വിവാഹേതര ബന്ധത്തെക്കുറിച്ച് ചോദ്യം; ഇഷ്ടപ്പെടാതെ അമിതാഭ് ബച്ചൻ; ദേഷ്യം തീർത്തത് ജയ ബച്ചനോട്
വർഷങ്ങൾക്കിപ്പുറവും ബോളിവുഡിൽ ചർച്ചയാകുന്ന താര ജോഡിയാണ് അമിതാഭ് ബച്ചനും രേഖയും. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായ ഇവർ നിരവധി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. ജീവിതത്തിൽ ഒരുമിക്കാതെ പോയ പ്രണയിതാക്കളായാണ് രേഖയെയും ബച്ചനെയും ആരാധകർ കാണുന്നത്. ഇന്നും ഇവരെക്കുറിച്ചുള്ള ബോളിവുഡിൽ തുടരുന്ന ഗോസിപ്പുകൾ കാരണങ്ങളുണ്ട്. ഗോസിപ്പുകൾക്കപ്പുറം അമിതാഭ് ബച്ചനും രേഖയും തമ്മിൽ പ്രണയ ബന്ധം ഉണ്ടായിരുന്നെന്നാണ് ബി ടൗണിലെ അടക്കം പറച്ചിൽ.
അമിതാഭ് ബച്ചനുമായി ബന്ധമുണ്ടെന്ന് പ്രത്യക്ഷമായും പരോക്ഷമായും രേഖ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അക്കാലത്തെ ബി ടൗൺ മാധ്യമങ്ങളിലെ നിറം പിടിപ്പിച്ച കഥകൾ കൂടി വന്നതോടെ ബി ടൗണിൽ കോളിളക്കമുണ്ടായി. എന്നാൽ രേഖയുമായി ബന്ധമുണ്ടായിരുന്നെന്ന് അമിതാഭ് ഒരിക്കൽ പോലും തുറന്ന് സമ്മതിച്ചിട്ടില്ല. ജയ ബച്ചനുമായുള്ള തന്റെ വിവാഹ ബന്ധം തകരാതിരിക്കാൻ നടൻ ശ്രദ്ധിച്ചു.

എന്നാൽ ഒരിക്കൽ ഒരു അഭിമുഖത്തിൽ അമിതാഭ് ബച്ചന് ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നു. പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന്റെ ചോദ്യങ്ങൾക്ക് മുന്നിലാണ് അമിതാഭ് ബച്ചന് ഉത്തരം മുട്ടിയത്. കരൺ ഥാപ്പർ ഡെവിൾസ് അഡ്വക്കേറ്റ് എന്ന പുസ്തകത്തിൽ ഇതേക്കുറിച്ച് പിന്നീട് പരാമർശിക്കുകയും ചെയ്തു. അമിതാഭ് ബച്ചന്റെ 50ാം പിറന്നാളിന് അഭിമുഖമെടുക്കാൻ പോയതായിരുന്നു കരൺ ഥാപ്പർ.
മുഖവരയൊന്നുമില്ലാതെ തന്റെ ചോദ്യങ്ങൾ ഇദ്ദേഹം ചോദിച്ചു. രേഖയുമായി പ്രണയത്തിലായിരുന്നോ എന്ന് ചോദിച്ചു. ഒരു നിമിഷം മൗനം പാലിച്ച ശേഷം ഇല്ലെന്ന് ബച്ചൻ മറുപടി നൽകി. ഈ ചോദ്യം ബച്ചന് ഇഷ്ടപ്പെട്ടില്ല. ഈ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഭാര്യ ജയ ബച്ചനോടാണ് താരം ദേഷ്യം തീർത്തത്. ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനാൽ ആവുമ്പോഴേക്കും കുറച്ച് ചോറ് കഴിച്ചൂടെ എന്ന് ജയ ബച്ചൻ ചോദിച്ചു.

ഞാൻ ചോറ് കഴിക്കില്ലെന്ന് നിനക്ക് അറിയില്ലേ, കഴിക്കാത്ത സാധനം എന്തിനാണ് തരുന്നതെന്ന് ബച്ചൻ ചോദിച്ചു. ഒപ്പം ഇരുന്ന് കരൺ ഥാപ്പറും ഇവർക്കൊപ്പം ഭക്ഷണം കഴിക്കുന്നുണ്ട്. ജയ ബച്ചനോട് പരസ്യമായി ദേഷ്യപ്പെടുന്നത് അമ്പരപ്പുണ്ടാക്കിയെന്നാണ് കരൺ ഥാപ്പർ പറയുന്നത്.
ചോറ് കഴിക്കുന്നോ എന്ന് ജയ ബച്ചൻ ഒരിക്കൽ കൂടി ചോദിച്ചു. ഇത് ബച്ചനെ വീണ്ടും ദേഷ്യം പിടിപ്പിച്ചു. നിനക്കെന്താണ് പറഞ്ഞാൽ മനസിലാവാത്തത് എന്നായി അമിതാഭ് ബച്ചന്റെ മറുചോദ്യം. അകത്തേക്ക് പോയ ജയ ബച്ചൻ പിന്നീട് പുറത്തേക്ക് വന്നില്ലെന്നും കരൺ ഥാപ്പർ വ്യക്തമാക്കി. ഈ സംഭവം താനും ഒപ്പമുള്ളവരും വല്ലാത്ത അവസ്ഥയിലായി. പ്രണയ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കിയാണ് അഭിമുഖം പുറത്ത് വന്നതെന്നും കരൺ ഥാപ്പർ വെളിപ്പെടുത്തി.


Click it and Unblock the Notifications











