വർക്കുകൾ മുടങ്ങി, അഭിഷേകിന്റെ സ്വഭാവത്തിൽ പോലും മാറ്റം; ഐശ്വര്യ ഭർത്താവിനോട് അന്ന് പറഞ്ഞത്
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. അടുത്തിടെ ബച്ചൻ കുടുംബത്തെക്കുറിച്ച് ചില ഗോസിപ്പുകൾ ബോളിവുഡിൽ പ്രചരിക്കുകയുണ്ടായി. ഭർത്താവിന്റെ വീട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്നങ്ങളുണ്ടെന്നാണ് പുറത്ത് വന്ന വിവരം. ഒന്നിന് പിറകെ ഒന്നായി ഈ വാദം സത്യമാണെന്ന് ഉറപ്പിക്കുന്ന തെളിവുകളും പുറത്ത് വരുന്നുണ്ട്. എന്നാൽ അഭിഷേക് ബച്ചനും ഐശ്വര്യയും തമ്മിലുള്ള അടുപ്പത്തിന് കോട്ടം വന്നിട്ടില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. 2007 ലാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരാകുന്നത്.
ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി ഐശ്വര്യയെ ലോകം ആരാധിക്കുന്ന കാലം. താരമൂല്യം നോക്കിയാൽ അഭിഷേകിനേക്കാൾ ബഹുദൂരം മുന്നിലാണ് ഐശ്വര്യ റായ്. എന്നാൽ ഇതൊന്നും ഇവരുടെ വിവാഹത്തെ ബാധിച്ചില്ല. വിവാഹ ശേഷവും അഭിനയ രംഗത്ത് ഐശ്വര്യ സജീവമായിരുന്നു. എന്നാൽ മകൾ ആരാധ്യ ബച്ചൻ പിറന്നതോടെ മകളിലേക്കായി ഐശ്വര്യയുടെ പൂർണ ശ്രദ്ധ. ഇടയ്ക്ക് സിനിമകൾ ചെയ്തെങ്കിലും മകളെ പിരിഞ്ഞിരിക്കാൻ ഐശ്വര്യ ഇന്ന് താൽപര്യപ്പെടുന്നില്ല.

അതേസമയം അഭിഷേക് ബച്ചൻ സിനിമകളുടെ തിരക്കിലാണ്. ഐശ്വര്യയുടെ വാക്കുകൾ തനിക്കുണ്ടാക്കിയ തിരിച്ചറിവുകളെക്കുറിച്ച് മുമ്പൊരിക്കൽ അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കൊവിഡ് സമയത്തെ അനുഭവമാണ് നടൻ പങ്കുവെച്ചത്. തനിക്ക് കൊവിഡ് ബാധിച്ചപ്പോൾ ഒരു മാസത്തോളം ആശുപത്രിയിൽ അഡ്മിറ്റായിരുന്നെന്ന് അഭിഷേക് പറയുന്നു. തിരിച്ച് വീട്ടിൽ വന്നപ്പോൾ മുടങ്ങിക്കിടക്കുന്ന പ്രൊജക്ടുകൾ ഓർത്ത് ആശങ്കപ്പെട്ടു.
വരുമാനം വരുന്നില്ല. മനസിൽ ഈ ഭയം വന്നപ്പോൾ തന്റെ സ്വഭാവത്തിൽ പോലും അത് പ്രകടമായെന്ന് അഭിഷേക് തുറന്ന് പറഞ്ഞു. അഭിഷേകിന്റെ അവസ്ഥ കണ്ടാണ് ഐശ്വര്യ നടനെ ഉപദേശിച്ചത്. എന്തിനാണ് ആശങ്കപ്പെടുന്നത്. വെല്ലുവിളി നിറഞ്ഞ ഈ സമയത്തും കുടുംബം സന്തുഷ്ടരാണ്. എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു.

പ്രിയപ്പെട്ടവരെല്ലാം അടുത്തുണ്ട്. ഇതൊന്നുമില്ലാതെ എത്രയോ ആളുകൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് ഐശ്വര്യ അഭിഷേകിന് ചൂണ്ടിക്കാണിച്ചു. ഭാര്യയുടെ വാക്കുകൾ തന്റെ ചിന്താഗതി മാറ്റിയെന്നും എത്ര ഭാഗ്യവാനാണ് താനെന്ന് തിരിച്ചറിഞ്ഞെന്നും അഭിഷേക് തുറന്ന് പറഞ്ഞു. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിലാണ് അഭിഷേക് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
കരിയറിനേക്കാളും കുടുംബ ജീവിതത്തിനാണ് ഐശ്വര്യ ഇന്ന് ശ്രദ്ധ നൽകുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ഐശ്വര്യ തിരിച്ചെത്തിയെങ്കിലും പിന്നീട് പുതിയ സിനിമകളിലൊന്നും നടി ഒപ്പുവെച്ചിട്ടില്ല. ഫാഷൻ വേദികളിൽ നടി സാന്നിധ്യം അറിയിക്കാറുണ്ട്.
അന്നും ഇന്നും ഐശ്വര്യയുടേതായ ആരാധക വൃന്ദം നടിക്കുണ്ട്. മറുവശത്ത് അഭിഷേക് ഏറെക്കാലമായി കരിയറിലെ മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. തുടരെ പരാജയങ്ങൾ വരുന്നത് നടന്റെ ഗ്രാഫിനെ ബാധിക്കുന്നു. അമിതാഭ് ബച്ചന്റെ മകനായതിനാൽ പരാജയങ്ങൾ വലിയ തോതിൽ ചർച്ചയാവുകയും ചെയ്യുന്നു. കരിയറിൽ ശക്തമായ തിരിച്ച് വരവ് അഭിഷേകിന് അനിവാര്യമാണ്. താരപുത്രന്റെ മികച്ച തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications