രണ്ട് ദിവസം ഉറങ്ങാൻ കഴിഞ്ഞില്ല, ഐശ്വര്യക്ക് സംഭവിച്ചത് അവർ നിസാരമാക്കി; അന്ന് അമിതാഭ് ബച്ചൻ പറഞ്ഞത്
ബോളിവുഡിൽ എപ്പോഴും ചർച്ചയാകുന്ന താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഗോസിപ്പുകൾ എല്ലാക്കാലത്തും ഈ കുടുംബത്തെക്കുറിച്ച് വന്നിട്ടുണ്ട്. ഐശ്വര്യ റായ് അഭിഷേക് ബച്ചന്റെ ഭാര്യയായി താര കുടുംബത്തിലേക്ക് എത്തിയതോടെ ഗോസിപ്പുകൾ വീണ്ടും കൂടി. ലോകം ആരാധിക്കുന്ന താര സുന്ദരിയാണ് വിവാഹിതയാകുന്ന സമയത്ത് ഐശ്വര്യ. പലപ്പോഴും ബച്ചൻ കുടുംബത്തിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ചത് ഐശ്വര്യ റായ്ക്കാണ്. എന്നാൽ തന്റെ താര പദവി വിവാഹ ജീവിതത്തെ ബാധിക്കാതിരിക്കാൻ ഐശ്വര്യ ശ്രദ്ധിച്ചു.
കുടുംബ ജീവിതത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് നിരവധി അഭിമുഖങ്ങളിൽ ഐശ്വര്യ റായ് പറഞ്ഞിട്ടുണ്ട്. അമിതാഭ് ബച്ചനും ജയ ബച്ചനും പ്രിയപ്പെട്ട മരുമകളായിരുന്നു അക്കാലത്ത് ഐശ്വര്യ റായ്. മകന്റെ ഭാര്യയാകുന്നതിന് മുമ്പ് ഐശ്വര്യക്കൊപ്പം ചില സിനിമകളിൽ അമിതാഭ് ബച്ചൻ അഭിനയിച്ചിട്ടുണ്ട്. 2003 ൽ ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയാണ് കാഖി. ഈ സിനിമയ്ക്കിടെ നടന്ന ചില സംഭവങ്ങളുണ്ടായി.

ഡൽഹിയിലെ ഷൂട്ടിംഗിനിടെ സെറ്റിൽ വലിയൊരു അപകടം നടന്നു. ഒരു സീനെടുക്കവെ സ്റ്റണ്ട്മാന്റെ കാറിന്റെ നിയന്ത്രണം വിട്ടു. വണ്ടി ഇടിച്ച് ഐശ്വര്യക്കും നടൻ തുഷാർ കപൂറിനും പരിക്ക് പറ്റി. ഐശ്വര്യയെ ഉടനെ ആശുപത്രിയിലെത്തിച്ചു. വലിയ അപകടമാണ് അന്നുണ്ടായത്. എന്നാൽ അന്ന് മാധ്യമങ്ങൾ ഇത് വലിയ കാര്യമാക്കിയില്ല. നിസാരമായ പരിക്കുകളാണ് ഐശ്വര്യക്കെന്ന് റിപ്പോർട്ടുകൾ വന്നു. ഇത് അമിതാഭ് ബച്ചനെ ചൊടിപ്പിച്ചു.
ഇതിനെതിരെ പിന്നീട് സംസാരിക്കുകയുമുണ്ടായി. രണ്ട് ദിവസത്തേക്ക് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എന്റെ കൺമുന്നിലാണ് ഇത് നടന്നത്. ഐശ്വര്യയുടെ മുതുകിൽ കുപ്പിച്ചില്ലുകൾ കൊണ്ട് മുറിവേറ്റിരുന്നു. പാദങ്ങളുടെ പിൻഭാഗത്തെ എല്ലിന് പരിക്ക് പറ്റിയിരുന്നു. ഗുരുതരമായ പരിക്കുണ്ടായിട്ടും റിപ്പോർട്ട് ചെയ്യപ്പെട്ടത് നിസാരമാണെന്നാണെന്ന് അമിതാഭ് ബച്ചൻ അന്ന് ചൂണ്ടിക്കാട്ടി.

അപകടമുണ്ടായ സമയത്തെ സംഭവങ്ങളെക്കുറിച്ചും അമിതാഭ് ബച്ചൻ സംസാരിച്ചു. മകളെ മുംബൈയിലേക്ക് തിരിച്ച് കൊണ്ട് പോകണോ എന്ന് ഐശ്വര്യയുടെ അമ്മയോട് ചോദിച്ചു. അനിൽ അംബാനിയുടെ സ്വകാര്യ വിമാനം ഏർപ്പാടാക്കി. നാഷിക്കിൽ നൈറ്റ് ലാൻഡിംഗ് ഇല്ലാത്തതിനാൽ അനുമതി തേടി. ആശുപത്രിയിൽ നിന്നും 45 മിനുട്ട് അകലെയുള്ള മിലിട്ടറി ബേസിലാണ് വിമാനം ലാന്റ് ചെയ്തത്.
ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും മാധ്യമങ്ങൾ അപകട വാർത്ത നിസാരമായി കണ്ടെന്ന് അമിതാഭ് ബച്ചൻ അന്ന് വിമർശിച്ചു. മരുമകളായ ശേഷം സ്വന്തം മകളെ പോലെയാണ് അമിതാഭ് ഐശ്വര്യയെ കണ്ടതെന്ന് ജയ ബച്ചൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ബച്ചൻ കുടുംബത്തിൽ അസ്വാരസ്യങ്ങളെന്ന് അഭ്യൂഹമുണ്ട്.
താര കുടുംബത്തിലെ ആരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും അസ്വാരസ്യങ്ങൾ പൊതുവിടങ്ങളിൽ പ്രകടമാണെന്ന് ആരാധകർ പറയുന്നു. അടുത്തിടെ ആനന്ദ് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും ഒരുമിച്ചല്ല എത്തിയത്. ക്യാമറകൾക്ക് മുന്നിലും ഒന്നിച്ച് നിന്നില്ല. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും വന്നു. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വൻ വിജയം നേടിയ സിനിമയ്ക്ക് ശേഷം മറ്റൊരു ചിത്രത്തിലും ഐശ്വര്യ അഭിനയിച്ചിട്ടില്ല.


Click it and Unblock the Notifications