ഞാനിങ്ങനെയാണ്; സംഭവിച്ചതിൽ കുഴപ്പമില്ല; ഗർഭിണായാകുന്നതിന് മുമ്പേ ഊഹാപോഹങ്ങൾ; ഐശ്വര്യ പറഞ്ഞത്
അഭിനേതാക്കളുടെ രൂപഭംഗിയിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ബോളിവുഡിലാണ്. ഫിറ്റ്നെസ്, സ്റ്റെെൽ തുടങ്ങിയവയ്ക്കെല്ലാം വലിയ പ്രാധാന്യം ബോളിവുഡിലുണ്ട്. മറ്റ് ഭാഷകളേക്കാൾ ഫാഷൻ ലോകവുമായി ഏറ്റവും അടുത്ത് നിൽക്കുന്നത് ബോളിവുഡാണ്. ഇതും ഇത്തരം സാഹചര്യങ്ങൾക്ക് പ്രധാന കാരണമാണ്. നായികമാർക്കിടയിൽ സൈസ് സീറോ കൾച്ചറിന് തുടക്കം കുറിച്ചത് ബോളിവുഡ് നടി കരീന കപൂറാണ്.
ടഷാൻ എന്ന സിനിമയിൽ വണ്ണം കുറച്ച് കരീന എത്തിയപ്പോൾ ഏവരും അത്ഭുതപ്പെട്ടു. കഠിനമായ ഡയറ്റിംഗിലൂടെയാണ് കരീന അത്തരമൊരു മേക്കോവർ നടത്തിയത്. പിന്നീട് ഇതൊരു ട്രെൻഡായി മാറി. മെലിഞ്ഞ നായികമാർക്ക് മാത്രം സ്വീകാര്യത ലഭിക്കുന്ന ഒരു കാലഘട്ടവും ബോളിവുഡിൽ ഉണ്ടായിട്ടുണ്ട്.

എന്നാൽ കരീന തുടക്കമിട്ട സൈസ് സീറോ ട്രെൻഡിനൊപ്പം ചേരാൻ നടി ഐശ്വര്യ റായ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. ലോകമറിയപ്പെടുന്ന താരറാണിയാണെങ്കിലും ഇത്തരം കാര്യങ്ങളിൽ ഐശ്വര്യക്ക് തന്റെതായ അഭിപ്രായമുണ്ട്. വണ്ണം വെക്കുന്നത് ജീവിതത്തിന്റെ ഭാഗമാണെന്നും അത് മോശമായി കാണേണ്ടതില്ലെന്നും ഐശ്വര്യ ഒരിക്കൽ വ്യക്തമാക്കിയിട്ടുമുണ്ട്.
2012 ൽ നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ റായ് തന്റെ നിലപാട് വ്യക്തമാക്കിയത്. രൂപത്തിൽ വന്ന മാറ്റം കാര്യമാക്കുന്നില്ലെന്ന് താരം അന്ന് പറഞ്ഞു. ഇതാണ് യാഥാർത്ഥ്യം. ഇതാണ് ഞാൻ. ഞാനൊരു അമ്മയാണ്. ഇങ്ങനെ സംഭവിക്കാം. എനിക്ക് സംഭവിച്ചു. കുഴപ്പമില്ല, അതാണ് ജീവിതം. സൈസ് സീറോ ട്രെൻഡ് ഒരിക്കലും ഞാൻ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഗർഭിണിയാകുന്നതിന് എത്രയോ മുമ്പേ ഞാൻ അമ്മയാകാൻ പോകുന്നെന്ന് നിങ്ങൾ ഊഹിച്ചു. പൊതുജനത്തിന് മുന്നിൽ താൻ യാഥാർത്ഥ ജീവിതമാണ് ജീവിച്ചതെന്നും ഐശ്വര്യ അന്ന് വ്യക്തമാക്കി.

ആരാധ്യയ്ക്ക് ജന്മം നൽകിയ ശേഷമാണ് ഐശ്വര്യയുടെ വണ്ണം കൂടിയത്. അമ്മയായ ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപറ്റിലെത്തിയ ഐശ്വര്യ വണ്ണത്തിന്റെ പേരിൽ മാധ്യമങ്ങളിൽ ക്രൂശിക്കപ്പെട്ടു. എന്നാൽ ഐശ്വര്യ ഇതൊന്നും കാര്യമാക്കിയില്ല. വണ്ണം കുറച്ച് തന്റെ ഫിറ്റ്നെസ് വീണ്ടെടുക്കാനും ഐശ്വര്യക്ക് പിന്നീട് കഴിഞ്ഞു.
എന്നാൽ 49 കാരിയായ ഐശ്വര്യ വീണ്ടും വല്ലാതെ വണ്ണം വെച്ചെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അടുത്തിടെ പാരീസ് ഫാഷൻ വീക്കിലെ ഐശ്വര്യയുടെ റാംപ് വാക്ക് ഇതിന്റെ പേരിൽ വിമർശിക്കപ്പെടുകയും ചെയ്തു. ഐശ്വര്യയെ കണ്ടാൽ ഗർഭിണിയെ പോലെ തോന്നുനെന്നും ചിലർ കുറ്റപ്പെടുത്തി. എന്നാൽ സോഷ്യൽ മീഡിയയിലെ ബഹളങ്ങൾക്കൊന്നും ഐശ്വര്യ മറുപടി നൽകിയില്ല.
പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവനിലൂടെ ശക്തമായ തിരിച്ച് വരവാണ് ഐശ്വര്യ നടത്തിയത്. നന്ദിനി എന്ന കഥാപാത്രത്തെ ഐശ്വര്യ അവിസ്മരണീയമാക്കി.
പൊന്നിയിൻ സെൽവന് ശേഷം മറ്റ് സിനിമകളിലൊന്നും ഐശ്വര്യ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഇടവേള അവസാനിപ്പിച്ച് സിനിമാ രംഗത്ത് സജീവമാകാനാണ് തന്റെ തീരുമാനമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പുതിയ സിനിമകളൊന്നും ഇതുവരെ പ്രഖ്യാപിക്കാത്തത് എന്താണെന്നാണ് ആരാധകരുടെ ചോദ്യം. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഐശ്വര്യ ശ്രദ്ധാലുവാണ്. വൻ ഹിറ്റായ പൊന്നിയിൻ സെൽവന് ശേഷം അത്രയും മികച്ചൊരു സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് നടി.


Click it and Unblock the Notifications