'ബച്ചനും ജയയും ഒരുമിച്ചല്ല കഴിയുന്നത്; ഐശ്വര്യയുമായും ജയക്ക് വഴക്ക്'; ആരാധകരെ ഞെട്ടിച്ച വാക്കുകൾ
ബോളിവുഡിൽ ഏറെ ജനശ്രദ്ധ ലഭിക്കുന്ന കുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഒരു കാലത്ത് ഇന്ത്യൻ സിനിമ അടക്കി വാണ അമിതാഭ് ബച്ചന്റെ വീട്ടിൽ മിക്കവരും താരങ്ങളാണ്. ഭാര്യ ജയ ബച്ചൻ ബോളിവുഡ് താരവും രാഷ്ട്രീയ പ്രവർത്തകയുമാണ്. മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായും ബി ടൗണിലെ പ്രമുഖർ. ബച്ചൻ കുടുംബത്തെക്കുറിച്ചുള്ള എന്ത് വാർത്തയും പെട്ടെന്ന് ചർച്ചയാകാറുണ്ട്. ഐശ്വര്യ റായ് എന്ന താരറാണി അഭിഷേകിന്റെ ഭാര്യയായി ബിഗ് ബിയുടെ കുടുംബത്തിലെത്തിയപ്പോൾ ആരാധകർ ആഘോഷമാക്കി.
പാപ്പരാസി മാധ്യമങ്ങൾ കണ്ണും നട്ടിരിക്കുന്നതിനാൽ പൊതുസമൂഹത്തിലെ പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിക്കാതിരിക്കാൻ അമിതാഭ് ബച്ചൻ ശ്രദ്ധിക്കാറുണ്ട്. ഐശ്വര്യ റായും അഭിഷേക് ബച്ചനും ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാണ്. എന്നാൽ പലപ്പോഴും ജയ ബച്ചൻ അനാവശ്യ വിവാദങ്ങളിൽ അകപ്പെടാറുണ്ട്. പൊതുവിടങ്ങളിൽ ദേഷ്യപ്പെടൽ, പാപ്പരാസി മാധ്യമങ്ങളുമായുള്ള വഴക്ക് തുടങ്ങിയ പല കാരണങ്ങളാൽ ജയ ബച്ചൻ വിമർശിക്കപ്പെടുന്നു.

ഇപ്പോഴിതാ അമിതാഭ് ബച്ചനെയും ജയ ബച്ചനെയും കുറിച്ച് മുമ്പൊരിക്കൽ വന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് വീണ്ടും ചർച്ചയാകുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവം ബച്ചൻ കുടുംബത്തെയും ആരാധകരെയും അമ്പരപ്പിച്ചിരുന്നു. അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും സുഹൃത്തായിരുന്ന അമർ സിംഗ് എന്ന രാഷ്ട്രീയ നേതാവാണ് വിവാദ പ്രസ്താവനകൾ നടത്തിയത്. ഒരു കാലത്ത് മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നു. രാഷ്ട്രീയത്തിലും ഇവർ കൈ കോർത്തു.
1990 ലാണ് അമിതാഭ് ബച്ചനും അമർ സിംഗും സൗഹൃദത്തിലാവുന്നത്. അന്ന് ബച്ചൻ കടബാധ്യതകൾ കാരണം ജീവിതത്തിലെ മോശം കാലഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. കടങ്ങൾ വീട്ടാനും കരിയറിൽ ശക്തമായി തിരിച്ച് വരാനും അമിതാഭ് ബച്ചനെ അമർ സിംഗ് സഹായിച്ചു. ജയ ബച്ചന് രാഷ്ട്രീയ പ്രവേശനത്തിനുള്ള വഴിയൊരുക്കിയതും അമർ സിംഗാണ്. എന്നാൽ ഈ സൗഹൃദം വർഷങ്ങൾക്കിപ്പുറം തകർന്നു.

സമാജ് വാദി പാർട്ടിയിലാണ് ജയ ബച്ചനും അമർ സിംഗും പ്രവർത്തിച്ചത്. 2010 ൽ പാർട്ടി വിരുദ്ധ നയങ്ങൾ കാരണം അമർ സിംഗിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിടാൻ അമർ സിംഗ് ജയ ബച്ചനോട് ആവശ്യപ്പെട്ടു. എന്നാൽ ജയ ഇതിന് തയ്യാറായില്ല.
ഇതോടെ അമിതാഭ് ബച്ചനെയും ജയ ബച്ചനെയും കുറിച്ച് വിവാദ പ്രസ്താവനകൾ അമർ സിംഗ് നടത്തി. പ്രശ്നങ്ങൾക്കിടെ 2017 ലാണ് കോളിളക്കം സൃഷ്ടിച്ച ചില പരാമർശങ്ങൾ ഇദ്ദേഹത്തിൽ നിന്നുണ്ടായത്. ഞാൻ ഭാഗ്യക്കേട് കൊണ്ട് വരുമെന്നാണ് പൊതുവെ പറയുന്നത്. അംബാനി കുടുംബത്തിൽ സഹോദരങ്ങൾ തമ്മിൽ പണത്തിന് വേണ്ടി വഴക്ക് നടന്നപ്പോൾ അത് ഞാൻ കാരണമാണെന്ന് പറഞ്ഞു.
ജയ ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള വഴക്കിനും ഞാനാണ് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ടു. അമിതാഭ് ബച്ചനും ജയ ബച്ചനും രണ്ട് വീടുകളിലാണ് താമസിക്കുന്നത്. ഒരാൾ പ്രതീക്ഷയിലും ഒരാൾ ജനകിലും. ഞാൻ അവരെ കണ്ടുമുട്ടുമ്പോൾ അവർ ഒരുമിച്ചല്ല ജീവിക്കുന്നതെന്നും അമർ സിംഗ് തുറന്നടിച്ചു.
പരാമർശം ആരാധകർക്ക് ഞെട്ടലായി. അമിതാഭ് ബച്ചന്റെ പ്രതിച്ഛായയെ വരെ ഈ വാക്കുകൾ ബാധിച്ചു. ഐശ്വര്യ റായും അഭിഷേകിന്റെ കുടുംബവും തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന അഭ്യൂഹങ്ങൾ കടുത്തതും ഈ സംഭവത്തിന് ശേഷമാണ്. എന്നാൽ പിന്നീട് തന്റെ പ്രസ്താവനയിൽ അമർ സിംഗ് പരസ്യമായി മാപ്പ് പറഞ്ഞു. 2020 ലാണ് ഇദ്ദേഹം മരിക്കുന്നത്.


Click it and Unblock the Notifications