അസഭ്യം പറ്റില്ല; ചുവട് വെക്കാൻ മടിച്ച് അമിതാഭ് ബച്ചൻ; ഗാനരംഗം കണ്ട ജയ ബച്ചൻ പ്രതികരിച്ചതിങ്ങനെ
ഇന്ത്യൻ സിനിമയുടെ ചരിത്രം പേറുന്ന നടനാണ് അമിതാഭ് ബച്ചൻ. തലമുറകൾ പലത് കണ്ട ബച്ചൻ ബോളിവുഡിലെ ബഹുമാന്യനാണ്. വിനയത്തോടെയുള്ള പെരുമാറ്റം, വാർധക്യത്തിലും കരിയറിനോട് കാണിക്കുന്ന ആത്മാർത്ഥത, പുതുതലമുറയോടുള്ള തുറന്ന സമീപനം തുടങ്ങി പല ഘടകങ്ങൾ ബച്ചനെ വ്യത്യസ്തനാക്കുന്നു. വാർധക്യത്തിലും തന്റെ താരമൂല്യം നിലനിർത്താൻ അമിതാഭ് ബച്ചന് കഴിഞ്ഞു. 80 കാരനായ ബച്ചൻ ഇപ്പോഴും ബോളിവുഡിൽ പകരം വെക്കാനില്ലാത്ത താരമാണ്. ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായിരുന്നു ഒരു കാലത്ത് ബച്ചൻ.
ആംഗ്രി യംങ് മാൻ എന്നാണ് ആരാധകർ അന്ന് നടനെ സ്നേഹത്തോടെ വിളിച്ചത്. പ്രണയത്തിനും വിരഹത്തിനുമപ്പുറം ഇന്ത്യൻ സിനിമയിലെ നായകന് പുതിയ മുഖവും ഭാഗവും നൽകാൻ ബച്ചന് കഴിഞ്ഞു. ബച്ചനെക്കുറിച്ച് പറയാൻ സിനിമാ രംഗത്തുള്ളവർക്ക് നൂറ് നാവാണ്.

ബച്ചന്റെ പഴയ കാല സിനിമാക്കഥകൾ ആരാധകരറിയുന്നത് നടനൊപ്പം പണ്ട് പ്രവർത്തിച്ച അഭിനേതാക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നുമാണ്. ബച്ചനെക്കുറിച്ച് കൊറിയോഗ്രഫർ ചിന്നി പ്രകാശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 1990 ലെ ഹം എന്ന സിനിമയിൽ ബച്ചന്റെ ഗാനം രംഗം ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ്. ജുമ്മാ ചുമ്മാ എന്ന് തുടങ്ങുന്ന ഗാനം അക്കാലത്ത് വൻ ഹിറ്റായിരുന്നു.
എന്നാൽ ഈ ഗാനരംഗത്തിലെ ചില ആക്ഷനുകളോട് ബച്ചൻ മടി കാണിച്ചെന്നാണ് ചിന്നി പ്രകാശ് പറയുന്നത്. ഈ രംഗങ്ങൾ സഭ്യതയ്ക്ക് നിരക്കുന്നതാണോ എന്ന സംശയമായിരുന്നത്രെ ബച്ചന്. ഇവയിൽ മാറ്റം വരുത്താൻ ബച്ചൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഗാനത്തിന്റെ രസച്ചരടിന് ഇവ അത്യാവശ്യമാണെന്ന് ചിന്നി പ്രകാശ് കരുതി. ഒടുവിൽ ഈ രംഗങ്ങൾ ഷൂട്ട് ചെയ്യുകയും ചെയ്തു.
ഗാനത്തിന്റെ പ്രിവ്യൂ കണ്ട ബച്ചന്റെ ഭാര്യ ജയ ബച്ചന് ബച്ചന്റെ സ്റ്റെപ്പുകൾ ഇഷ്ടമായെന്നും ഇവ വൻ തോതിൽ ശ്രദ്ധിക്കപ്പെടുമെന്ന് അന്ന് അഭിപ്രായപ്പെട്ടതായും ചിന്നി പ്രകാശ് ഓർത്തു. ഈ സ്റ്റെപ്പുകൾ നീക്കം ചെയ്യേണ്ടെന്ന് ജയ ബച്ചൻ അന്ന് നിർദ്ദേശിക്കുകയും ചെയ്തത്രെ.
സഭ്യമല്ലാത്ത പദപ്രയോഗങ്ങൾ സിനിമകളിൽ പറയാൻ ബച്ചന് താൽപര്യമില്ല. സൂപ്പർ താരത്തോടൊപ്പം തന്നെ നല്ല കുടുംബസ്ഥനുമാണ് ബച്ചൻ. തിരക്കുകൾക്കിടയിൽ തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ബച്ചന് ഇഷ്ടമാണ്. കുടുംബത്തോടൊപ്പമുള്ള എല്ലാ ആഘോഷങ്ങളിലും നടൻ പങ്കു ചേരാറുണ്ട്. ബച്ചന്റെ സ്വഭാവ രീതിയിൽ നിന്നും തീർത്തും വ്യത്യസ്തയാണ് ജയ ബച്ചൻ. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന ജയ ബച്ചൻ മുൻകോപക്കാരിയാണെന്ന് ബി ടൗണിൽ പൊതുവെ അഭിപ്രായമുണ്ട്.

പാപ്പരാസികളെ മാധ്യമങ്ങളോട് രൂക്ഷ ഭാഷയിലാണ് ജയ ബച്ചൻ പ്രതികരിക്കാറുള്ളത്. തന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നത് ക്ഷമിക്കില്ലെന്നാണ് ജയ പറയുന്നത്. പലപ്പോഴും ജയ ബച്ചന്റെ പെരുമാറ്റം വിമർശിക്കപ്പെടാറുമുണ്ട്. ബോളിവുഡിൽ എപ്പോഴും ചർച്ച വിഷയമാണ് ബച്ചന്റെ കുടുംബ ജീവിതം. ഇത് ചെറുതല്ലാത്ത അലോസരം ജയ ബച്ചനുണ്ടാക്കുന്നുണ്ട്. വിവാഹത്തിന് മുമ്പേ തന്നെ ബച്ചനെയും നടി രേഖയെയും ചേർത്ത് നിരവധി ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇപ്പോഴും ഇത് തുടരുന്നു.
1973 ലാണ് അമിതാബ് ബച്ചനും ജയയും വിവാഹം കഴിക്കുന്നത്. ഇരുവരും കുറച്ച് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം കുടുംബ കാര്യങ്ങളിലേക്ക് തിരിഞ്ഞ ജയ സിനിമയിൽ നിന്ന് പിൻമാറി. പിന്നീട് നാളുകൾക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. നിലവിൽ പ്രൊജക്ട് കെ എന്ന സിനിമയിലാണ് അമിതാഭ് ബച്ചൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പ്രഭാസാണ് സിനിമയിലെ നായകൻ.


Click it and Unblock the Notifications