രണ്ടാം ഭാര്യ തിരിച്ചെത്തി, വീണ്ടും വിവാഹം; എന്നിട്ടും പിരിഞ്ഞു; അമിത വണ്ണം മൂലം മരണം മുന്നിൽ കണ്ടപ്പോൾ
ഗാനരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ഗായകനും സംഗീത സംവിധായകനുമായ അദ്നാൻ സമി. സംഗീത ലോകത്തെ സംഭാവനകൾ പരിഗണിച്ച് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.സംഗീത കരിയറിനപ്പുറം വ്യക്തി ജീവിതത്തിലെ കാരണങ്ങളാൽ ഇദ്ദേഹം വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഒന്നിലേറെ വിവാഹം, വിവാഹ മോചനം തുടങ്ങിയവ അദ്നാൻ സമിയെ ഗോസിപ്പ് കോളങ്ങളിലെ ചർച്ചാ വിഷയമാക്കി.
ജെബ ബക്തിയാർ എന്നാണ് അദ്നാനിന്റെ ആദ്യ ഭാര്യയുടെ പേര്. 1993 ലായിരുന്നു ഇവരുടെ വിവാഹം. ഇരുവർക്കും ഒരു മകനും പിറന്നു. ആസാൻ സമി ഖാൻ എന്നാണ് മകന് നൽകിയ പേര്. വിവാഹ ജീവിതം മൂന്ന് വർഷം പിന്നിടുമ്പോഴേക്കും ഇവർ വേർപിരിഞ്ഞു.
കുറച്ച് വർഷങ്ങൾ സിംഗിളായി ജീവിച്ച അദ്നാൻ പിന്നീട് ദുബായിൽ നിന്നുള്ള സബ ഗൽദാരി എന്ന അറബ് സ്ത്രീയുമായി പ്രണയത്തിലായി. ഇവർ വിവാഹം ചെയ്തു. അദ്നാനെ പോലെ ആദ്യ വിവാഹ ബന്ധത്തിൽ സബയ്ക്കും ഒരു മകനുണ്ടായിരുന്നു. എന്നാൽ ഒന്നര വർഷത്തിനുള്ള ഈ ബന്ധവും പിരിഞ്ഞു.

കൗതുകരമെന്നോണം നിയമപരമായി വേർപിരിഞ്ഞ ഇരുവരും വീണ്ടും ഒന്നിച്ചു. ലിവിംഗ് ടുദെഗറിലേക്ക് കടന്ന ഇരുവരും വീണ്ടും വിവാഹവും ചെയ്തു. എന്നിട്ടും കുറച്ച് നാളുകൾക്കുള്ളിൽ ഇവർക്ക് പിരിയേണ്ടി വന്നു. സബയാണ് വീണ്ടും വിവാഹ മോചനം തേടി മുന്നോട്ട് വന്നത്. ഫലത്തിൽ അദ്നാൻ സമിക്ക് മൂന്ന് വിവാഹവും വിവാഹ മോചനവും നടന്നു.
എന്നാൽ നാലാമതാെരു തവണ കൂടി ശ്രമിക്കാൻ അദ്നാൻ മടിച്ചില്ല. 2010 ലായിരുന്നു അടുത്ത വിവാഹം. റോയ സമി ഖാനെയാണ് ഗായകൻ ഭാര്യയാക്കിയത്. മെദിന സമി ഖാൻ എന്ന മകളും ഇരുവർക്കും ജനിച്ചു. 51 കാരനായ അദ്നാൻ ഇപ്പോഴും സംഗീത രംഗത്ത് തുടരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്നാൻ സമിയുടെ ശരീര ഭാരം കൂടിയത് വലിയ വാർത്തായിരുന്നു. 230 കിലോയായി തന്റെ ശരീര ഭാരം കൂടിയെന്ന് ഗായകൻ തന്നെയാണ് തുറന്ന് പറഞ്ഞത്. അനിയന്ത്രിതമായി ശരീര ഭാരം കൂടിയത് മൂലം തനിക്ക് ആറ് മാസം മാത്രമേ ആയുസുള്ളൂവെന്ന് ഡോക്ടർ പറഞ്ഞു. മരണം മുന്നിൽ കണ്ട നാളുകളിൽ നിന്നും താൻ ശരീര ഭാരം കുറച്ച് ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നെന്നും അദ്നൻ സമി 2018 ൽ നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.
ബോളിവുഡിലും തെലുങ്കിലും നിരവധി ഗാനങ്ങളൊരുക്കിയ അദ്നൻ സമി ജനിച്ചത് ലണ്ടനിലാണ്. യുകെയിലായിരുന്നു ചെറുപ്പകാലം. പാകിസ്താൻ പൗരനാണ് അദ്നൻ സമിയുടെ പിതാവ് അർഷദ് ഖാൻ. പാക് എയർഫോഴ്സിലെ പൈലറ്റായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അമ്മ നൗറീൻ ഖാൻ ഇന്ത്യക്കാരിയാണ്. വിദേശത്ത് ജനിച്ച് വളർന്ന അദ്നൻ സമിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് 2016 ലാണ്.

ആഖോ നെ കിയാ ഇഷാര, കുഛ് പ്യാർ ഭീ കർ, രാജ് ഹെ ജവാൻ തുടങ്ങിയ ഇദ്ദേഹത്തിന്റെ ശ്രദ്ധേയ ഗാനങ്ങളാണ്. തമിഴിൽ ആയുധ എഴുത്ത് എന്ന സിനിമയിലെ നെഞ്ചം എല്ലാം, സത്തം പോട്തെ എന്ന സിനിമയിലെ ഓ ഇന്ത് കാതൽ, ബോയ്സ് സിനിമയിലെ ബൂം ബൂം എന്നീ ഗാനങ്ങളും ശ്രദ്ധ നേടി. മലയാളത്തിലെ ഒറ്റ ഗാനം കൊണ്ട് ഇദ്ദേഹം വൻ പ്രശസ്തി നേടി. മകൾക്ക് എന്ന സിനിമയിലെ ചാഞ്ചാടിയായി എന്ന ഗാനമാണിത്. ഈ ഗാനം ഇന്നും ഏവർക്കും പ്രിയപ്പെട്ടതാണ്.


Click it and Unblock the Notifications