ഷാരൂഖ് എനിക്കൊപ്പം അഭിനയിക്കാൻ ഭയക്കുന്നു: കിംഗ് ഖാനെതിരെ പരസ്യമായി രംഗത്ത് വന്ന ആമിർ
ബോളിവുഡ് എന്നും അനേകം താരയുദ്ധങ്ങൾക്ക് വേദിയായ ഇൻഡസ്ട്രിയാണ്. എന്നാൽ രണ്ട് സൂപ്പർതാരങ്ങൾക്ക് ഒരിക്കലും സുഹൃത്തുക്കളായി തുടരാൻ കഴിയില്ലെന്ന വിശ്വാസത്തിന് എന്നും അടിവരയിട്ടത് സമകാലികരായ ഷാരുഖ് ഖാന്റെയും ആമിർ ഖാന്റെയും വർഷങ്ങൾ നീണ്ടുനിന്ന ശീതസമരമാണ്. റൊമാന്റിക് ചിത്രങ്ങളിലൂടെ ജനകീയനായി മാറിയ കിംഗ് ഖാനും, വ്യത്യസ്തതയിലൂടെ സിനിമ പ്രേമികളുടെ മതിപ്പ് നേടിയ മിസ്റ്റർ പെർഫെക്ഷനിസ്റ്റും എന്നും ബദ്ധവൈരികളായിരുന്നു. മുൻപൊരിക്കൽ, ഐ.ബി.എൻ.7ന് നൽകിയ അഭിമുഖത്തിൽ, ഷാരൂഖിന് തന്നോടൊപ്പം അഭിനയിക്കാൻ ഭയമാണെന്ന് വരെ ആമിർ അവകാശപ്പെടുകയുണ്ടായി.
ഷാരൂഖിനെതിരേ പരസ്യമായി രംഗത്ത് വന്ന ആമിർ
2008ൽ ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിൽ ആമിർ ഖാൻ നായകനായ ഗജിനിയും, ഷാരൂഖ് ഖാന്റെ റബ് നെ ബനാ ദി ജോഡിയും, തീയറ്ററുകളിൽ എത്തിയിരുന്നു. തന്റെ സ്വപ്ന ചിത്രത്തിന്റെ പ്രൊമോഷൻ ഇന്റർവ്യൂവിൽ, കിംഗ് ഖാനെതിരെ പരസ്യമായി രംഗത്ത് വന്ന് മിസ്റ്റർ പെർഫെക്ഷനിസ്റ്റ് പ്രേക്ഷകരെയും മാധ്യമങ്ങളെയും ഒരുപോലെ ഞെട്ടിച്ചു. ബോളിവുഡിന്റെ ഏറ്റവും വലിയ ബ്രാൻഡ് താൻ ആണെന്ന ഷാരൂഖിന്റെ അവകാശവാദത്തിന് മറുപടി പറയുകയായിരുന്നു ആമിർ. എസ്.ആർ.കെ.യുടെ പ്രഖ്യാപനം ഒട്ടും ഇഷ്ടപ്പെടാതിരുന്ന ഗജിനി നായകൻ, ഷാരൂഖ് തന്നോടൊപ്പം അഭിനയിക്കാൻ ഭയക്കുന്നു എന്ന് തുറന്നടിച്ചു.

"എന്നോടൊപ്പം ഒരു സിനിമ ചെയ്യാൻ ഷാരൂഖ് ഖാനോട് ഞാൻ പല വട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ആ ഓഫർ ഒരിക്കലും സ്വീകരിച്ചിട്ടില്ല. സത്യത്തിൽ ഷാരൂഖിന് എനിക്കൊപ്പം അഭിനയിക്കാൻ ഭയമാണ്," ഐ.ബി.എൻ.7ന് നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ അവകാശപ്പെട്ടു. എന്നാൽ മിസ്റ്റർ പെർഫെക്ഷൻസിറ്റിന് മറുപടിയുമായി വന്ന കിംഗ് ഖാൻ ഫാൻസ്, ആമിർ എല്ലാ കാലത്തും ഷാരൂഖിന്റെ വളർച്ചയിൽ അസ്വസ്ഥനായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചു. ഷാരുഖ് മികച്ച നടനുള്ള അവാർഡുകൾ തുടർച്ചയായി നേടാൻ തുടങ്ങിയതോടെ ആമിർ ഫിലിം അവാർഡ് ചടങ്ങുകളിൽ നിന്ന് മാറി നില്ക്കാൻ പോലും തുടങ്ങി എന്ന് അവർ ആരോപിച്ചു.
ഷാരൂഖ് ആമിറിന് നൽകിയ മറുപടി

പിന്നീട്, ചില മാസങ്ങൾക്ക് ശേഷം ഷാരൂഖ് ഖാൻ ആമിർ ഖാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തി. എല്ലാ വിഷയത്തിലും നർമ്മം കലർന്ന മറുപടികൾ നൽകുന്ന ഖാൻ പക്ഷെ, ഇത്തവണ ആ ശൈലി മാറ്റിയിരുന്നു. "ആമിറിനെ ഞാൻ ഒരിക്കലും വിമർശിക്കാറില്ല. നിങ്ങൾ മാധ്യമങ്ങളാണ് ഇത്തരം തമാശകൾ വലുതാക്കി വഷളാക്കുന്നത്. ഞാൻ അത് കാര്യമാക്കാറില്ല. എന്നാൽ ചില സമയത്ത് ആമിറോ മറ്റുള്ളവരോ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയാറുണ്ട്. അത്തരം അവസരങ്ങളിൽ, അത് ഞാൻ കാര്യമാക്കി എടുത്താൽ, അവരോടു നേരിട്ട് സംസാരിക്കും," ഷാരുഖ് ഖാൻ പറഞ്ഞു നിർത്തി.
വർഷങ്ങൾക്കിപ്പുറം, ഇന്ന്, പഴയ ശീതസമരമൊക്കെ മറന്ന് അഭ്യുദയകാംക്ഷികൾ ആയി മാറിയിരിക്കുകയാണ് ആമിർ ഖാനും ഷാരൂഖ് ഖാനും. ഇതിന് പിന്നിൽ ഇരുവരുടേയും സുഹൃത്തും സമകാലീനനുമായ സൂപ്പർസ്റ്റാർ സൽമാൻ ഖാന് വലിയ പങ്കുണ്ട്. അടുത്തിടെ നടത്തിയ അഭിമുഖങ്ങളിൽ, തങ്ങൾ വലിയ സുഹൃത്തുക്കൾ അല്ലെങ്കിലും, പരസ്പരം ഒരുപാടു ബഹുമാനിക്കുന്നുണ്ട് എന്നാണ് ആമിർ പറഞ്ഞത്. ഈദ് ഉൾപ്പെടെ പല വിശേഷാവസരങ്ങളിലും ഷാരൂഖ് ഖാനും, ആമിർ ഖാനും, ഇരുവരുടെയും കുടുംബങ്ങളും, സൽമാൻ ഖാന്റെ വസതിയിൽ ഒത്തുകൂടുന്നത് ഇന്ന് പതിവാണ്. സൂപ്പർ താരങ്ങളുടെ ഈ പുതിയ മാറ്റത്തിൽ ആശ്വസിക്കുകയാണ് ആരാധകരും, ബോളിവുഡ് സിനിമ പ്രേമികളും.


Click it and Unblock the Notifications











