ഇനി രേഖയ്ക്കൊപ്പമില്ല; ജയക്ക് വാക്ക് കൊടുത്ത ബച്ചൻ; പിന്നാലെയെത്തിയത് രേഖയ്ക്ക് നൽകിയ സമ്മാനം
ബോളിവുഡിൽ ഒരിക്കലും അവസാനിക്കാത്ത ഗോസിപ്പാണ് അമിതാഭ് ബച്ചനും രേഖയും തമ്മിൽ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന പ്രണയം. പലപ്പോഴും കൗതുകരമാണ് ഈ വിഷയം. എന്താണ് ഇവർക്കിടയിൽ സംഭവിച്ചതെന്ന് പലർക്കും കൃത്യമായി അറിയില്ല. തുടക്ക കാലത്ത് ഈ ഗോസിപ്പിൽ ബച്ചൻ വിശദീകരണം നൽകിയെങ്കിലും പിന്നീട് ഇതേക്കുറിച്ച് മൗനം പാലിച്ചു. രേഖയാണെങ്കിൽ ബി ടൗണിലെ മിസ്റ്ററി വുമണാണ്. നടിയുടെ ജീവിതത്തിലെ പല കാര്യങ്ങളും ചുരുളഴിയാത്ത രഹസ്യം പോലെ നിലനിൽക്കുകയാണ്.
ജീവിതത്തിലെ പ്രണയ നൈരാശ്യം, ഭർത്താവിന്റെ ആത്മഹത്യ, ഒറ്റപ്പെടൽ തുടങ്ങി പല ഘടകങ്ങൾ രേഖയുടെ ജീവിതത്തെ ഒരു സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്നു. 68 കാരിയാണ് രേഖ. ഭർത്താവ് മുകേഷ് അഗർവാളിന്റെ മരണ ശേഷം മറ്റൊരു വിവാഹത്തിന് രേഖ തയ്യാറായില്ല. ബിഗ് സ്ക്രീനിലെ നായികയ്ക്ക് ജീവിതത്തിൽ വന്ന പ്രതിസന്ധികൾ ചെറുതല്ല.

പിതാവ് ജെമിനി ഗണേശനിൽ നിന്നും അവഗണന നേരിട്ട രേഖ അമ്മ പുഷ്പവല്ലിക്കൊപ്പമാണ് വളർന്നത്. അച്ഛൻ ഉപേക്ഷിച്ചതിനാൽ കുടുംബത്തിന്റെ കഷ്ടതകൾ മനസ്സിലാക്കിയാണ് രേഖ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സിനിമാ രംഗത്ത് അതിലും കയ്പേറിയ ചില അനുഭവങ്ങൾ രേഖയ്ക്കുണ്ടായി. എന്നാൽ എല്ലാം അതിജീവിച്ച് രേഖ ജീവിതത്തിൽ മുന്നേറി.
ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായിരുന്നു രേഖയും ബച്ചനും പ്രണയത്തിലാണെന്ന് വ്യാപക ഗോസിപ്പുകൾ പരന്നപ്പോഴും ബച്ചനും ഭാര്യ ജയയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഒരു ഘട്ടത്തിൽ രേഖയ്ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് ബച്ചൻ തീരുമാനിച്ചു. നിർമാതാക്കളോടും സംവിധായകരോടും ഇക്കാര്യം പറയുകയും ചെയ്തു.
അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഇതിന് കാരണമായത് ജയ ബച്ചന്റെ ഇടപെടൽ ആണത്രെ. രേഖയ്ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് ബച്ചനെക്കൊണ്ട് ജയ സത്യം ചെയ്യിച്ചു. ബച്ചന്റെ തീരുമാനം രേഖയെ വേദനിപ്പിച്ചു. ഇതിന്റെ നീരസം നടി പ്രകടിപ്പിക്കുകയും ചെയ്തു. ബച്ചൻ സമ്മാനമായി നൽകിയ രണ്ട് മോതിരങ്ങൾ നടി അദ്ദേഹത്തിന് തിരിച്ച് കൊടുത്തു.

'ഖൂബ്സൂരത്ത് എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു ഞാൻ. ആ കഥാപാത്രത്തിനായി ഞാനെന്റെ ഹൃദയം സമർപ്പിച്ചിരുന്നു. ആ സിനിമയുടെ അവസാന ഭാഗം നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും ഞാനെന്റെ രണ്ട് മോതിരങ്ങൾ ധരിച്ചിട്ടില്ല. അവ അദ്ദേഹം എനിക്ക് തന്നതായിരുന്നു. ഉറങ്ങുമ്പോൾ പോലും ആ മോതിരം അഴിച്ചിരുന്നില്ല. എന്നാൽ രണ്ട് വഴിക്ക് പിരിഞ്ഞപ്പോൾ ഞാനവ തിരിച്ച് കൊടുത്തു,' രേഖ പറഞ്ഞതിങ്ങനെ.
രേഖയും ബച്ചനും പിന്നീട് ഒരുമിച്ച് അഭിനയിച്ചിട്ടില്ല. മുമ്പ് സിൽസില എന്ന സിനിമയിൽ ജയ ബച്ചനും രേഖയും ഒപ്പം ജയ ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1981 ലിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് യാഷ് ചോപ്രയായിരുന്നു. ബച്ചന്റെ കഥാപാത്രത്തിന്റെ കാമുകിയുടെ വേഷമാണ് രേഖ ഈ സിനിമയിൽ ചെയ്തത്. ജയ ഭാര്യയുടെയും വേഷവും. മൂവരുടെയും ജീവിതവുമായി സാമ്യമെന്ന് അന്ന് പലരും ഈ കാസ്റ്റിംഗിനെ വിശേഷിപ്പിച്ചു.
അതേസമയം ജയ ബച്ചനുമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് രേഖ മുമ്പ് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ സൗഹൃദത്തെ പുറത്തുള്ള സംസാരങ്ങൾ ബാധിച്ചില്ലെന്നും രേഖയന്ന് പറഞ്ഞു. സിനിമകളിൽ നിന്ന് വർഷങ്ങളായി മാറി നിൽക്കുകയാണ് രേഖ. ജയ ബച്ചൻ ഇടവേള അവസാനിപ്പിച്ച് റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയിലൂടെ തിരിച്ചു വരാനിരിക്കുന്നു. രേഖ ഇപ്പോഴും സിംഗിളാണെങ്കിലും അമിതാഭ് ബച്ചൻ മക്കളും കൊച്ചുമക്കളുമൊക്കെയായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്.


Click it and Unblock the Notifications