ള ആര്‍ക്കും തോന്നിപ്പോകും. ഒന്‍പത് വര്‍ഷത്തെ പ്രണയം വേണ്ടെന്നുവച്ചാണ് ജോണ്‍ എബ്രഹാം പ്രിയ രുഞ്ചാലിനെ പ്രണയിനിയാക്കുകയും ഇപ്പോള്‍ ജീവിതപങ്കാളിയാക്കുകയും ചെയ്തിരിക്കുന്നത്.
ജോണ്‍ ബന്ധം വേണ്ടെന്നുവച്ചപ്പോള്‍ താന്‍ ആകെ തകര്‍ന്നുപോയിരുന്നുവെന്നകാര്യം ബിപാഷ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴും രണ്ടുപേരും തമ്മില്‍ കണ്ടാല്‍ മൈന്‍ഡ് ചെയ്യാതെയാണ് നടക്കുന്നതും. അപ്പോള്‍ ജോണ്‍ വിവാഹം കഴിച്ചപ്പോള്‍ ബിപാഷ എന്തായിരിക്കും ചെയ്തിരിക്കുകയെന്ന ചിന്തയില്‍ വലിയ അതിശയമില്ല.
ജോണ്‍ വിവാഹിതനായെന്ന് കേട്ട് തകര്‍ന്നിരിക്കുന്ന ബിപാഷയാകും പലരുടെയും ഭാവനയിലുണ്ടായിരിക്കുക. എന്നാല്‍ ബിപാഷ ചെയ്തത് ഇതൊന്നുമല്ല. പുതിയ കാമുകന്‍ ഹര്‍മ്മന്‍ ബവേജയ്‌ക്കൊപ്പം ഗോവയില്‍ അടിപൊളിയൊരു അവധിക്കാലം ആഘോഷിക്കുകയായിരുന്നു താരം.
ജോണ്‍ ട്വിറ്ററിലൂടെ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയ ഉടന്‍തന്നെ ബിപാഷ ബജേവയുമൊത്തുള്ള ഗോവന്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഗോവയില്‍ മനോഹരമായ ഒരു അവധിക്കാലം ആഘോഷിച്ച് മുംബൈയില്‍ തിരിച്ചെത്തിയതേയുള്ളുവെന്നൊരു ട്വീറ്റും ഇട്ടു.
ബോളിവുഡിലെ ഹോട്ട് പ്രണയജോഡികളായ ബിപാഷയും ജോണും പിരിഞ്ഞത് വമ്പന്‍ വാര്‍ത്തയായിരുന്നു. പിന്നീട് രണ്ടുപേരും പരപ്‌സരം കണ്ടാല്‍ മിണ്ടാതിരിക്കുന്നതും മറ്റും വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോള്‍ അധികം വാര്‍ത്തകള്‍ക്കൊന്നും ഇടനല്‍കാതെ അതീവരഹസ്യമായിട്ടാണ് ജോണ്‍ വിവാഹംകഴിച്ചിരിക്കുന്നത്.


Click it and Unblock the Notifications












