കാലം എത്ര കഴിഞ്ഞാലും സൽമാനോടുള്ള ദേഷ്യം മാറില്ല; ഒരു വരിയുടെ പേരിൽ ഐശ്വര്യ വേണ്ടെന്ന് വെച്ച അവസരം
സൗന്ദര്യം കൊണ്ട് ഇന്ത്യൻ സിനിമയിൽ വിസ്മയം തീർത്ത നടിയാണ് ഐശ്വര്യ റായ്. ഐശ്വര്യക്ക് മുമ്പും ശേഷവും നിരവധി പേർ ലോക സുന്ദരി പട്ടം ചൂടിയിട്ടുണ്ടെങ്കിലും ഐശ്വര്യ ആഗോള ഫാഷൻ രംഗത്ത് തന്നെ ഉണ്ടാക്കിയ തരംഗം വ്യത്യസ്തമായിരുന്നു.മോഡലിംഗിൽ നിന്നും ഇന്ത്യൻ സിനിമയിലേക്ക് കടന്ന് വന്ന ഐശ്വര്യ വളരെ പെട്ടെന്ന് മുൻനിര നായിക നടിയായി.
മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെ ആണ് ഐശ്വര്യ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. പെട്ടെന്ന് തന്നെ ഹിന്ദി സിനിമകളിലേക്ക് ഐശ്വര്യ ചുവടുമാറി. ദേവദാസ്, ധൂം , ഗുസാരിഷ് തുടങ്ങി ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാവാൻ ഐശ്വര്യ റായ്ക്ക് സാധിച്ചു.

ഐശ്വര്യയുടെ സിനിമാ കരിയറിൽ മോഡലിംഗ് പോലെ ആയിരുന്നില്ല. സിനിമകളിൽ താഴ്ചയും ഉയർച്ചയും ഐശ്വര്യക്ക് ഒരുപോലെ സംഭവിച്ചിട്ടുണ്ട്. പക്ഷെ താരമൂല്യം അത് പോലെ തന്നെ നിലനിർത്താൻ ഐശ്വര്യക്ക് കഴിഞ്ഞു.
'നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ആണ് ഐശ്വര്യ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. മണിരത്നത്തിന്റെ സിനിമയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ഐശ്വര്യ അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

ബോളിവുഡിൽ ഐശ്വര്യക്ക് മികച്ച കുറച്ച് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് സഞ്ജയ് ലീല ബൻസാലി. ഗുസാരിഷ്, ദേവദാസ് തുടങ്ങിയ സിനിമകൾ ഐശ്വര്യക്ക് സമ്മാനിച്ചത് ഇദ്ദേഹമാണ്. മുമ്പൊരിക്കൽ സഞ്ജയ് ലീല ബൻസാലിയുടെ സിനിമയിൽ ഡാൻസ് നമ്പർ ചെയ്യാൻ ഐശ്വര്യയെ ക്ഷണിച്ചിരുന്നു.
എന്നാൽ ഐശ്വര്യ ഇത് നിരസിക്കുകയാണുണ്ടായത്. പകരം പ്രിയങ്ക ചോപ്രയാണ് ഈ ഗാന രംഗത്തിൽ എത്തിയത്. ഐശ്വര്യ ഈ ഡാൻസ് നമ്പർ ചെയ്യാതിരുന്നത് സംബന്ധിച്ച് അന്ന് പല റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

നടൻ സൽമാൻ ഖാൻ ആണ് ഇതിന് കാരണമായതെന്നായിരുന്നു ഒരു സൂചന. സൽമാനുമായി വേർപിരിഞ്ഞ ശേഷം നടനുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളുടെയും ഭാഗമാവാൻ ഐശ്വര്യ താൽപര്യപ്പെട്ടിട്ടില്ല, ഇവിടെയും അതാണത്രെ സംഭവിച്ചത്.
ഡാൻസ് നമ്പറിലെ ഗാനത്തിൽ ഒരു വരിക്ക്
സൽമാന്റെ ദബാംഗ് എന്ന സിനിമയുമായി ചെറിയ ബന്ധം തോന്നിയിരുന്നു. ഐശ്വര്യ ഈ വരികൾ മാറ്റുമോയെന്ന് ചോദിച്ചെങ്കിലും ബൻസാലി തയ്യാറായില്ല. ഇതോടെയാണ് ഐശ്വര്യ ഇതിൽ നിന്നും പിൻമാറിയതെന്നാണ് വിവരം. പകരം വന്ന പ്രിയങ്ക ചോപ്ര ഈ ഗാന രംഗത്തിൽ അഭിനയിച്ച് ഹിറ്റാക്കുകയും ചെയ്തു.

ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു സൽമാനും ഐശ്വര്യ റായിയും തമ്മിലുള്ള വേർപിരിയൽ. സൽമാനെതിരെ ഗുരുതര ആരോപണങ്ങളാണ് ഐശ്വര്യ അന്ന് ഉന്നയിച്ചത്. സൽമാൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും തന്റെ കരിയറിൽ വരെ നഷ്ടങ്ങൾ ഉണ്ടാക്കിയെന്നും ഐശ്വര്യ തുറന്നടിച്ചു.

സൽമാൻ ഖാൻ പിന്നീട് നിരവധി നടിമാരുമായി പ്രണയത്തിലായപ്പോൾ ഐശ്വര്യ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടന്നു. ഇരുവർക്കും ഇന്ന് ആരാധ്യ എന്ന മകളുമുണ്ട്. 56 കാരനായ സൽമാൻ ഇപ്പോഴും അവിവാഹിതൻ ആണ്. വേർപിരിഞ്ഞ ശേഷം രണ്ട് പേരും പിന്നീട് സുഹൃത്തുക്കളായിട്ടില്ല.


Click it and Unblock the Notifications