ദിവ്യ മദ്യപിച്ചിരുന്നു; മരണത്തിന് കാരണമായതെന്തെന്ന് നടൻ; ശ്രീദേവിയുടെ അവസാന ദിവസവും വില്ലനായത് മദ്യം
ബോളിവുഡിൽ ചുരുരുളഴിയാത്ത രഹസ്യം പോലെ ചില സംഭവങ്ങളുണ്ട്. താരങ്ങളുടെ ദുരൂഹ മരണങ്ങളാണ് ഇതിൽ പ്രധാനം. ദിവ്യ ഭാരതി, സുശാന്ത് സിംഗ് രാജ്പുത്, മലയാള നടി വിജയശ്രീ,സിൽക് സ്മിത തുടങ്ങിയവരുടെ മരണത്തെ സംബന്ധിച്ച് ഇന്നും ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുണ്ട്. 1993 ൽ തന്റെ 19ാം വയസിലാണ് ദിവ്യ ഭാരതി മരിക്കുന്നത്. വർഷങ്ങൾക്കിപ്പുറവും ഈ മരണം സിനിമാ ലോകത്ത് ചർച്ചയാകുന്നു. മൂന്ന് വർഷം മാത്രമാണ് ദിവ്യ സിനിമകളിൽ അഭിനയിച്ചത്. അതിനുളളിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ ഒരു നിര തന്നെ നടിക്ക് ലഭിച്ചു.
16ാം വയസ്സിൽ അഭിനയ രംഗത്തേക്ക് കടന്ന് ദിവ്യ തെന്നിന്ത്യയിലാണ് തുടക്കം കുറിക്കുന്നത്. പിന്നീട് ഹിന്ദി സിനിമാ രംഗത്തേക്കെത്തി. ശ്രീദേവി താര റാണിയായി നിലനിൽക്കുന്ന കാലത്താണ് ദിവ്യയുടെ കടന്ന് വരവ്. ഇരുവരും തമ്മിലുള്ള രൂപ സാദൃശ്യം അന്നേറെ ചർച്ചയായി. ശ്രീദേവിക്ക് പകരക്കാരിയായാണ് അന്ന് പലരും ദിവ്യയെ കണ്ടത്. ചെറുപ്പത്തിന്റെ പ്രസരിപ്പിപ്പും തിളങ്ങുന്ന സൗന്ദര്യവുമായെത്തിയ ദിവ്യ വൈകാതെ ശ്രീദേവിയുടെ സ്ഥാനം കൈക്കലാക്കുമെന്ന് ഏവരും കരുതി.

എന്നാൽ ആകസ്മികമായ സംഭവങ്ങളാണ് ദിവ്യയുടെ ജീവിതത്തിലുണ്ടായത്. 1993 ൽ തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വീണ് ദിവ്യ ഭാരതി മരണപ്പെട്ടു. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും അന്ന് വന്നു. ദിവ്യ ഭാരതി ആത്മഹത്യ ചെയ്തതാണെന്ന് വാദം വന്നു. നടിയെ മുംബൈ അധോലോകത്തിലെ കണ്ണികൾ കൊലപ്പെടുത്തിയതാണെന്ന് മറ്റ് ചിലർ വാദിച്ചു. ഇപ്പോഴിതാ നടിയുടെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും നിർമാതാവുമായ കമൽ സദ്ന. ഇവർ ഒരുമിച്ച് അഭിനയിച്ചവരാണ്.
ദിവ്യ ഭാരതി തന്റെ സുഹൃത്തായിരുന്നെന്നും തമാശക്കാരിയിരുന്നു നടിയെന്നും കമൽ സദ്ന പറയുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് താൻ ദിവ്യയെ കണ്ടതാണ്. അപ്രതീക്ഷിത മരണ വാർത്ത തന്നെ ഞെട്ടിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി. മരണപ്പെട്ട സമയത്ത് ദിവ്യയ്ക്ക് നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജീവിച്ചിരുന്നെങ്കിൽ ദിവ്യ സൂപ്പർ താരമായേനെ.

എന്നാൽ ദിവ്യ ആത്മഹത്യ ചെയ്തതാണെന്ന് താൻ കരുതുന്നില്ലെന്ന് കമൽ സദ്ന വ്യക്തമാക്കി. ഞാൻ കരുതുന്നത് ആ സമയത്ത് ദിവ്യ മദ്യപിച്ചിരുന്നു. വെറുതെ ഉലാത്തവെ വഴുതി വീണു. അതൊരു ആക്സിഡന്റ് മാത്രമാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. അവൾക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല.
ഇതിനാൽ ദിവ്യ ഭാരതിയുടേത് ആത്മഹത്യയാണെന്ന് താൻ കരുതുന്നില്ലെന്നും കമൽ സദ്ന പറഞ്ഞു. നടി ശ്രീദേവിയുടെ മരണ സമയത്തും വില്ലനായത് മദ്യമാണ്. ബാത്ത് ടബ്ബിൽ വീണപ്പോൾ മദ്യ ലഹരിയിലായിരുന്നു ശ്രീദേവി. ടബ്ബിലെ വെള്ളത്തിൽ മുങ്ങിയാണ് ശ്രീദേവി മരിച്ചത്. ശ്രീദേവിയുടെ മരണശേഷവും മരണ കാരണം സംബന്ധിച്ച് അഭ്യൂഹങ്ങൾ വന്നിരുന്നു. പിന്നീടിവ കെട്ടടങ്ങി.


Click it and Unblock the Notifications











