കുടുംബത്തിന്റെ സമ്പത്ത് ഇല്ലാതായി; അവാർഡ് നെെറ്റിന് ധരിക്കാൻ വസ്ത്രം പോലും ഇല്ലാതിരുന്ന അഭിഷേക്
ബോളിവുഡിൽ എപ്പോഴും ശ്രദ്ധ നേടുന്ന താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഇന്ത്യൻ സിനിമ ആഘോഷിച്ച ബച്ചൻ കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകാറുണ്ട്. ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരനായ അഗസ്ത്യ നന്ദയും സിനിമാ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്. ശ്വേത ബച്ചന്റെ മകനായ അഗസ്ത്യ ആർച്ചീസ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. കോടികൾ ആസ്തിയുള്ള താര കുടുംബമാണ് ഇന്ന് ബച്ചന്റേത്. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക്, ശ്വേത, ഐശ്വര്യ റായ് തുടങ്ങിയവർക്കെല്ലാം അവരുടേതായ വരുമാന ശ്രോതസ്സുകളുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി സ്വത്തുക്കളും കോടികളുടെ നിക്ഷേപങ്ങളും ഇവർക്കുണ്ട്. 3019 കോടിയുടെ ആസ്തി അമിതാഭ് ബച്ചനുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്നത്തെ ആഡംബര ജീവിതത്തിനപ്പുറം പ്രതിസന്ധികൾ നേരിട്ട ഒരു കാലം അമിതാഭ് ബച്ചനുമുണ്ട്. അന്ന് നടന്റെ കുടുംബം ഏറെ ബുദ്ധിമുട്ടുകയും ചെയ്തിട്ടുണ്ട്. അഭിഷേക് സിനിമാ രംഗത്തേക്ക് കടന്ന് വരാനൊരുങ്ങുന്ന കാലത്തായിരുന്നു ഇത്.

കുടുംബത്തിലെ ബിസിനസ് തകർന്നതാണ് സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമായത്. അഭിഷേകിനെ നായകനാക്കി സിനിമ ചെയ്യാൻ അന്ന് ഭൂരിഭാഗം പേരും മടിച്ചു. മോശം സമയത്തിലൂടെ കടന്ന് പോകുന്ന അമിതാഭ് ബച്ചന്റെ മകന്റെ സിനിമാ അരങ്ങേറ്റത്തിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇവരാരും തയ്യാറായില്ല.
ആ സമയത്ത് നടന്ന ഒരു ഫിലിം ഫെയർ ഫംങ്ഷന് അമിതാഭ് ബച്ചൻ മകനെയും ഒപ്പം കൂട്ടി. അന്ന് ഇവന്റിന് അണിയാൻ തന്റെ കൈയിൽ നല്ലൊരു വസ്ത്രം പോലും ഇല്ലായിരുന്നെന്നും അഭിഷേക് പിന്നീടൊരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്ത് ധരിക്കണമെന്ന് പൊതുവെ എല്ലാവരും മാസങ്ങൾക്ക് മുമ്പേ തീരുമാനമെടുക്കും. അക്കാലത്ത് ആരും വെറുതെ വസ്ത്രങ്ങൾ തരില്ല. നമ്മൾ തന്നെ വാങ്ങണം. നോമിനേറ്റ് ചെയ്തിട്ടില്ലെങ്കിൽ പോകും ഇൻഡസ്ട്രിയിലെ എല്ലാവരും എത്തും.

പക്ഷെ എന്ത് ധരിക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. ഇപ്പോൾ പറയുമ്പോൾ വല്ലാതെ തോന്നുമെങ്കിലും അന്നെനിക്ക് അധികം വസ്ത്രങ്ങൾ ഇല്ല. മോശം ഘട്ടത്തിലൂടെ പോകുന്നതിനാൽ ഞങ്ങൾക്ക് അവ വാങ്ങാൻ പണമില്ല. പരമാവധി ചെലവ് ചുരുക്കിയാണ് ജീവിക്കുന്നത്. ഫോർമൽ വസ്ത്രങ്ങളൊന്നും എന്റെ പക്കൽ ഇല്ലായിരുന്നു. ജീൻസും ടീ ഷർട്ടും ധരിച്ച് പോകുന്നത് ഉചിതമല്ലെന്നും തോന്നി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സഹോദരിയുടെ വിവാഹത്തിന് വാങ്ങിയ ഷർവാണി ധരിച്ചാണ് അവാർഡ് നിശയിൽ പങ്കെടുത്തതെന്ന് അഭിഷേക് ബച്ചൻ തുറന്ന് പറഞ്ഞു.
എന്നാൽ അവാർഡ് നിശയിൽ പങ്കെടുത്തത് കൊണ്ട് അഭിഷേക് ബച്ചന് ഗുണമുണ്ടായി. സംവിധായകൻ ജെപി ശ്രദ്ധ അഭിഷേക് ബച്ചനെ ശ്രദ്ധിച്ചു. ഇദ്ദേഹത്തിന്റെ റെഫ്യൂജി എന്ന സിനിമയിലൂടെ അഭിഷേത് ബച്ചന് ബോളിവുഡിൽ തുടക്കം കുറിക്കാനും സാധിച്ചു. കരീന കപൂറാണ് ചിത്രത്തിൽ നായികയായെത്തിയത്. നടിയുടെയും ആദ്യ സിനിമയായിരുന്നു ഇത്.
പ്രതിസന്ധി ഘട്ടങ്ങൾ അതിജീവിച്ച അമിതാഭ് ബച്ചനെയും കുടുംബത്തെയും തേടി വീണ്ടും സൗഭാഗ്യങ്ങളെത്തി. അടുത്തിടെയായി ബച്ചൻ കുടുംബത്തെക്കുറിച്ച് ചില ഗോസിപ്പുകൾ സിനിമാ ലോകത്ത് പ്രചരിച്ചിരുന്നു. ഐശ്വര്യ റായും അഭിഷേകിന്റെ വീട്ടുകാരും തമ്മിൽ സ്വര ചേർച്ചയിൽ അല്ലെന്നാണ് വിവരം. ഗോസിപ്പുകൾ കടുത്തിട്ടും താര കുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications