അഭിഷേകിന് വിഷമം ആവാതിരിക്കാൻ ഷാരുഖ് ചിത്രം വേണ്ടെന്ന് വച്ചു; ഐശ്വര്യ റായി പറഞ്ഞത്
ഐശ്വര്യ റായ് ബച്ചൻ ഇന്ത്യൻ സിനിമയിലെ ഒരു പ്രമുഖ താരമാണ്. അവർ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ലോകമെമ്പാടും അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് അവർ. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീയായും ഇന്നും ഐശ്വര്യ വാഴ്ത്തപ്പെടുന്നുണ്ട്. 2007ൽ ബോളിവുഡ് താരം അഭിഷേക് ബച്ചനെ മുൻ ലോക സുന്ദരി വിവാഹം കഴിച്ചു. ഇവർക്ക് ആരാധ്യ ബച്ചൻ എന്നൊരു മകളുണ്ട്. ഇപ്പോൾ ഐശ്വര്യ സിനിമകളിൽ സജീവമല്ല, പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ആവാസനമായി പ്രത്യക്ഷപ്പെട്ട നടിയുടെ തിരിച്ചുവരവിനായി എല്ലാവരും ഇന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
എന്നാൽ, കുറച്ചു കാലം മുൻപ് വരെ സ്ഥിതി ഇതായിരുന്നില്ല. ഒരുകാലത്ത്, ബോളിവുഡിൽ എല്ലാ സംവിധായകരും ഐശ്വര്യയെ തങ്ങളുടെ സിനിമയിൽ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. തന്റെ കരിയറിൽ വലിയ വിജയങ്ങൾ ആയിത്തീർന്നേക്കാവുന്ന പല സിനിമകളും ലഭിച്ചെങ്കിലും, അവയൊക്കെ പല കാരണങ്ങൾ കൊണ്ട് നടി നിരസിച്ചു. 2014ൽ പുറത്തിറങ്ങിയ 'ഹാപ്പി ന്യൂ ഇയർ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം അതിലൊന്നാണ്.

ഷാരുഖ് ഖാൻ നായകനായെത്തിയ ചിത്രത്തിൽ,, നായികയാവാൻ സംവിധായിക ഫറ ഖാൻ സമീപിച്ചത് ആദ്യം ഐശ്വര്യ റായ് ബച്ചനെയാണ്. എന്നാൽ ഭർത്താവ് അഭിഷേക് ബച്ചൻ കാരണം അവർ ആ സിനിമയിൽ അഭിനയിക്കാൻ അന്ന് വിസമ്മതിച്ചു. ഒരു കോമഡി ത്രില്ലറായ 'ഹാപ്പി ന്യൂ ഇയറിൽ' ഷാരൂഖ് ഖാൻ, അഭിഷേക് ബച്ചൻ, വിവാൻ ഷാ, സോനു സൂദ്, ബോമൻ ഇറാനി എന്നിവരും അഭിനയിച്ചിരുന്നു. ഐശ്വര്യ റായ് പിന്മാറിയപ്പോൾ, മോഹിനി എന്ന നായികയായി ചിത്രത്തിൽ പകരമെത്തിയത് മറ്റൊരു താര സുന്ദരിയായ ദീപിക പദുക്കോണാണ്.
വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിലാണ് ഐശ്വര്യ റായ് ബച്ചൻ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. 'ഹാപ്പി ന്യൂ ഇയർ' എന്ന സിനിമയിൽ തനിക്ക് ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും, എന്നാൽ താൻ അത് നിരസിക്കേണ്ടി വന്നുവെന്നും, അവർ പറഞ്ഞു. ആ സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ ഭർത്താവ് അഭിഷേകിനൊപ്പം സമയം ചെലവഴിക്കാൻ അതൊരു നല്ല അവസരമാകുമായിരുന്നു എന്ന് അവർ പറഞ്ഞു. എന്നാൽ, ആ സിനിമയിൽ തൻ്റെ ജോഡി അഭിഷേക് അല്ലാത്തതുകൊണ്ട് അഭിനയിക്കാൻ താല്പര്യം ഇല്ലായിരുന്നു എന്നാണ് താരം പറഞ്ഞത്.

"എനിക്ക് ഹാപ്പി ന്യൂ ഇയർ എന്ന സിനിമ വാഗ്ദാനം ചെയ്തിരുന്നു. ഞാൻ അതിൽ അഭിനയിച്ചിരുന്നെങ്കിൽ അതൊരു രസകരമായ യാത്ര പോലെ ആകുമായിരുന്നു. പക്ഷെ എനിക്കും അഭിഷേകിനും വ്യക്തിപരമായി അത് ശരിയാവില്ലായിരുന്നു. കാരണം സിനിമയിൽ ഞങ്ങൾ ജോഡികളായിരുന്നില്ല. സിനിമയിൽ ഷാരൂഖ് ഖാൻ്റെ നായികയായി ഒരൊറ്റ സ്ത്രീ കഥാപാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഭിഷേക് അവതരിപ്പിച്ച കഥാപാത്രത്തിന് ഒരു നായിക ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ ആ സിനിമ നിരസിച്ചത്. ആ വേഷം പിന്നീട് ദീപിക പദുക്കോണിന് ലഭിച്ചു," ," പ്രശസ്ത താരം വെളിപ്പെടുത്തി.
"ഞാനും എന്റെ ഭർത്താവ് അഭിഷേകും ഒരേ സിനിമയിൽ അഭിനയിക്കുകയും, ഞാൻ മറ്റൊരു നടന്റെ ജോഡിയാവുകയും ചെയ്യുക എന്നത് വളരെ വിചിത്രമായി തോന്നിയിരുന്നു. അതുകൊണ്ടാണ് കഥ കേട്ട ശേഷം ഞാൻ ആ സിനിമ നിരസിച്ചത്." ഐശ്വര്യ റായ് ബച്ചൻ കൂട്ടിച്ചേർത്തു. തീർത്തും ലോജിക് ഇല്ലാത്ത കോമഡി ചിത്രമാണെങ്കിലും, ഹാപ്പി ന്യൂ ഇയർ ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. മോഹിനി ആയുള്ള ദീപിക പദുക്കോണിന്റെ അഭിനയവും, ഷാരുഖ് ഖാനുമായുള്ള താരത്തിന്റെ കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.


Click it and Unblock the Notifications











