അവൾക്ക് ഒന്നിനും എന്റെ അനുവാദം വേണ്ട; സ്വന്തം തീരുമാനമാണെന്ന് അഭിഷേക്; എന്നിട്ടും പ്രശ്നമായതെന്തെന്ന് ആരാധകർ
നടി ഐശ്വര്യ റായുടെ വിവാഹ ജീവിതമാണ് ബോളിവുഡിൽ ഇപ്പോഴത്തെ സജീവ ചർച്ച. ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങിൽ വെച്ചുണ്ടായ സംഭവങ്ങളോടെ ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ ബന്ധത്തിൽ വിള്ളൽ വീണെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുകയാണ്. അഭിഷേക് തന്റെ വീട്ടുകാർക്കൊപ്പവും ഐശ്വര്യ മകൾക്കൊപ്പവുമാണ് വിവാഹ ചടങ്ങിൽ ക്യാമറയ്ക്ക് മുന്നിൽ നിന്നത്. ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും ഐശ്വര്യ അകലം കാണിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഇത് ഉറപ്പിക്കാനായത് ആനന്ദ് അംബാനിയുടെ വിവാഹത്തോടെയാണ്.
കഴിഞ്ഞ ദിവസം വേർപിരിയലിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന് അഭിഷേക് ബച്ചൻ ലൈക് ചെയ്യുകയും ചെയ്തു. എന്തൊക്കെയോ പ്രശ്നങ്ങൾ താര കുടുംബത്തിൽ നടക്കുന്നു എന്ന് വ്യക്തമാണ്. ഗോസിപ്പുകൾ പരിധി വിട്ടിട്ടും താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐശ്വര്യ റായിയെ പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകളും വരുന്നുണ്ട്. താര റാണിയായിരുന്നപ്പോഴും ഐശ്വര്യ ആഗ്രഹിച്ചത് കുടുംബ ജീവിതമാണ്. ഇതേക്കുറിച്ച് നിരവധി തവണ നടി സംസാരിച്ചിട്ടുമുണ്ട്.

കരിയറിൽ വലിയ അവസരങ്ങൾ ഉള്ളപ്പോഴാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നത്. താരപുത്രനെന്നത് മാറ്റി നിർത്തിയാൽ ഐശ്വര്യയുടെ എത്രയോ താഴെയായിരുന്നു അഭിഷേകിന്റെ താരമൂല്യം. വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ.
എന്നാൽ ഐശ്വര്യ മാറി നിന്നത് കൊണ്ട് നടിയുടെ താരപ്രഭയ്ക്ക് കോട്ടം വന്നില്ല. സിനിമാ രംഗത്ത് ഐശ്വര്യ സജീവമാകാത്തതിന് കാരണം അഭിഷേകിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതിക കാഴ്ചപ്പാടുകളും നിയന്ത്രണങ്ങളുമാണെന്ന് ആരാധകർ വിമർശിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കഴിഞ്ഞ വർഷം അഭിഷേക് വ്യക്തത വരുത്തുകയുണ്ടായി.

പൊന്നിയിൻ സെൽവനിലെ ഐശ്വര്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ പോസ്റ്റിട്ടതായിരുന്നു അഭിഷേക്. പോസ്റ്റിന് വന്ന കമന്റ് അഭിഷേകിന്റെ ശ്രദ്ധയിൽ പെട്ടു. ഐശ്വര്യയിൽ തനിക്ക് അഭിമാനം തോന്നുന്നു എന്നായിരുന്നു അഭിഷേകിന്റെ പോസ്റ്റ്. നിങ്ങൾ അഭിമാനിക്കണം, ഇനി ഐശ്വര്യയെ കൂടുതൽ സിനിമകളിൽ ഒപ്പ് വെക്കാൻ അനുവദിച്ച് നിങ്ങൾ ആരാധ്യയുടെ കാര്യങ്ങൾ ശ്രദ്ധിക്കുക എന്നാണ് പോസ്റ്റിന് വന്ന കമന്റ്.
അഭിഷേക് ഇതിന് മറുപടിയും നൽകി. അനുവദിക്കണമെന്നോ?. സർ, അവൾക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ എന്റെ അനുവാദം വേണ്ട. പ്രത്യേകിച്ചും അവൾ ഇഷ്ടപ്പെടുന്ന കാര്യം. എന്നാണ് അഭിഷേക് ബച്ചൻ മറുപടി നൽകി. മകൾക്ക് വേണ്ടി സിനിമകളുടെ എണ്ണം കുറച്ചത് ഐശ്വര്യ റായ് ആണ്. നടിയുടെ കരിയറിന് ഭർത്താവ് പിന്തുണ നൽകുന്നുമുണ്ട്.
പിന്നെ എന്താണ് ഇവർക്കിടയിൽ പ്രശ്നമായതെന്നാണ് ആരാധകരുടെ ചോദ്യം. അഭിഷേകിന്റെ വീട്ടുകാരുടെ ഇടപെടൽ ബന്ധത്തെ ബാധിച്ചെന്ന് വാദമുണ്ട്. ഐശ്വര്യയും ഭർതൃമാതാവ് ജയ ബച്ചനും തമ്മിലുള്ള അകൽച്ച സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടാറുണ്ട്. ഗോസിപ്പുകളിൽ അധികം വൈകാതെ ഐശ്വര്യ റായ് മറുപടി നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications