'ബച്ചന്റെ പാർട്ടിക്ക് പോയപ്പോൾ ഐശ്വര്യ എന്നോട് പെരുമാറിയതിങ്ങനെ; ആളുകൾ കരുതുന്നത് പോലെയല്ല അവർ'
ഐശ്വര്യ റായുടെ സ്വകാര്യ ജീവിതമാണ് ബോളിവുഡിൽ ഇപ്പോൾ പ്രധാന ചർച്ചാ വിഷയം. ഭർത്താവ് അഭിഷേക് ബച്ചനും കുടുംബവുമായി ഐശ്വര്യക്ക് പ്രശ്നങ്ങളുണ്ടെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ താര കുടുംബത്തിനിടയിൽ ഈ അകൽച്ച പ്രകടമായിരുന്നു. കരിയറിലെ വലിയ അവസരങ്ങൾ വേണ്ടെന്ന് വെച്ചാണ് ഐശ്വര്യ റായ് കുടുംബ ജീവിതത്തിലേക്ക് കടന്നത്. അമ്മയായതിന് ശേഷം ചുരുക്കം സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുമുള്ളൂ.
മകളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഐശ്വര്യയാണെന്നും അതുകൊണ്ടാണ് തനിക്ക് കരിയറിലേക്ക് പൂർണ ശ്രദ്ധ നൽകാൻ കഴിയുന്നതെന്നും അഭിഷേക് ബച്ചൻ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. അമ്മയായ ശേഷം വന്ന ഇടവേള കഴിഞ്ഞ് ഐശ്വര്യ റായ് അഭിനയിച്ച സിനിമകളിൽ ഒന്നാണ് 2017 ൽ പുറത്തിറങ്ങിയ ഏ ദിൽ ഹെ മുശ്കിൽ. സിനിമ മികച്ച വിജയം നേടി. രൺബീർ കപൂർ, അനുഷ്ക ശർമ്മ, ഐശ്വര്യ റായ്, ഫവദ് ഖാൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.

ഐശ്വര്യ റായിക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച് അനുഷ്ക ശർമ്മ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അവർക്കൊപ്പം എനിക്ക് ഒരു സീനുണ്ടായിരുന്നു. ഐശ്വര്യയെ കണ്ടപ്പോൾ എനിക്ക് ടിപ്പിക്കൽ റിയാക്ഷൻ ആണുണ്ടായത്. എന്റെ മേക്കപ്പ് റൂമനപ്പുറത്താണ് അവരുള്ളത്. ഡോർ തുറന്നപ്പോൾ എനിക്ക് അവരെ പോയി കാണാൻ പോയി. എന്നെ കണ്ട് അവർ ഹായ് വരൂ എന്ന് പറഞ്ഞു. അകത്ത് കയറി ഞങ്ങൾ സംസാരിച്ചു.
പലരും കരുതുന്നതും കേൾക്കുന്നതും അവർ വളരെ ക്ലോസ്ഡ് ആയ വ്യക്തിയാണെന്നാണ്. പക്ഷെ അവർ വളരെ സ്നേഹമുള്ള വ്യക്തിയാണ്. ഐശ്വര്യയെ ആദ്യമായി കാണുന്നത് വിദേശത്ത് വെച്ച് നടന്ന ഒരു അവാർഡ് ഷോയ്ക്കാണ്. ബച്ചന്റെ ഒരു പാർട്ടി അവിടെ നടക്കുന്നുണ്ടായിരുന്നു. അവിടെ പോയപ്പോൾ ഐശ്വര്യ എന്നോട് വളരെ നല്ല രീതിയിൽ പെരുമാറി. എന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു.

അവർക്കതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഏ ദിൽ ഹെ മുഷ്കിലിന്റെ സെറ്റിൽ താനും രൺബീറും ഐശ്വര്യയുടെ ഭംഗി കണ്ട് അത്ഭുതപ്പെട്ടിരുന്നെന്നും അനുഷ്ക ശർമ്മ തുറന്ന് പറഞ്ഞു. ചിത്രത്തിൽ നായികാ വേഷം ചെയ്തത് അനുഷ്കയാണ്. എന്നാൽ ഐശ്വര്യയുടെ കഥാപാത്രത്തിനും പ്രാധാന്യം ഉണ്ടായിരുന്നു. കരൺ ജോഹറാണ് ഏ ദിൽ ഹെ മുശ്കിൽ സംവിധാനം ചെയ്തത്.
ഐശ്വര്യ ഈ ചിത്രം ചെയ്യാൻ സമ്മതം പറഞ്ഞിരുന്നില്ലെങ്കിൽ തനിക്ക് മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നെന്ന് കരൺ ജോഹർ പറഞ്ഞിട്ടുണ്ട്. രൺബീറും അനുഷ്കയും ഇല്ലെങ്കിൽ പകരം ആളെ വെച്ച് ചെയ്തേനെ. പക്ഷെ ഐശ്വര്യ നോ പറഞ്ഞിരുന്നെങ്കിൽ തനിക്ക് പകരം ആളില്ലായിരുന്നു എന്നാണ് കരൺ ജോഹർ പറഞ്ഞത്. ചിത്രത്തിലെ ഐശ്വര്യയുടെയും രൺബീറിന്റെയും ഇന്റിമേറ്റ് രംഗങ്ങൾ ഏറെ ചർച്ചയായി. ഇന്നും ഈ സിനിമയ്ക്ക് ആരാധകർ ഉണ്ട്. പൊന്നിയിൻ സെൽവനാണ് ഐശ്വര്യ റായുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച വിജയം നേടിയ ചിത്രമാണിത്.


Click it and Unblock the Notifications