എന്നിലെ അമ്മയെ എടുത്ത് മാറ്റാനാവില്ലല്ലോ; അനുഷ്കയുടെ ചോദ്യത്തിന് ഐശ്വര്യ റായ് നൽകിയ മറുപടി
ഇന്ത്യൻ സിനിമയലെ സൂപ്പർ ഹിറ്റ് നായിക നടി എന്നതിനൊപ്പം നല്ല കുടുംബിനിയുമാണ് ഐശ്വര്യ റായ്. ലോകമറിയപ്പെടുന്ന താരമായിട്ടും കരിയറിൽ നിന്ന് നാല് വർഷം മാറി നിൽക്കാൻ ഐശ്വര്യ മടിച്ചില്ല. കുടുംബത്തിനൊപ്പമുള്ള സമയത്തിനാണ് അന്ന് ഐശ്വര്യ പ്രാധാന്യം നൽകിയത്. ഇടവേള അവസാനിപ്പിച്ച് പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമ സംവിധാനം ചെയ്തത് മണിരത്നമാണ്.
പൊതുവേദികളിൽ മിക്കപ്പോഴും ഐശ്വര്യക്കൊപ്പം കാണുന്നയാളാണ് മകൾ ആരാധ്യ. അന്താരാഷ്ട്ര വേദിയായ കാൻ ഫിലിം ഫെസ്റ്റിവലിന് പോവുമ്പോഴും മകൾ ഒപ്പമുണ്ടാവും. മകൾക്കൊപ്പമുള്ള സമയം എന്തിന് ഇല്ലാതാക്കണം എന്ന പക്ഷക്കാരിയാണ് ഐശ്വര്യ റായ്. എന്നാലും ഇക്കാര്യത്തിൽ പലരും വിമർശനമുന്നയിക്കുന്നുണ്ട്. കുഞ്ഞ് നാൾ മുതൽ ക്യാമറക്കണ്ണുകൾക്ക് മുന്നിൽ പോസ് ചെയ്യുകയാണ് മകൾ ആരാധ്യ.

പത്ത് വയസ്സുകാരിയായ ആരാധ്യ ഇപ്പോൾ മിക്കപ്പോഴും അമ്മയ്ക്കൊപ്പം എല്ലാ വേദികളിലും കാണാം. കുട്ടികളുടെ സ്വാഭാവിക ജീവിത രീതി ആരാധ്യക്ക് നഷ്ടപ്പെടുന്നെന്നും താനൊരു താരമാണെന്ന തോന്നൽ ഇപ്പോൾ തന്നെ ആരാധ്യയുണ്ടെന്നും ഇത് ഭാവിയിൽ ബാധിക്കുമെന്നും വിമർശകർ പറയുന്നു. ഐശ്വര്യയ്ക്കൊപ്പം സിനിമാ രംത്ത് തുടരുന്ന നടി റാണി മുഖർജി പൊതുവേദികളിൽ മകളെ കൊണ്ട് വരാറെ ഇല്ല.
ലൈം ലൈറ്റിലേക്ക് മകൾ ഇപ്പോൾ വരേണ്ടെന്ന പക്ഷക്കാരിയാണ് റാണി മുഖർജി. നടി അനുഷ്ക ശർമ്മയും ഇതേ തീരുമാനമെടുത്തയാളാണ്. മകളുടെ ഫോട്ടോ ഇതുവരെയും അനുഷ്ക ശർമ്മ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചിട്ടില്ല. അനുഷ്ക ശർമ്മ മുമ്പൊരിക്കൽ ഐശ്വര്യ റായോട് ചോദിച്ച ചോദ്യമാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2017 ൽ പുറത്തിറങ്ങിയ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്ന് നിങ്ങൾ സ്വയം കരുതുന്നുണ്ടോ, ഇല്ലെങ്കിൽ ആരാണ് താങ്കളെ സംബന്ധിച്ച് ഏറ്റവും സുന്ദരിയെന്നായിരുന്നു അനുഷ്ക ശർമ്മയുടെ ചോദ്യം. അമ്മയുടെ പേര് പറയരുതെന്ന് അനുഷ്ക വ്യക്തമാക്കി. ചിരിയോടെയാണ് ഐശ്വര്യ ഈ ചോദ്യം കേട്ടത്.

ഹായ് അനുഷ്ക, വളരെ തന്ത്രപരമാണിത്. കാരണം നിങ്ങൾ എന്റെ അമ്മയെ ചോദ്യത്തിൽ നിന്ന് ഒഴിവാക്കി. പക്ഷെ ഇത്തരമാെരു ചോദ്യത്തിന് എന്നിലെ അമ്മയെ എടുത്ത് മാറ്റാൻ കഴിയില്ല. സൗന്ദര്യം തീർച്ചയായും കാണുന്നവരുടെ കണ്ണിലാണ്. ഇപ്പോൾ എനിക്ക് അവഗണിക്കാൻ കഴിയാത്തതും എപ്പോഴും ഉറ്റു നോക്കുന്നതുമായ മുഖം മകൾ ആരാധ്യയുടേതാണെന്നും ഐശ്വര്യ വ്യക്തമാക്കി.
ഐശ്വര്യയുടെ മറുപടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. നിരവധി പേരാണ് മകളോടുള്ള ഐശ്വര്യയുടെ സ്നേഹത്തെ അഭിനന്ദിക്കുന്നത്. പൊന്നിയിൻ സെൽവൻ സിനിമയുടെ വിജയത്തിളക്കത്തിലാണ് ഐശ്വര്യ റായ് ഇപ്പോൾ. നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രം നന്ദിനിയാണ്.
തമിഴ് ജനത നോവലിലൂടെ നെഞ്ചിലേറ്റിയ ഈ കഥാപാത്രം ചെയ്യാൻ കഴിഞ്ഞത് ഐശ്വര്യ റായ്ക്ക് മാത്രമാണ്. മണിരത്നത്തിന്റെ എക്കാലത്തെയും പ്രിയ നായികയാണ് ഐശ്വര്യ റായ്. നടിയും മണിരത്നവും ഒരുമിച്ച് പ്രവർത്തിച്ച മിക്ക സിനിമകളും ഹിറ്റാണ്.
രാവണൻ, ഗുരു, ഇരുവർ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. ബോളിവുഡിനൊപ്പം തന്നെ തെന്നിന്ത്യൻ സിനിമകൾക്കും ഐശ്വര്യ എപ്പോഴും പ്രാധാന്യം നൽകിയിട്ടുണ്ട്. 2007 ലാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും വിവാഹം കഴിക്കുന്നത്. നീണ്ട പതിനാറ് വർഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും.


Click it and Unblock the Notifications